Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Monday, February 28, 2011

ലോകോത്തര നവോദയ പുസ്തക വേട്ട. സത്യവും, മിഥ്യയും..മൂന്നാം (അവസാന) ഭാഗം.


ഇതിന്റെ ഒന്നാം ഭാഗത്തിന് ഇവിടെ ക്ലിക്ക്  ചെയ്യുക  

ഇതിന്റെ രണ്ടാം ഭാഗത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക 








ബസ്‌ സ്റാണ്ടില്‍ വെച്ച് ഒരു കള്ളനെ കയ്യില്‍ കിട്ടുകയും ആദ്യമായി ഒരാള്‍ കൈ വക്കുകയും ചെയ്‌താല്‍ എന്ത് സംഭവിക്കും..അതിലെ പോകുന്നവരും വരുന്നവരും കൈ വെക്കും അല്ലെ. അത് തന്നെ ഇവിടെയും സംഭവിച്ചു. ആദ്യത്തെ അടി പൊട്ടിയതെ ഓര്‍മയുള്ളൂ. പിന്നെയങ്ങോട്ട് ചറ പറ അടിയായിരുന്നു. ഏറ്റവും വലിയ സാറന്മാര്‍ മുതല്‍ ചെറിയവര്‍ വരെ കൊതി തീരുവോളം തരിപ്പ് മാറ്റി. എന്റെ മുഖമൊക്കെ ചീര്‍ത്തു. കരച്ചില്‍ ഉണ്ടായിരുന്നതൊക്കെ ആദ്യത്തെ രണ്ടു മൂന്നു കൈ പതിയലില്‍ തീര്‍ന്നിരുന്നു.പിന്നെ അങ്ങോട്ട്‌ ആകെ തരിച്ച അവസ്ഥയില്‍ എന്ത് വേദന..?? എന്ത് എവിടെ നിന്ന് എന്നുള്ള ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു രൂപയ്ക്ക് പുറത്തു വാങ്ങാന്‍ കിട്ടുന്ന ജിജി ചിലമ്പിലിന്റെ പുസ്‌തകം. അത് കൊണ്ടൊന്നും അവര്‍ക്ക് ത്രിപ്തിയായില്ല. എന്നെ സഹായിക്കുന്ന (പുസ്‌തകം തന്നു) സീനിയര്‍മാരുടെ  പേരായിരുന്നു അവര്‍ക്ക് അറിയേണ്ടത്.   അങ്ങനെ ഒരു പേരില്ലാത്തത് കൊണ്ടും അവരെക്കാള്‍ നന്നായിട്ട് ഞാന്‍ സാഹിത്യം എഴുതുന്നത്‌ കൊണ്ടും ചൂണ്ടി കാണിക്കാന്‍ ഒരു പേരില്ലാതിരുന്നത് അടിയുടെ എണ്ണം കൂട്ടി.

ഏതായാലും അടിയുടെ ഇടിയുടെ പൂരം കഴിയുമ്പോള്‍ എന്റെ ക്ലാസ്സിലെ എന്നല്ല. എല്ലാ ആണ്‍കുട്ടികളും ഹോസ്റെലിലേക്ക് മാര്‍ച് നടത്തുന്നു.അപ്പോള്‍ ഒരു വന്‍ കടമ്പ കൂടി. ഇനി ഹോസ്റ്റലില്‍ നിന്നും കാണാം എന്നാ വാഗ്ദാനവുമായി സാറന്മാര്‍ എന്നെ വിട്ടയച്ചു.അങ്ങനെ ഞങ്ങള്‍ ഹോസ്റ്റലില്‍ എത്തി. ഗ്രില്ല്സ് എല്ലാം അടച്ചിട്ടിരിക്കുന്നു. തിലക് ഹൌസ് അതായത് എന്റെ ഹോസ്റ്റലില്‍ തന്നെ തുടക്കം. ഗണപതിക്ക്‌ തന്നെ തേങ്ങ അടിച്ചു വേണ്ടേ തുടങ്ങാന്‍ എന്ന് വിചാരിച്ചായിരിക്കും. എന്റെ വിങ്ങില്‍ അന്ന് ചെക്കിങ്ങിനു കേറിയവരില്‍  പ്രമുഖര്‍ ശ്രീകുമാര്‍ സര്‍ , സുരേഷ് സര്‍ , പിന്നെ സുരേന്ദ്രന്‍ പിള്ള സാര്‍ ..എന്നിവര്‍ ആയിരുന്നു. അങ്ങനെ ചെക്കിംഗ് തുടങ്ങി. ഓരോരുത്തരുടെയും പെട്ടികള്‍ തുറന്നു പരിശോധന തുടങ്ങി. എന്റെ പെട്ടി പരിശോധനയ്ക്ക്  വിധേയമാക്കി. രാഷ്ട്ര ദീപിക സിനിമയുടെ പുറകില്‍ എല്ലാ ആഴ്ചയും വരാറുള്ള " ഇന്നത്തെ ഗ്ലാമര്‍ " എന്ന പേജിലെ എല്ലാ അര്‍ദ്ധ നഗ്ന സുന്ദരിമാരുടെയും ചിത്രങ്ങള്‍ വൃത്തിയായി തുന്നി ഒരു പുസ്തക പരുവത്തില്‍ സൂക്ഷിച്ചിരുന്നത് അവര്‍ പിടിച്ചു.കൂടാതെ അല്ലറ ചില്ലറ നിരുപദ്രവകാരികളായ ലേഖനങ്ങളും.


