Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Wednesday, February 23, 2011

ഓര്‍മയില്‍ ഒരു പുലരി

നവോദയയിലെ പൂര്‍വ വിദ്യാര്‍ഥി അംജിത് അദേഹത്തിന്റെ "ഞാനും പിന്നെ ഈ ഞാനും "എന്ന ബ്ലോഗില്‍ എഴുതിയ നവോദയന്‍ ഓര്‍മ്മക്കുറിപ്പ്‌.നല്ല തണുപ്പുള്ള ഒരു ഡിസംബര്‍ മാസപ്പുലരി
നാലരയാകുന്നെയുള്ളൂ സമയം . കുന്നിന്മുകളിലെ ആദ്യത്തെ തണുപ്പ് കാലമായതു കൊണ്ടാവും, ശരീരം തണുപ്പിനോട് ഒരു നീക്കുപോക്കിനും തയ്യാറാവാനുള്ള മട്ടില്ല. തണുപ്പ് വല്ലാതെ അധികമായതായി തോന്നിയപ്പോഴാണ് ഉണര്‍ന്നത്.
പുതപ്പെടുത്തു തല വഴി മൂടി വീണ്ടും ഒന്ന് ഉറങ്ങാന്‍ തുടങ്ങുംപോഴാണ്   ഓര്‍മ വന്നത് - ബക്കെറ്റ്  മെസ്സിനടുത്തുള്ള പൈപ്പിന്റെ ചുവട്ടിലാണുള്ളത് . രാത്രിയില്‍ വെള്ളം പിടിയ്ക്കാന്‍ കൊണ്ട് വെച്ചതാണ്.

നവോദയയില്‍ പഠിക്കുന്ന പത്തു-നാനൂറു ആണ്‍കുട്ടികള്‍ക്ക് രണ്ടു ബക്കെറ്റ് വെള്ളം പിടിക്കാന്‍ ആകെ രണ്ടേ രണ്ടു പൈപ്പേ ഉള്ളൂ. ഒരെണ്ണം തിലക് ഹൌസിനടുത്തു മെസ്സിലേക്ക് പോകുന്ന വഴിയിലും മറ്റൊന്ന് ഗേള്‍സ്‌ ഹോസ്റെലിനു എതിരിലായി പണി തീരാതെ കിടക്കുന്ന സ്റ്റാഫ്‌ കോട്ടേഴ്സിനടുത്തും. നൂല് പോലെ വരുന്ന വെള്ളത്തിനു വേണ്ടി രാത്രി പതിനൊന്നു മണിക്കുമുണ്ടാവും പൈപ്പിന്റെ ചുവട്ടില്‍ ഒരു പത്ത്-പതിനഞ്ചു പേര്‍ ബക്കറ്റുമായി. തലേന്ന് രാത്രിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. പതിനൊന്നു മണിക്ക് വാച്ച്മാന്‍ കോയാക്ക വന്നു ഹോസ്റ്റെലിലേക്ക്  പറഞ്ഞയച്ചപ്പോഴാണ് അവിടെ നിന്നും പോന്നത്. ബക്കെറ്റ് അവിടെ തന്നെ ഇരിക്കട്ടെ എന്ന് കരുതി. ഈ വരി രാവിലെയും അവിടെ ഇത് പോലെ തന്നെ ഉണ്ടാവും എന്ന് ഉറപ്പാണ്.  വെളുപ്പിന് ഒരു അഞ്ചു മണിക്ക് കൊണ്ട് വെക്കാം എന്ന് വെച്ചാല്‍ ഒരു പാട് പുറകിലായി പോവും.

തല വഴി പുതച്ച പുതപ്പു കാലും കൈയും കൊണ്ട് നിമിഷനേരം കൊണ്ട് ഒഴിവാക്കി നേരെ വച്ച് പിടിച്ചു പൈപ്പിന്റെ ചുവട്ടിലേക്ക്‌. ടാഗോര്‍ ഹൌസിന്റെ അരികിലെതിയപ്പോഴേ കണ്ടു, നാലഞ്ചു പേര്‍ ഈ നേരത്തെ അവിടെ നില്‍ക്കുന്നുണ്ട്. മെസ്സിലേക്ക് വെള്ളം തുറന്നു വിട്ടിരിക്കും. എങ്കില്‍ അഞ്ചെ മുക്കാലിന് പീറ്റിക്ക് പോകുന്നതിനു മുന്‍പേ വെള്ളം പിടിച്ചു വെക്കാം. ധിറുതിയില്‍ വേഗം നടന്നു. 

ആദ്യം നോക്കിയത് ബക്കെറ്റ് അവിടെ തന്നെ ഇല്ലേ എന്നാണ്. ഒരാഴ്ച മുന്‍പ് ഒന്ന് കാണാതെ പോയിട്ട് നാല് ഹോസ്റ്റെലിലും കയറി ഇറങ്ങി കുറെ തിരഞ്ഞിട്ടാണ് കഴിഞ്ഞ ദിവസം കണ്ടു പിടിച്ചത്. പെയിന്റ് കൊണ്ട് പേരെഴുതിയിട്ടുണ്ട് എങ്കിലും ഒരു കാര്യവും ഇല്ല. മിടുക്കന്മാര്‍ അതെല്ലാം മായിച്ചു കളഞ്ഞു കോമ്പസ് കൊണ്ട് അവരുടെ പേര് എഴുതി വെക്കും. വല്ല സീനിയെഴ്സുമാണ് കൊണ്ട് പോയതെങ്കില്‍ തിരിച്ചെടുക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ വായിലുള്ളത് മുഴുവന്‍ കേള്‍ക്കുകയും വേണം.

ഭാഗ്യം, വെച്ച സ്ഥലത്ത് നിന്നും  നാലഞ്ചു ബക്കെറ്റ് പുറകിലോട്ടു നീങ്ങിയിട്ടുണ്ടെങ്കിലും സാധനം അവിടെ തന്നെയുണ്ട്‌. ഒരു ചേട്ടന്‍ പൈപിനു താഴെ വെച്ച് യുണിഫോം ഷര്‍ട്ട് കഴുകുകയാണ്. ഇപ്പോള്‍ കഴുകിയിട്ട് പീറ്റി കഴിഞ്ഞു വന്നു അയണ്‍ ചെയ്തു ഉണക്കാനായിരിക്കും. എന്തായാലും അയാള്‍ക്ക്‌ ഇത് വെള്ളം പിടിച്ചു മാറി നിന്ന് ചെയ്തു കൂടെ?. ആകെ കുറച്ചു നേരമേ വെള്ളം വരൂ.. അതിന്റിടയ്ക്ക് ഈ ചേട്ടന്മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും? ആഹ്, മൂന്നു കൊല്ലം മുന്‍പ് നവോദയയില്‍ ചേര്‍ന്നതിന്റെ അഹങ്കാരം കാണിക്കുകയായിരിക്കും.