അപ്പുറത്ത് സുരേന്ദ്രന്‍ പിള്ള സാറിന്റെ അലര്‍ച്ച.. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.ടുട്ടു മോന്റെ പെട്ടി പരിശോധനയില്‍ ആണ് സാര്‍ . പെട്ടി നിറയെ തുണിയാണ്. മുഷിഞ്ഞതും അല്ലാത്തതും. ടുട്ടു മോന്‍ നിന്ന് വിറക്കുകയാണ്. രാത്രി ഞങ്ങള്‍ കാണാതെ ഒളിപ്പിച്ചു വെച്ച ഗള്‍ഫ്‌ സുന്ദരികള്‍ അതിനടിയില്‍ കിടന്നു വീര്‍പ്പ് മുട്ടുന്നു.
" ആ തുണിയൊക്കെ ഈ വശത്തേക്ക് മാറ്റിയിടെടാ "

ടുട്ടു മോന്‍ പുസ്‌തകം അടക്കം കൂട്ടി പിടിച്ചു ഒരു വശത്തെക്കിടും.

"ഇപ്പുരതെക്കിടെടാ "..

അപ്പോളും അവന്‍ ഇത് തന്നെ ചെയ്യും. അവസാനം ദേഷ്യം പിടിച്ചു സുരേന്ദ്രന്‍ പിള്ള സാര്‍ അലറി.

" ഓരോന്നോരോന്നായി മാറ്റി പുറതെക്കിടടാ "..

നിക്കക്കള്ളിയില്ലാതെ ടുട്ടു മോന്‍ ഓരോന്നായി മാറ്റിയിടാന്‍ തുടങ്ങി .. ഏതോ ഒരു തുണി പുരതെതിയതും ടുട്ടു മോന്റെ മുഖത്ത് പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു..

ഓടിയെത്തിയ ശ്രീകുമാര്‍ സാര്‍ ഉച്ചത്തില്‍ നിലവിളിച്ചു.

" സുരേഷ് സാറേ ഇത് കണ്ടോ..ഇവന്മാരുടെ കയ്യില്‍ ..!!!

ഒരു പരുങ്ങലില്‍ ടുട്ടു മോന്‍ ഞങ്ങളെയൊക്കെ നോക്കി.ഞങ്ങള്‍ അറിയാതെ ആയിരുന്നല്ലോ ഇത്. എന്തായാലും ശ്രീകുമാര്‍ സാറിന്റെ അലര്‍ച്ച കേട്ട എല്ലാവര്‍ക്കും മനസിലാകും സാര്‍ ജീവിതത്തില്‍ ഇത് പോലൊന്ന് കണ്ടിട്ടില്ലെന്ന്. എന്തൊക്കെയായാലും സുരേഷ് സാര്‍ അതെടുത്തു കക്ഷത്തില്‍ തിരുകി.എന്നിട്ട് ഞങ്ങളെ നോക്കി പറഞ്ഞു.

" ഇതൊന്നും വായിക്കാനുള്ള പ്രായം ആയില്ല. ആകുമ്പോള്‍ വന്നു വാങ്ങിക്കോ "

അതും പറഞ്ഞു അവര്‍ പുറത്തേക്കു നടന്നു. എല്ലാ ഹൌസിലും തരികിടകള്‍ ഉണ്ടായിരുന്നെങ്ങിലും തിലകില്‍ നിന്നും രാമന്‍ ഹൌസില്‍ എത്തിയപ്പോളെക്കും എല്ലാം വളരെ വൃത്തിയിലും വെടുപ്പിലും മിടുക്കന്മാര്‍ ആക്കിയിരുന്നു. ചിലര്‍ ഭിത്തിയില്‍ മഴവെള്ളം താഴേക്കു പോകാന്‍ പിടിപ്പിച്ച പൈപ്പ് വഴി രണ്ടാം നിലയിലേക്ക് പിടിച്ചു കയറുകയും തങ്ങളുടെ പെട്ടികളില്‍ ഉണ്ടായിരുന്ന ആര്‍ ഡി എക്സ് പുറത്തേക്കു കടത്തുകയും ചെയ്തു എന്നത് ഐതീഹ്യം .അത് കൊണ്ട് തന്നെ റെയ്ഡ്‌ നടത്തിയ സാറന്മാര്‍ക്ക്‌ നിരാശ ആയിരുന്നു. 
നിരപരാധികള്‍ക്കും കണക്കിന് കിട്ടിയിരുന്നു അന്ന്. ടാഗോര്‍ ഹൌസില്‍ പരിശോധന നടക്കുമ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പാവം കുഞ്ഞുവിനോട്  (കുഞ്ഞുവിന്റെ അനുഭവം സ്വന്തം വരികളില്‍ എഴുതിയത് വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ )പെട്ടി തുറക്കുന്നതിനു മുന്‍പേ സാര്‍ ചോദിച്ചു.
 "നിന്റെയടുത്ത് വല്ല പുസ്തകവും ഉണ്ടോടാ ?? 

" ഉണ്ട് സാര്‍ ".. വളരെ നിഷ്കളങ്കമായ ഉത്തരം. 

ഉടന്‍ തന്നെ അടി പാര്‍സല്‍ ..

" ഇങ്ങോട്ടെടുക്കെടാ മുട്ടേന്നു വിരിഞ്ഞിട്ടില്ല അപ്പോളേക്കും നീയൊക്കെ ഒണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാനല്ലേ".

തനിക്കു കിട്ടിയ അടി എന്തിനാനെന്നറിയാതെ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ബാലരമയും, ബാലഭൂമിയും കുഞ്ഞു സാറന്മാര്‍ക്ക്‌ കൈ മാറി . ചാകര പ്രതീക്ഷിച്ച സാറന്മാര്‍ ഉണക്കമീന്‍ കണ്ടു തരിച്ചു നിന്നു.

" ഇതങ്ങു നേരത്തെ പറയാമായിരുന്നില്ലെടാ "..

മറുപടി കവിളില്‍ തലോടി നിന്ന പാവം കുഞ്ഞുവിന്റെ മൌനം ആയിരുന്നു. 
വൈകീട്ട്  ഹോസ്റെലിനു  മുന്‍പിലിട്ടു പിടിച്ച പുസ്തകങ്ങളെല്ലാം കൂട്ടിയിട്ടു തീയിട്ടു.

രാത്രി റോള് കോള്‍ കഴിഞ്ഞു എന്റെ വീടിനടുത്ത്‌ നിന്നും വരുന്ന പ്രസാദ് സാര്‍ വിളിച്ചു.
 "നീ ഇനി നല്ല കുട്ടിയാകുമെന്ന് ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഈ സംഭവം ഒന്നും വീട്ടില്‍ അറിയിക്കുന്നില്ല.പോയി കിടന്നുറങ്ങിക്കോ ."

അങ്ങനെ റൂമിലെത്തിയ എന്നോട് ടുട്ടു മോന്‍ ചോദിച്ചു.

" എടാ സുരേഷ് സാര്‍ പറഞ്ഞില്ലായിരുന്നോ പ്രായം ആകുമ്പോള്‍ ചെന്നാല്‍ ആ പുസ്‌തകം തിരിച്ചു തരാമെന്നു.എന്നിട്ട്  ഒരു ദയയുമില്ലാതെ എല്ലാം കത്തിച്ചു കളഞ്ഞു ദുഷ്ടന്മാര്‍ ."

അപ്പുറത്ത് നിന്നു രഘുവിന്റെ ശബ്ദം ഉയര്‍ന്നു കേട്ട്.

" ഡാ പൊട്ടാ അവരതെല്ലാം ഭദ്രമാക്കി വെച്ചിട്ടുണ്ട്. ഈ കത്തിച്ചു കളഞ്ഞതെല്ലാം റെയ്ഡില്‍ പിടിച്ച ബാലരമയും, ബാലമംഗളവും , പൂമ്പാറ്റയുമാ.."

ഉള്ളില്‍ മെല്ലെ ചിരിച്ചു ഞാന്‍ മെല്ലെ കൊതുക് വലയുടെ ഉള്ളിലേക്ക് മറഞ്ഞു..ഒരു സുഖ നിദ്രയിലേക്ക്. 

..................................................ശുഭം ..................................................


Sunday, February 27, 2011

ലോകോത്തര നവോദയ പുസ്തക വേട്ട. സത്യവും, മിഥ്യയും..രണ്ടാം ഭാഗം.


ഇതൊരു  തുടര്‍ച്ചയാണ്. അത് വായിക്കാന്‍ ഇവിടെ  ക്ലിക്കൂ.. 







സ്റ്റഡി ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോള്‍ ഏകദേശം രാത്രി എട്ടു മണി. ഹോസ്റെളിലെക്ക് ഒഴുകി നീങ്ങുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലൂടെ ഞാന്‍ മെല്ലെ ഊളിയിട്ടു നീങ്ങി.എന്റെ പിറകില്‍ ഒരു മേശയുടെ മുകളില്‍ നാലായി കീറിയ എന്റെ കൊച്ചു പുസ്തകം കൃത്യമായി അടുക്കി ചേര്‍ത്ത് വായിക്കുകയായിരുന്നു ശ്രീകുമാര്‍ സാര്‍ .




"എന്റെ ഹൃദയത്തില്‍ കൊട്ടിയ പെരുംബരകള്‍ക്ക് അസെമ്ബ്ലിക്ക് കൊട്ടുന്ന ബാണ്ടിനോളം ഒച്ചയുണ്ടായിരുന്നു. മെസ്സില്‍ എത്തിയിട്ടും ഭക്ഷണം ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. ആകെ ഒരു സംഘര്‍ഷാവസ്ഥ. അങ്ങനെ അതും കഴിഞ്ഞു. ഇനി ഒരു കടമ്പ കൂടി ബാക്കിയുണ്ട് . റോള് കോള്‍ . എന്നും കിടക്കുന്നതിനു മുന്‍പ് എല്ലാവരും ഹോസ്റ്റലില്‍ ഉണ്ടോ അതോ ചാടിപോയോ എന്നൊക്കെ അറിയാന്‍ വരി നിര്‍ത്തി എണ്ണുന്ന ഒരു ഏര്‍പ്പാട്‌. സാധാരണ അത് കഴിയുമ്പോള്‍ തെറ്റ് ചെയ്തവന്മാരെ വിചാരണയ്ക്ക് നിരത്തുന്ന ശീലം ആയിരുന്നു അവിടെ. സ്വാഭാവികം ആയും ഞാനും പ്രതീക്ഷിച്ചു. ഇപ്പൊ വരും വിളി.
"തിലക് ഹൌസിലെ അര്‍ജുന്‍ ഇവിടെ നില്‍ക്കണം."
മുട്ടൊക്കെ കൂട്ടിയിടിക്കാന്‍ തുടങ്ങിയിരുന്നു. സുരേഷ് സാറിന്റെ കയ്യിന്റെ വലിപ്പവും , രമേശന്‍ സാറിന്റെ ഉയരവും ആലോചിച്ചപ്പോള്‍ തന്നെ മൂത്രം വരെ പോകുമെന്ന സ്ഥിതി വിശേഷം വന്നു. റോള് കോള്‍ കഴിഞ്ഞിട്ടും ആരും എന്നെ മൈന്‍ഡ് ചെയുന്നില്ല. പരമുവിനെയും. സമാധാനം.എന്റെ പോയ സന്തോഷമൊക്കെ തിരിച്ചു വന്നു. ജോളിയടിച്ചു ഹോസ്റെളിലേക്ക് നടന്നു. ഒരു പണി കിട്ടിയിട്ടും നന്നാവുന്ന ലക്ഷണമൊന്നും ഏതായാലും കുഞ്ഞു ബുദ്ധിയില്‍ ഉണ്ടായില്ല. മറിച്ച് അതിലും വലിയ ഒരു സാഹസം ആണ് അന്ന് ഞങ്ങളുടെ ഹോസ്റ്റലില്‍ അരങ്ങേറിയത്‌. അത് പറയണമെങ്കില്‍ ഈ കഥയില്‍ നിന്നും അല്പം ഒന്ന് മാറി സഞ്ചരിക്കണം.