ഹോസ്റ്റലില്‍ ലൈറ്റ് തെളിഞ്ഞു തുടങ്ങി. ഇപ്പൊ വരും ഓരോ സീനിയേഴ്സ് ടാങ്ക് പോലത്തെ ഓരോ ബക്കേട്ടുമായി. അവന്മാര്‍ ഒറ്റ ഒരുത്തന്‍ പോലും വരിയില്‍ നില്‍ക്കില്ല. ഇടയില്‍ കേറി വെള്ളം പിടിക്കാനുള്ള അവകാശം ജനിച്ചപ്പോഴേ തീറെഴുതി കൊടുത്തതാണെന്ന് തോന്നുന്നു. ഇവിടെ മാത്രമല്ല, മെസ്സില്‍ ഭക്ഷണം മേടിക്കാന്‍ വരി നില്‍ക്കുമ്പോഴും ഇത് തന്നെ സ്ഥിതി. സാറുംമാരോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.   ഇവരുടെ ഈ ഇടയില്‍ കേറ്റം കാരണം നമ്മളെങ്ങാനും ഒന്നോ രണ്ടോ മിനിറ്റ് വൈകി പീറ്റിക്കോ, ക്ലാസ്സിലോ ചെന്നാല്‍ അന്നേരം എല്ലാ സാറുമ്മാരും കൂടി കടിച്ചു കീറാന്‍ വരും. മിസ്സുമാരാണ് പിന്നെയും ഭേദം.  എന്റെ ക്ലാസ്സ്‌ ടീച്ചര്‍  പ്രേമവല്ലി മിസ്സോക്കെ എന്ത് സ്നേഹമായിട്ടാ പെരുമാറാര്. ആ സുരേഷ് സാറിനോക്കെ മിസ്സിനെ കണ്ടു പഠിച്ചൂടെ. എപ്പോ നോക്കിയാലും ഉണ്ടകണ്ണും, കപ്പടാ മീശയും, പേടിപ്പിക്കുന്ന പോലത്തെ ഒച്ചയും. സുരേഷ് സാറ് മാത്രമല്ല പീറ്റിക്ക് വരുന്ന പ്രസാദ് സാറും,  മലയാളം പഠിപ്പിക്കുന്ന താടി വെച്ച ശ്രീകുമാര്‍ സാറുമൊക്കെ കണക്കാ. കുട്ടികളെ തല്ലാന്‍ എന്തെങ്കിലും കാരണം കിട്ടാന്‍ കാത്തിരിക്കയാണ് എല്ലാം. കയ്യെടുത്താല്‍ മുഖത്തേ അടിക്കൂ. കഴിഞ്ഞ ആഴ്ച ഒന്‍പതിലെ ഒരു ചേട്ടനെ മെസ്സില്‍ വെച്ച് തല്ലുന്നത് കണ്ടു ശരിക്കും പേടി തോന്നി. ബാക്കി വന്ന ഭക്ഷണം കളയാന്‍ കൊണ്ട് പോയതിനാണത്രെ എല്ലാവരും വട്ടം നിന്ന് തല്ലിയത്. സയന്‍സ് പഠിപ്പിക്കുന്ന രാജശ്രീ മിസ്സ് മാത്രമേ മിസ്സുമാരില്‍ ഇങ്ങനെ അടിക്കാന്‍ വേണ്ടി നടക്കുന്നുള്ളൂ. ആ സുപ്രിയ ക്ലാസ്സില്‍ ശബ്ദമുണ്ടാക്കിയവരുടെ പേരെഴുതി കൊടുത്തതില്‍ ക്ലാസ്സ്‌ മുഴുവനും ഉണ്ടായിരുന്നു. ഒരു ദയയും ഇല്ലാതെ ഡെസ്കിന്റെ  മുകളില്‍ കയറ്റി നിര്‍ത്തി കാല്‍വണ്ണയ്ക്ക് അടിക്കുകയായിരുന്നു ദുഷ്ട. സുപ്രിയയ്ക്കും കിട്ടി അടി. എങ്കിലും അവള്‍ക്കു ഞാന്‍ വെച്ചിട്ടുണ്ട്. എന്നെങ്കിലും ഒരു ദിവസം എന്നോടും പറയും പേര് എഴുതാന്‍ . അന്ന് ഞാന്‍ അവളുടെ പേര് മാത്രം എഴുതി കൊടുക്കും.  
മെസ്സിന് പുറത്ത് ആഹാരം കളയാന്‍ ശ്രമിക്കുന്നത് തടയാനുള്ള സാറുമ്മാരുടെ വിജിലന്‍സ് സംഘം 

ആലോചിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല. എന്റെ ബക്കെറ്റ് ആണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്. സമയം എന്തായാവോ.? പീറ്റിക്ക് ചെല്ലാന്‍ സാറ് വിസിലടിക്കും . അപ്പോള്‍ കാണാം ഹോസ്റ്റലില്‍ ഉറങ്ങി കിടക്കുന്ന വീരന്മാരോക്കെ ചാടി എഴുന്നേറ്റു ഗ്രൌണ്ടിലേക്ക് പായുന്നത്.  ചിലരൊന്നും മുഖം പോലും കഴുകാറില്ല. അങ്ങനെ വരുന്നവരെ എളുപ്പം തിരിച്ചറിയാം. വായുടെ സൈഡില്‍ കോമ്പല്ല് മാതിരി ഒരു പാടുണ്ടാവും, ഉറങ്ങി കിടന്നപ്പോള്‍ വായില്‍ നിന്നും ഒഴുകി ഇറങ്ങിയതിന്റെ ശേഷിപ്പ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എങ്ങാനും വൈകിയാല്‍ , വൈകി എത്തിയവരെ മാറ്റി നിര്‍ത്തി സാറ് ഒരൊറ്റ പറച്ചിലാണ്  'ഗോ ഫോര്‍ ടെന്‍ റൌണ്ട്സ് ' എന്ന്. സാറിനു അങ്ങനെ പറയാം. സാറ് ഓടുന്നില്ലല്ലോ. ആ  പാറ നിറഞ്ഞു കിടക്കുന്ന ചെരിഞ്ഞ  ഗ്രൌണ്ടിലൂടെ ഓടുമ്പോള്‍ അറിയാം അതിന്റെ ദണ്ണം. ഗ്രൌണ്ട് ആണെങ്കില്‍ ഏക്കറു കണക്കിന് വ്യാപിച്ചു കിടക്കുന്ന ഒരു വലിയ പാറക്കെട്ടും.  പത്ത് റൌണ്ട് ഒക്കെ ഓടുംപഴേക്കും പകുതി ശവമായിട്ടുണ്ടാവും . അത് കഴിഞ്ഞു ചെല്ലുംപോഴാവും സാറിന്റെ വക അമ്പതു പുഷ് അപ്പും, അമ്പതു സിറ്റ് അപ്പുമൊക്കെ കിട്ടുന്നത്. അന്നത്തെ ദിവസം പിന്നെ ഒരു വൈക്കോല്‍ തുണ്ട് എടുത്തു പൊക്കാനുള്ള  ആരോഗ്യം പോലും ബാക്കിയുണ്ടാവില്ല.
അന്നത്തെ കീഴ്ക്കാം തൂക്കായ ഗ്രൌണ്ട് ഇന്ന് 

നിറഞ്ഞ രണ്ടു ബക്കെട്ടും രണ്ടു കയ്യിലും തൂക്കി സുഭാഷ് ഹൌസിലേക്ക് നടക്കുമ്പോഴാണ് തിലക് ഹൌസില്‍ നിന്നും റസീല്‍ വരുന്നതു  കണ്ടത്. കയ്യിലൊരു പുതപ്പും മടക്കി പിടിച്ചിട്ടുണ്ട്. റസീല്‍ ആറ്‌ ബീയിലും, ഞാന്‍ ആറ്‌ എയിലുമാണ് പഠിക്കുന്നത്. കണ്ട പാടെ റസീല്‍ ഒരു ചോദ്യം - "ചെങ്ങായിയെ, ജ്ജ് യോഗയ്ക്ക് വര്ണില്ലേ ?"
"ഇന്ന് തിങ്കളാഴ്ച ആണോ?"
"പിന്നല്ലാണ്ടേ, വൈകാന്‍ നിക്കണ്ട. ആ പ്രസാദ് സാററ്റെ അന്നേ കണ്ടാ തച്ചു കൊല്ലും "
"ഇപ്പ വരാം , ഈ വെള്ളമൊന്നു കൊണ്ട് വെച്ചോട്ടെ "
"ഇജ്ജു ബെറ്തനെ സമയം കളയണ്ട. യോഗ കഴിഞ്ഞു വരുംപളെക്കും അന്റെ വെള്ളോം ബക്കെട്ട്വോക്കെ സീനിയേഴ്സ് കൊണ്ടോയിട്ടിണ്ടാവും. ഒക്കെ ശൈത്താന്മാരാ"

റസീല്‍  പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല. ബക്കെറ്റ്   നേരെ കൊണ്ട് പോയി  സുഭാഷ് ഹൌസിന്റെ പുറകിലെ വാഴയുടെ  ഇടയ്ക്കു ഒളിപ്പിച്ചു വെച്ച് ബെഡ് ഷീറ്റും  മടക്കി എടുത്തു യോഗയ്ക്ക് ഓടി. പറയാന്‍ മറന്നു. ആഴ്ചയില്‍ ഒരു ദിവസം യോഗ ക്ലാസ്സ്‌ ഉണ്ട് ഞങ്ങള്‍ക്ക്. ആറാം ക്ലാസിനു തിങ്കളാഴ്ച.ഏഴാം ക്ലാസിനു ചൊവ്വാഴ്ച എന്നിങ്ങനെ. സിദ്ധീക്ക് എന്നൊരു ചേട്ടനാണ് പഠിപ്പിക്കുന്നത്‌. ചിലപ്പോഴൊക്കെ പ്രസാദ് സാറും വരും. ഇന്നാണ് ആറാം ക്ലാസിനു നീക്കി വെച്ചിരിക്കുന്ന തിങ്കളാഴ്ച . നിലത്തു ഷീറ്റ് വിരിച്ചിട്ടു അതിന്റെ മുകളില്‍നിന്ന് ചെയ്യണം, ഒരു ഏഴെട്ടു തരം യോഗാസനങ്ങള്‍ .