ഏകദേശം, അതായത്‌ ഈ സംഭവങ്ങള്‍ നടക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഹോസ്റെലിനു പിറകു വശത്തുള്ള കശുമാവുകളില്‍ നിന്നും കശുമാങ്ങ ശേഖരിക്കാന്‍ പോയ തിലക് ഹൌസിലെ ടുട്ടുമോനും, രേഘുവും തിരിച്ചു വന്നത് ഞങ്ങളുടെ മഹാന്മാര്‍ ആയ സീനിയര്‍മാരില്‍ ആരോ പാറകെട്ടുകള്‍ക്കിടയില്‍ വിദഗ്ധമായി ഒളിപ്പിച്ചു വെച്ച ഒരുഗ്രന്‍ ഗള്‍ഫ്‌ പുസ്തകവുമായിട്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ "കുഞ്ഞു പുസ്തകം" മാത്രം കണ്ടു ശീലിച്ച ഞങ്ങള്‍ക്ക് ആദ്യമായി കിട്ടിയ ഒരു "വലിയ പുസ്തകം" ആയിരുന്നു അത്.നിറയെ സുന്ദരിമാരുടെ കളര്‍ ചിത്രങ്ങള്‍ നിറഞ്ഞ ഒരു പുസ്തകം. ഹോസ്റെലിന്റെ സ്ഥാപക സമയത്ത് ക്ലാസ്സ്‌ റൂം ആയി ഉപയോഗിച്ചിരുന്ന പഴയ കെട്ടിടത്തില്‍ ചുമരിന്റെ മുകളില്‍ ആയിരുന്നു ഞങ്ങള്‍ അത് സൂക്ഷിച്ചിരുന്നത്.എന്നും റോള് കോള്‍ കഴിഞ്ഞാല്‍ ടുട്ടു മോന്‍ അത് ഹോസ്റെളിലേക്ക് കൊണ്ട് വരും.പിന്നീട് കൊതുകുവല താഴ്ത്തിയിട്ടു എല്ലാരും കൂടി അതിനുള്ളിലേക്ക് നുഴഞ്ഞു കയറും.എനിട്റ്റ്‌ ഓരോ പേജുകളും ആസ്വദിച്ചു വായിക്കും. ഇതായിരുന്നു ഈ സംഭവം നടക്കുന്നത് വരെയുള്ള ദിന ചര്യ. എന്നാല്‍ സംഭവത്തിന്റെ അന്ന് ഈ പതിവ് മുടങ്ങി. എല്ലാവരിലും ഭയം പടര്‍ന്നിരുന്നു.അത് തന്നെ കാരണം.
"ഇന്ന് സ്ഥിതി ഏതായാലും മാറിയല്ലോ. സാറന്മാര്‍ നിരുപാധികം ക്ഷമിച്ചിരിക്കുന്നു. ഇപ്പോള്‍ മനസ് ശാന്തം ".
ഒരു പ്രശ്നം സോള്‍വ്‌ ആയതല്ലേ എന്തായാലും ഒന്ന് ആഘോഷിചെക്കാം എന്ന് ഒരാള്‍ തീരുമാനിച്ചു. മറ്റാരുമല്ല നമ്മുടെ ടുട്ടു മോന്‍ . ഇന്നലെയോ കണ്ടില്ല ഇന്നും കാണാതെ എങ്ങനെ ഉറങ്ങും. അന്ന് രായ്ക്കു രാമാനം നമ്മുടെ ടുട്ടു മോന്‍ ആരും അറിയാതെ സംഭവം എടുത്തു കൊണ്ട് ഹോസ്റ്റലില്‍ വന്നു. എല്ലാവരും ഉറങ്ങിയതിനു ശേഷം എല്ലാം എടുത്തു വെച്ച് നല്ല രീതിയില്‍ ആസ്വദിച്ചു എന്നിട്ട് സുഖ സ്വപ്‌നങ്ങള്‍ കണ്ടു കിടന്നുറങ്ങി.
പതിവ് പോലെ രാവിലെ പീ ടീ . കളി, കുളി , അസ്സെംബ്ലി, ക്ലാസ്. എല്ലാം ശാന്തം. ഏകദേശം പ്രഭാത ഭക്ഷണത്തിന്റെ സമയം.. ഞങ്ങളുടെ ക്ലാസിലും തൊട്ടടുത്ത ക്ലാസ്സിലും അതായത്‌ എട്ടാം ക്ലാസ് എ , ബി ക്ലാസ്സുകളില്‍ സാറന്മാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
" പെണ്‍കുട്ടികള്‍ എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റിനു പോയ്കോളൂ... ആണ്‍കുട്ടികള്‍ എല്ലാം ഇവിടെ നില്‍ക്കണം. അല്പം പണിയുണ്ട്. "
പെണ്‍കുട്ടികള്‍ പരസ്പരം നോക്കി പുറത്തേക്കു നടന്നകന്നു. ക്ലാസ്സില്‍ ഞങ്ങള്‍ മാത്രം .ചുരുക്കി പറഞ്ഞാല്‍ കിട്ടിയ സമാധാനം പോയികിട്ടി.
അല്പം കഴിഞ്ഞു ഒരാള്‍ ക്ലാസ്സിലേക്ക് വന്നു.
"അര്‍ജുനെ സാറന്മാര്‍ വിളിക്കുന്നുണ്ട് . പഴയ ഹോസ്റെലുകള്‍ നിന്നിരുന്ന സ്ഥലത്തുണ്ട്. വേഗം അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു."
ഞാന്‍ മെല്ലെ എല്ലാവരെയും നോക്കി. എന്നിട്ട് മെല്ലെ പുറത്തേക്കു നടന്നു.ദൂരെ നിന്നെ കണ്ടു. എല്ലാ സാറന്മാരും ഗ്രൗണ്ടില്‍ വട്ടത്തില്‍ നില്‍ക്കുന്നു. നടുവില്‍ നമ്മുടെ പാവം പരമുവും. ഒരു പക്ഷെ ആദ്യമായാവും ഒരു അറവു മാട് എന്നെ കൊന്നോളൂ എന്നും പറഞ്ഞു അറവുകാരന്റെ സമക്ഷതെക്ക് ചെല്ലുന്നത്. ഞാന്‍ അടി വെച്ച് അടിവെച്ചു നീങ്ങി.. കാലുകള്‍ നിലതുരയ്ക്കുന്നില്ല..ആകെ പാടെ ഒരു മന്ദത..മുപ്പത്തി മുക്കോടി ദൈവങ്ങളെയും മനസാ ധ്യാനിച്ച്‌ ഞാന്‍ മെല്ലെ ചക്രവ്യൂഹത്തില്‍ പ്രവേശിച്ചു..
നീയാണീ നവോടയയിലെ മുഴുവന്‍ കുട്ടികളെയും കേടു വരുതന്ന്ത്‌ അല്ലേടാ.."
മുഴുവന്‍ കേള്‍ക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പേ സുരേഷ് സാറിന്റെ പോത്തന്‍ കൈ എന്റെ കൈ എന്റെ ചെകിട്ടത്ത് പതിച്ചിരുന്നു...!!


തുടരും.....





Saturday, February 26, 2011

ലോകോത്തര നവോദയ പുസ്തക വേട്ട. സത്യവും, മിഥ്യയും..ഒന്നാം ഭാഗം.

കുഞ്ഞു കഥകള്‍ എന്നബ്ലോഗില്‍ ഞാന്‍ എഴുതുന്ന കൊച്ചു കഥകള്‍ ഞാന്‍ നിങ്ങള്‍ക്കായി  സമര്‍പ്പിക്കുന്നു.കുഞ്ഞുകഥയില്‍  പോകേണ്ടവര്‍ക്ക് ഇവിടെ ക്ലിക്കാം







അങ്ങനെ ആദ്യമായി ഞാനും ഒന്ന് പരീക്ഷിക്കാം എന്ന് വിചാരിച്ചു..എന്താണെന്നല്ലേ " കഥ എഴുത്ത് തന്നെ ".അപ്പൊ എന്നെ അറിയാതവര്‍  ചോദിക്കും ..
" അര്‍ജുനോ  കഥയെഴുതോ ??

അറിയുന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും..

 "ഹും അവനോ നിക്കറിട്ടു മൂക്കട്ട ഒളിപ്പിച്ചു നടന്ന സമയത്തെ വാല്സ്യായനം രചിച്ചവനാ അവന്‍ ..!!

അവരെ പറഞ്ഞിട്ടെന്തു കാര്യം എന്നെ പറഞ്ഞാല്‍ മതിയല്ലോ. കുട്ടിയായിരിക്കുംബോലെ വായന കൂടിയാല്‍ പലര്‍ക്കും സംഭവിക്കാവുന്നതെ എനിക്കും സംഭവിച്ചുള്ളൂ.
അപ്പോള്‍ എന്റെ കഥ ഞാന്‍ പറയാം എന്താ..