സമയം തെറ്റാതെ യോഗ ക്ലാസ്സില്‍ എത്തിയെങ്കിലും മനസ്സ് മുഴുവന്‍ വാഴയുടെ പുറകില്‍ ഒളിപ്പിച്ച വെള്ളം നിറച്ചു വെച്ച ബക്കെട്ടില്‍ ആയിരുന്നു. ബക്കെട്ടിനെ  കുറിച്ച് ഓര്‍ത്തു കൊണ്ടിരുന്നത് കാരണം ചെയ്തത് മുഴുവന്‍ തെറ്റി. സൂര്യനമസ്കാരം തെറ്റിച്ചു ചെയ്തത് ജനലിനു പുറത്തു നിന്ന് നോക്കിയ സാറ് കണ്ടു. അതിനു രണ്ടടിയും സമ്മാനമായി കിട്ടി.

യോഗ ക്ലാസ്സ്‌ കഴിഞ്ഞതും ഷീറ്റും  എടുത്തു നേരെ ഓടി, ബക്കെറ്റ് വെച്ചിരിക്കുന്ന വാഴയുടെ അടുത്തേക്ക്. പക്ഷെ , റസീല്‍ പറഞ്ഞത് തന്നെ സംഭവിച്ചു. ബക്കെറ്റ് മാത്രമുണ്ട് വാഴ ചുവട്ടില്‍ . അതിലുണ്ടായിരുന്ന വെള്ളം നല്ലവരില്‍  നല്ലവനായ ഏതോ സീനിയര്‍ അടിച്ചു മാറ്റിയിരിക്കുന്നു. ആ മഹാത്മാവിന്റെ  ഏഴു തലമുറയ്ക്ക് ഇരുന്നും നിന്നും കിടന്നും അനുഭവിക്കാനുള്ള പ്രാക്കും മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ വീണ്ടും വെള്ളം പിടിക്കാനായി നടന്നു. 

ഇത്തവണ ഗേള്‍സ്‌ ഹോസ്റെലിന്റെ അടുത്തുള്ള പൈപ്പിന്നടുത്തെക്ക്. ഒരു നീണ്ട നിര തന്നെയുണ്ട്‌ വെള്ളം പിടിക്കാനായി. വീണ്ടും കഥ പഴയത് തന്നെ .. ഇടയില്‍ കേറാന്‍ വരുന്ന ചേട്ടന്മാരും. നിസ്സഹായ്യരായ അനിയന്മാരും , അസ്സംബ്ലിക്ക്  വൈകി ചെന്നാല്‍ കൊല വിളികാനായി കാത്തു നില്‍ക്കുന്ന സാറുമ്മാരും എല്ലാം..പഴയത് പോലെ തന്നെ. ഇത് നാളെയും ആവര്‍ത്തിക്കും എന്ന ഉറപ്പിന്മേല്‍ ഞാന്‍ ഒരു പ്രതിജ്ഞ എടുത്തു. ഇനി മേലില്‍ യോഗയുള്ള ദിവസം നേരത്തെ വെള്ളം പിടിച്ചു വെക്കില്ലെന്നു. അഥവാ പിടിച്ചാല്‍ തന്നെ കുളിച്ചിട്ടേ യോഗ ക്ലാസ്സില്‍ പോകുക ഉള്ളൂ എന്നും.