" ആംഗലേയ വര്ഷം 1998"
ഞാന്‍ ഒരു ഹോസ്റ്റലില്‍ പഠിക്കുന്നു. എന്റെ എട്ടാം ക്ലാസ്‌ . ആറാം ക്ലാസ്സില്‍ വീട്ടുകാര്‍ നവോദയ ബാങ്കില്‍ ഫിക്സഡ് ടെപോസിറ്റ്‌ ആയി തുടങ്ങിയ എണ്‍പത്‌ അക്കൌണ്ടുകളില്‍ ഒരാള്‍ .എല്ലാ ഞായര്‍ ആഴ്ചകളിലും ബെഡ് വെയില് കൊള്ളിക്കാന്‍ ആയി പുറത്ത്‌ ഇടുന്ന ഒരു പതിവുണ്ടായിരുന്നു.അന്നെ ദിവസം രസം കൊല്ലിയായി കഥയെഴുത്ത്‌ എന്നാ പരിപാടിയും കൂടെയുണ്ട്.ഒരു പറ്റം വിദ്യാര്‍ഥികള്‍ തന്നെ ഈ എഴുത്തുമായി രംഗത്ത് ഉണ്ടായിരുന്നു. കഥ, കവിത, കൊച്ചു പത്രങ്ങള്‍, അങ്ങനെ അങ്ങനെ പോകും ലിസ്റ്റ്. 
എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിക്കുന്ന ഒരു കഥ അല്ലെങ്ങില്‍ ലേഖനം തപ്പി നടക്കുംബോലാണ്. അപ്രതീക്ഷിതം ആയി ഒരു "കൊച്ചു പുസ്തകം" കളഞ്ഞു കിട്ടുന്നത്. എഴുത്തുകാരന്‍ ഏതോ ഒരു ജിജി ചിലമ്പില്‍ .. എന്തായാലും പുള്ളിയെ എനിക്ക് "ക്ഷ" പിടിച്ചു.അഞ്ചു രൂപയുടെ പുസ്തകം അന്നത്തെ കാലത്തെ ഞങ്ങളുടെ ഇടുങ്ങിയ ജീവിതത്തെ പുളകം കൊള്ളിക്കുന്നതായിരുന്നു. ഏതായാലും ആ പൈങ്കിളി കലാകാരന്റെ തൂലികാ നാമം ഞാനങ്ങു ഏറ്റെടുത്തു. 

അന്ന് മുതല്‍ ഒരു കുഞ്ഞു നോട്ടു ബുക്ക്‌ വാങ്ങി ഞാന്‍ എഴുത്ത് തുടങ്ങി കഥയ്ക്കൊരു പേരുമിട്ടു. "വണ്‍സ് മോര്‍ പ്ലീസ്‌ " .ആദ്യത്തെ രണ്ടു ഭാഗങ്ങള്‍ എഴുതി. വായിക്കാന്‍ കൊടുത്തവര്‍ നല്ല രീതിയില്‍ തന്നെ പ്രോല്‍സാഹിപ്പിച്ചു.
"കിടു മോനെ.. ബാക്കി ബാക്കി...."
ചിലര്‍ പിന്നീട് ഓരോ ഭാഗം എഴുതുംപോളും ഫര്സ്റ്റ്‌ ബുക്ക്‌ഡ ...വരെ അടിച്ചു തുടങ്ങി.അങ്ങനെ എന്നിലെ കലാകാരന്‍ വളര്‍ന്നു പന്തലിച്ചു.എഴുത്തിന്റെ വിന്യാസ രീതിക്ക് മാറ്റം വന്നു. കുട്ടിത്തം വിട്ടു..പകരം നല്ല എരിവും പുളിയും ആവശ്യതിലതികം തന്നെ കയറി തുടങ്ങി.അന്ന് നിലവില്‍ ഉണ്ടായിരുന്ന രാത്രി ക്ലാസ്സില്‍ നിര്‍ബന്ധം ആയും ചിലവാക്കെണ്ടിയിരുന്ന പഠന സമയത്തും ഇത് തന്നെയായി പരിപാടി.

ഈ കഥയോടൊപ്പം മറ്റു കലാകാരന്മാരും കഥയെഴുത്ത് തുടങ്ങിയിരുന്നു. രാമന്‍ ഹൌസിലെ രാമു, സുഭാഷ്‌ ഹൌസിലെ പരമു എന്നിവരായിരുന്നു പ്രധാനികള്‍ .അങ്ങനെ കഥകളുടെ എന്നാവും, പ്രേക്ഷകരുടെ എന്നാവും കൂടി വന്നു.ജീവിതത്തിന്റെ ഗതി നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലലോ. അത് തന്നെ ഇവിടെയും സംഭവിച്ചു.ഒരു ദിവസം ഒരു ഉച്ച നേരത് ക്ലാസ്സില്‍ ടീച്ചര്‍മാര്‍ ആരുമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ഞങ്ങളെ കണക്ക് പഠിപ്പിക്കുന്ന രമേശന്‍ സര്‍ കടന്നു വന്നു.

ഏറ്റവും പുറകിലെ ബെന്ചിലായിരുന്നു സുഭാഷ്‌ ഹൌസിലെ പരമു.എന്തോ കുരുത്തം കേട്ട നേരത്ത് അവനന്നു മുടി വെട്ടാന്‍ പോയി.ആ ഗ്യാപ്പില്‍ നമ്മുടെ പ്രിയ രമേശന്‍ സര്‍ പോയിരുന്നു.തൊട്ടിപ്പുറത്തെ സീറ്റില്‍ ഞാന്‍ . സാരിനൊരു ശീലം ഉണ്ട്. തല മെല്ലെ ഡിസ്ക്കില്‍ ചേര്‍ത്ത് കിടക്കും. എന്നിട്ട് കയ്യിലെ വാച്ചിന്റെ ഗ്ലാസിലൂടെ എല്ലാവരെയും നിരീക്ഷിക്കും. ഇന്നും അത് തന്നെ സംഭവിച്ചു.
സര്‍ മെല്ലെ കുനിഞ്ഞിരുന്നപ്പോള്‍ അതാ ഇരിക്കുന്നു മിസ്റര്‍ പരമു എഴുതിയ വന്‍ വാത്സ്യായന സൃഷ്ടി. സാര്‍ മെല്ലെ അതെടുത്ത്‌ വായിച്ചു തുടങ്ങി.അതിനു തൊട്ടു താഴെ ഞാന്‍ പരമുവിന് വായിക്കാന്‍ കൊടുത്ത കുറച്ചു ഭേദപെട്ട കഥകള്‍ . 
സാറിന്റെ മുഖവും ഭാവവും വായന തുടരുന്നതിനോടൊപ്പം മാരുന്നുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന എന്റെ ടെസ്കിനുള്ളില്‍ കിടന്നു എന്റെ " വണ്‍സ്  മോര്‍ പ്ലീസ്‌ " വിറയ്ക്കുന്നുണ്ടായിരുന്നു. സാര്‍ മെല്ലെ എണീറ്റു. എന്റെ പുസ്തകം പൊക്കി പിടിച്ചു. 
"ഇതാരാ എഴുതിയത്??
ഞാന്‍ മെല്ലെ എണീറ്റു നിന്നു.
അപ്പോളതാ പരമുവിന്റെ പേപ്പര്‍ സാര്‍ പൊക്കി പിടിക്കുന്നു. " ഇതോ "??
"അറിയില്ല സര്‍ "
സാര്‍ ഒന്നും പറഞ്ഞില്ല പുസ്തകവുമായി പുറത്തേക്ക മെല്ലെ നടന്നു നീങ്ങി.സാര്‍ പുറത്തേക്കു പോയതും ക്ലാസ്സില്‍ ആകെ ബഹളം. പുറത്ത്‌ അതിലും .. സാറന്മാരും ടീച്ചര്‍മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഇടയ്ക്ക് ചിലര്‍ വന്നു എന്നെ ഒരു മാതിരി നോട്ടം നോക്കി പോകുന്നു.
എന്റെ ചിന്ത അതൊന്നും ആയിരുന്നില്ല.എന്റെ ഈ മസാല നിറച്ച ബോംബ്‌ (കഥ )എന്ത് ചെയും. അതിനു തൊട്ടടുത്ത നിന്ന കൂട്ടുകാരന്‍ മറുപടി കണ്ടെത്തി.ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടപ്പുറത് "medicinal garden" എന്ന് ഞങ്ങള്‍ വിളിക്കുന്ന ,പച്ചമരുന്നുകള്‍ നാട്ടു പിടിപിച്ച സ്ഥലം ഉണ്ട്.അവന്‍ അത് വഴി വരും.ഞാന്‍ എന്റെ കഥ അവനു കൈ മാറണം.അവന്‍ അത് കീറി കുഴിച്ചിടും.
"അങ്ങനെ പെട്ടെന്ന് തന്നെ അവന്‍ ക്ലാസ്സിനു വെളിയിലെത്തി എന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങി നാലായി കീറി മണ്ണ് മാന്തി കുഴിച്ചിട്ടു.
"ഹാവൂ "..എന്റെ ശ്വാസം നേരെ വീണു.
ക്ലാസ് കഴിഞ്ഞു.ആരും ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. പതിവ് പോലെ കളി.., കുളി, ചായ കുടി അങ്ങനെ വീണ്ടും തിരിച്ചു ക്ലാസ്സില്‍ . എല്ലാം ശാന്തം. അന്നത്തെ രാത്രിയിലെ ക്ലാസ്സ്‌ മുറികളിലെ പഠനത്തിന്റെ നോട്ടച്ചുമതല മലയാളം അദ്ധ്യാപകന്‍ ശ്രീകുമാര്‍ സാറിനും . ഒരുപാട്  നേരം കഴിഞ്ഞിട്ടും എന്റെ തൊട്ടടുത്തുള്ള പരമുവിനെ കാണാന്‍ ഇല്ല. എനിക്കെന്തോ ചുമ്മാ അപകടം മണത്തു തുടങ്ങി. ഒരു ആറാം ഇന്ദ്രിയം.

 കുറച്ചു കഴിഞ്ഞപ്പോള്‍ ക്ലാസ്സിനു അപ്പുറത്ത് ഇരുട്ടില്‍ കരിയിലകളുടെ അനക്കം. മുന്‍പില്‍ പരമു..പിന്നില്‍ ഒരു പറ്റം സാറന്മാര്‍. ടോര്‍ച്ചടിച്ചു പരിശോധിക്കുന്നു. ഞാന്‍ ഞെട്ടി തരിച്ചു നില്‍ക്കുമ്പോള്‍ മെല്ലെ കുനിഞ്ഞിരുന്നു പരമു മണ്ണ് മാന്താന്‍ തുടങ്ങിയിരുന്നു. മെല്ലെ നാലായി കീറി എന്റെ സുഹൃത്ത്‌ മറവു ചെയ്ത എന്റെ "കൊച്ചു പുസ്തകത്തെ" അവന്‍ മാന്തിയെടുത്ത് ശ്രീകുമാര്‍ സാറിന് സമര്‍പിച്ചു.ചുരുക്കത്തില്‍ ഫ്യൂസ് പോയ ബള്‍ബ്‌ കണക്കായിരുന്നു എന്റെ അവസ്ഥ..


തുടരും.....



ഇതിന്റെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയുക..

Wednesday, February 23, 2011

ഓര്‍മയില്‍ ഒരു പുലരി

നവോദയയിലെ പൂര്‍വ വിദ്യാര്‍ഥി അംജിത് അദേഹത്തിന്റെ "ഞാനും പിന്നെ ഈ ഞാനും "എന്ന ബ്ലോഗില്‍ എഴുതിയ നവോദയന്‍ ഓര്‍മ്മക്കുറിപ്പ്‌.