***************************************************************
***************************************************************
പിന്‍കുറിപ്പുകള്‍ : ഇത് ഏകദേശം പതിനഞ്ചു വര്‍ഷം മുന്‍പ് ഞാന്‍ ഉള്‍പ്പടെ ഉള്ള ഒരുപാട് ആണ്‍കുട്ടികള്‍ക്ക് ഉണ്ടായ അനുഭവം ആണ്. വായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അന്നത്തെ സാഹചര്യങ്ങള്‍ മനസ്സിലായില്ല എന്ന് വരാം. വെള്ളത്തിനു നല്ല ക്ഷാമം ഉള്ള ഒരു മൊട്ടക്കുന്നിന്റെ മുകളില്‍ ആയിരുന്നു എന്റെ നവോദയ വിദ്യാലയം. അന്ന് അവിടത്തെ ഏറ്റവും വില പിടിപ്പുള്ള വസ്തു  വെള്ളം ആയിരുന്നു. പില്‍ക്കാലത്ത്‌ വെള്ളം സംഭരിക്കാന്‍ വലിയ ഒരു ടാങ്കും, കുന്നിനു താഴെ കൂടി ഒഴുകുന്ന കടലുണ്ടി പുഴയില്‍ നിന്നും നേരിട്ട് വെള്ളം പമ്പ്‌ ചെയ്യാനുള്ള സജ്ജീകരണങ്ങളും എല്ലാം വന്നു. ഇന്ന് അവിടെ വെള്ളം അനാവശ്യമായി കളയുന്ന കുട്ടികളെ ആണ് കാണാന്‍ കഴിയുന്നത്‌. ജലക്ഷാമം ഉണ്ടെന്നു പറയപ്പെടുന്ന പാലക്കാടുള്ള എന്റെ കോളേജ് ഹോസ്റ്റലില്‍ പോലും അന്നത്തെ പോലെ വെള്ളത്തിന്റെ ദൌര്‍ലഭ്യം ഞാന്‍ അനുഭവിച്ചിട്ടില്ല.

ഹൌസ് എന്ന് വിളിച്ചിരിക്കുന്നത് ഞങ്ങളുടെ ഹോസ്റെലുകളെ ആണ്. പില്‍ക്കാലത്ത്‌ പര്‍വതനിരകളുടെ പേരായ ആരവല്ലി,നീലഗിരി,ഷിവാലിക്, ഉദയഗിരി എന്ന പേരില്‍ അറിയപ്പെട്ട അവയ്ക്ക് അന്നത്തെ പേര് മഹാന്മാരായ സി.വി.രാമന്‍ , ടാഗോര്‍ , സുഭാഷ് ചന്ദ്ര ബോസ് , ബാലഗംഗാധര തിലകന്‍ എന്നിവരുടെ പേരുകളില്‍ നിന്നും എടുത്ത രാമന്‍ , തിലക് , ടാഗോര്‍ , സുഭാഷ്‌ എന്നായിരുന്നു. സുഭാഷ് ഹൌസിലെ അന്തേവാസി ആയിരുന്നു ഞാന്‍ . നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന അര്‍ജുന്‍ തിലക് ഹൌസിലും.

പീറ്റി  അഥവാ പി.ഇ.ടി എന്ന ഫിസികല്‍ എജൂകെശന്‍ ആന്‍ഡ്‌ ട്രെയിനിങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നതാണ് കാലത്ത് അഞ്ചെ മുക്കാലിനുള്ള ഓട്ടവും ചാട്ടവും മേല്പറഞ്ഞ യോഗയും മറ്റും.  അന്നത്തെ ചെങ്കുത്തായ, പാറ നിറഞ്ഞു കിടന്നിരുന്ന ഗ്രൌണ്ട് ഇന്ന് അങ്ങനെയൊന്നുമല്ല കേട്ടോ. ഞാന്‍ പതിനൊന്നില്‍ പഠിക്കുമ്പോള്‍ തന്നെ അത് ഒരു നിലവാരമുള്ള മൈതാനമായി മാറി കഴിഞ്ഞിരുന്നു.

പഴയ പോലുള്ള സീനിയര്‍ - ജൂനിയര്‍ വകഭേദങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല. ഞങ്ങള്‍ക്ക് ശേഷവും അങ്ങനെയൊന്നു അവിടെ ഉണ്ടായിരുന്നു എന്നാണു പ്രവീണ്‍ എന്ന ഓലപ്പടക്കത്തിന്റെ 'രക്തസാക്ഷികള്‍ സിന്ദാബാദ് ' എന്ന പോസ്റ്റ്‌ സൂചിപ്പിക്കുന്നത്    

പെണ്‍കുട്ടികളും വെള്ളവും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയാത്തത് കൊണ്ടാണ് മുകളില്‍  അവരെ പറ്റി ഒന്നും പ്രസ്ത്താവിക്കാതിരുന്നത്. നവോദയക്ക് പുറത്തുള്ള കശുമാവിന്‍ തോട്ടം എനിക്ക് അവരെക്കാളും പരിചിതമായിരിക്കണം. എന്തെങ്കിലും അറിയണം എങ്കില്‍ വന്ദനയോട് ചോദിക്കാം.

അന്നുണ്ടായിരുന്ന അധ്യാപകരില്‍ നല്ലൊരു പങ്കും ഇന്ന് അവിടെയില്ല. സ്നേഹ നിധിയായ ഞങ്ങളുടെ പ്രേമവല്ലി മിസ്സ് ഇന്ന് സ്വര്‍ഗസ്ഥയാണ് .  ഞങ്ങളെ പഠിപ്പിച്ച മുക്കാല്‍ പങ്കു അധ്യാപകരും സ്ഥലം മാറ്റം കിട്ടി മറ്റു നവോദയകളിലേക്ക്  പോയി. ഒരു പരിചയവും ഇല്ലാത്ത കുറെ മുഖങ്ങള്‍ മാത്രമാണ് ഇന്ന് അവിടെ ചെന്നാല്‍ കാണാന്‍ കഴിയുക. എങ്കിലും ഇന്നും ഞങ്ങളെ അങ്ങോട്ട്‌ തിരിച്ചു വിളിക്കുന്ന ഒന്നുണ്ട് - മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ആ പൊക്കിള്‍ കൊടി ബന്ധം .

ഏല്ലാവര്‍ക്കും  നന്ദി, നമസ്കാരം
അന്നത്തെ ആറാം ക്ലാസ്സുകാര്‍ ഈ കഴിഞ്ഞ  ഒക്ടോബറില്‍ ഒരു   ഫുട്ബോള്‍ മത്സരത്തിനിടയില്‍

9 comments:

 1. പോസ്റ്റ് ഗൃഹാതുരമായിരുന്നു, ചുരുങ്ങിയപക്ഷം നമുക്ക് നവോദയക്കാര്‍ക്കെങ്കിലും. ഇന്നത്തെ അവസ്ഥ വളരേയേറെ മെച്ചമാണ്. ഇപ്പോള്‍ രണ്ട് വലിയ ടാങ്കുകളില്‍ എല്ലായ്പ്പോഴും വെള്ളം കാണും, പുഴയില്‍ നിന്നും നേരിട്ട് പമ്പ് ചെയ്യുകയാണ് ഇപ്പോള്‍.

  ReplyDelete
 2. ഇന്നലെ എന്ന പോലെ ഞാന്‍ എല്ലാം ഓര്‍ക്കുന്നു..ഹ്മം പലപ്പോളും ഒരു ലുങ്കിയും ആയിട്ടായിരുന്നു ഞാന്‍ ഓടിയിരുന്നത്.ഹോ ആ ശവാസനതിന്റെ സമയത്ത് മാഷിന്റെ പാട്ടും കേട്ടുരങ്ങാന്‍ എന്ത് രസം ആയിരുന്നു. അത് മാത്രമോ.. ഓര്‍മയില്ലേ നമ്മുടെ ബാട്ചിനു പനീഷ്മെന്റ്റ്‌ കിട്ടിയത്‌. രാവിലെയും വൈകീട്ടും സൂര്യ നമസ്ക്കാരം 35 എന്തായിരുന്നു. അന്നോടിയ ഒട്ടതിനും കണക്കില്ല. അങ്ങനെ ഓടി ഓടി നമ്മുടെ ബാട്ചിലെ മൂന്നു പേരല്ലേ ഇപ്പോള്‍ സുരക്ഷാ സേനയില്‍ ഉള്ളത്..എന്തായാലും നനായി മച്ചൂ..

  ReplyDelete
 3. Arjun..very nice post..I liked it..Which year did you get passed out from there?My batch also had troubles with water like this.And I remember everything just like it happened yesterday..Cant say such a beautiful childhood..but still nalla ormakalum undu.

  ReplyDelete
 4. ഹായ് അനോണിമസ്... ഇത് ഞാന്‍ എഴുതിയ പോസ്റ്റ്‌ അല്ല കേട്ടോ.. എന്റെ സഹപാഠിയും, സര്‍വോപരി കൂടുകാരനുമായ അംജിത് എഴുതിയതാണ്. പ്രിയ അംജിത് ആ ക്രെഡിറ്റ്‌ എന്റെ പേരില്‍ ഒരാള്‍ എഴുതിയതിനു മാപ്പ് ചോദിക്കുന്നു.ഈ അഭിപ്രായങ്ങളെല്ലാം തന്നെ നിന്റെ നല്ല എഴുതിനുല്ലതാണ്..ഞാന്‍ ഇത് മറ്റുള്ളവരിലേക്ക് എത്തിച്ചു എന്ന് മാത്രം..
  സുജോ ചേട്ടന്‍ ആണെന്ന് വിചാരിക്കുന്നു.. ഞാന്‍ അവിടെ നിന്നും 2000 ത്തില്‍ ഇറങ്ങി.ഒന്‍പതാം ബാച്ച് ആണ് നവോദയ മലപ്പുറത്തെ..ഇനിയും തുടര്‍ന്ന് വായിക്കുമല്ലോ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ ..സ്നേഹത്തോടെ അര്‍ജുന്‍

  ReplyDelete
 5. though our teachers may hav scolded us or beaten a lot, we all still love them and we recognize thier affection only when u go back to school to meet them....... mis u teachers..... and about d relation between girls and water, d spies from our class said they take bath occasionally and mostly at night, not at morning..........

  ReplyDelete
 6. very nicely penned one.... nothing to say, superb!I waz one of their immediet juniors.

  ReplyDelete
 7. അര്‍ജുനെട്ടനും അമ്ജാതെട്ടനും എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല...!!പക്ഷെ എനിക്ക് നിങ്ങളെയൊന്നും മറക്കാന്‍ പറ്റില്ല ...അര്‍ജുന്‍ ഏട്ടന്‍ എന്റെ ഹൌസില്‍ തന്നെയായിരുന്നല്ലോ !!!ഇങ്ങനെ ഒരു ബ്ലോഗ്‌ അതില്‍ ഇങ്ങനെ ചില പോസ്റ്റുകള്‍..എന്നെ വളരെ അതികം പിറകിലോട്ട് വലിക്കുന്നൂ ..ആ പഴയ നവോദയ അല്ല ഇന്ന്..ഒരുപാട് മാറി ,ഒരു സാധാരണ സ്കൂള്‍ മാത്രമായിപോയി ..!!!പറയാന്‍ എല്ലാവര്ക്കും കുറെ അനുഭവങ്ങള്‍ ഉണ്ട്..പ്രവീണിന്റെ 'രക്തസാക്ഷികള്‍ സിന്ദാബാദ് ' ഇലെ കുട്ടപ്പന്‍ ഈ ഞാന്‍ തന്നെയാണ്..!!!

  ....

  ReplyDelete
 8. അനൂപേ..ഫോട്ടോ കണ്ടപ്പോള്‍ ഓര്മ വന്നു. പക്ഷെ എന്റെ പേര് മാറ്റിയത് എനിക്ക് ഇഷ്ടമായില്ല. :)
  ഇങ്ങനെ എല്ലാവരെയും ഒന്ന് പുറകോട്ടു വലിക്കാനല്ലേ ഇതൊക്കെ എഴുതി വിടുന്നത്. വായിച്ച ഒട്ടുമിക്കവര്‍ക്കും ഇഷ്ടപ്പെട്ടു എന്നതില്‍ വളരെ സന്തോഷം . കുറെ പേരൊക്കെ നേരിട്ടും അഭിപ്രായം പ്രകടിപ്പിച്ചു. എല്ലാവര്ക്കും ഒരല്പം നോസ്ടല്ജിയ ഉണ്ടായതില്‍ ഞാന്‍ പെരുത്ത് സന്തോഷിക്കുന്നു.

  ReplyDelete
 9. കമെന്റ്റ്‌ ബോക്സ് നവോദയക്കാരുടെ സ്വന്തമാണോ..
  ഈ നവോദയ എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നത് ഇങ്ങനെയൊന്നുമായിരുന്നില്ല.
  ഏതായാലും അംജിത് അനുഭവം നന്നായെഴുതി,അര്‍ജുനിനും നന്ദി.

  ReplyDelete

Please do not forget to comment

Authors in this blog

 • Adarsh
 • Amjith.T.S
 • Anil Raj
 • Aravind
 • Arjun A Bhaskaran
 • Divya Gokul
 • Navodayan
 • Praveen
 • Shafeeq Sha
 • Shiljith
 • Syam Prasad
 • Vandana Mohandas