നല്ല തണുപ്പുള്ള ഒരു ഡിസംബര്‍ മാസപ്പുലരി
നാലരയാകുന്നെയുള്ളൂ സമയം . കുന്നിന്മുകളിലെ ആദ്യത്തെ തണുപ്പ് കാലമായതു കൊണ്ടാവും, ശരീരം തണുപ്പിനോട് ഒരു നീക്കുപോക്കിനും തയ്യാറാവാനുള്ള മട്ടില്ല. തണുപ്പ് വല്ലാതെ അധികമായതായി തോന്നിയപ്പോഴാണ് ഉണര്‍ന്നത്.
പുതപ്പെടുത്തു തല വഴി മൂടി വീണ്ടും ഒന്ന് ഉറങ്ങാന്‍ തുടങ്ങുംപോഴാണ്   ഓര്‍മ വന്നത് - ബക്കെറ്റ്  മെസ്സിനടുത്തുള്ള പൈപ്പിന്റെ ചുവട്ടിലാണുള്ളത് . രാത്രിയില്‍ വെള്ളം പിടിയ്ക്കാന്‍ കൊണ്ട് വെച്ചതാണ്.

നവോദയയില്‍ പഠിക്കുന്ന പത്തു-നാനൂറു ആണ്‍കുട്ടികള്‍ക്ക് രണ്ടു ബക്കെറ്റ് വെള്ളം പിടിക്കാന്‍ ആകെ രണ്ടേ രണ്ടു പൈപ്പേ ഉള്ളൂ. ഒരെണ്ണം തിലക് ഹൌസിനടുത്തു മെസ്സിലേക്ക് പോകുന്ന വഴിയിലും മറ്റൊന്ന് ഗേള്‍സ്‌ ഹോസ്റെലിനു എതിരിലായി പണി തീരാതെ കിടക്കുന്ന സ്റ്റാഫ്‌ കോട്ടേഴ്സിനടുത്തും. നൂല് പോലെ വരുന്ന വെള്ളത്തിനു വേണ്ടി രാത്രി പതിനൊന്നു മണിക്കുമുണ്ടാവും പൈപ്പിന്റെ ചുവട്ടില്‍ ഒരു പത്ത്-പതിനഞ്ചു പേര്‍ ബക്കറ്റുമായി. തലേന്ന് രാത്രിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. പതിനൊന്നു മണിക്ക് വാച്ച്മാന്‍ കോയാക്ക വന്നു ഹോസ്റ്റെലിലേക്ക്  പറഞ്ഞയച്ചപ്പോഴാണ് അവിടെ നിന്നും പോന്നത്. ബക്കെറ്റ് അവിടെ തന്നെ ഇരിക്കട്ടെ എന്ന് കരുതി. ഈ വരി രാവിലെയും അവിടെ ഇത് പോലെ തന്നെ ഉണ്ടാവും എന്ന് ഉറപ്പാണ്.  വെളുപ്പിന് ഒരു അഞ്ചു മണിക്ക് കൊണ്ട് വെക്കാം എന്ന് വെച്ചാല്‍ ഒരു പാട് പുറകിലായി പോവും.

തല വഴി പുതച്ച പുതപ്പു കാലും കൈയും കൊണ്ട് നിമിഷനേരം കൊണ്ട് ഒഴിവാക്കി നേരെ വച്ച് പിടിച്ചു പൈപ്പിന്റെ ചുവട്ടിലേക്ക്‌. ടാഗോര്‍ ഹൌസിന്റെ അരികിലെതിയപ്പോഴേ കണ്ടു, നാലഞ്ചു പേര്‍ ഈ നേരത്തെ അവിടെ നില്‍ക്കുന്നുണ്ട്. മെസ്സിലേക്ക് വെള്ളം തുറന്നു വിട്ടിരിക്കും. എങ്കില്‍ അഞ്ചെ മുക്കാലിന് പീറ്റിക്ക് പോകുന്നതിനു മുന്‍പേ വെള്ളം പിടിച്ചു വെക്കാം. ധിറുതിയില്‍ വേഗം നടന്നു. 

ആദ്യം നോക്കിയത് ബക്കെറ്റ് അവിടെ തന്നെ ഇല്ലേ എന്നാണ്. ഒരാഴ്ച മുന്‍പ് ഒന്ന് കാണാതെ പോയിട്ട് നാല് ഹോസ്റ്റെലിലും കയറി ഇറങ്ങി കുറെ തിരഞ്ഞിട്ടാണ് കഴിഞ്ഞ ദിവസം കണ്ടു പിടിച്ചത്. പെയിന്റ് കൊണ്ട് പേരെഴുതിയിട്ടുണ്ട് എങ്കിലും ഒരു കാര്യവും ഇല്ല. മിടുക്കന്മാര്‍ അതെല്ലാം മായിച്ചു കളഞ്ഞു കോമ്പസ് കൊണ്ട് അവരുടെ പേര് എഴുതി വെക്കും. വല്ല സീനിയെഴ്സുമാണ് കൊണ്ട് പോയതെങ്കില്‍ തിരിച്ചെടുക്കാന്‍ ചെല്ലുമ്പോള്‍ അവരുടെ വായിലുള്ളത് മുഴുവന്‍ കേള്‍ക്കുകയും വേണം.

ഭാഗ്യം, വെച്ച സ്ഥലത്ത് നിന്നും  നാലഞ്ചു ബക്കെറ്റ് പുറകിലോട്ടു നീങ്ങിയിട്ടുണ്ടെങ്കിലും സാധനം അവിടെ തന്നെയുണ്ട്‌. ഒരു ചേട്ടന്‍ പൈപിനു താഴെ വെച്ച് യുണിഫോം ഷര്‍ട്ട് കഴുകുകയാണ്. ഇപ്പോള്‍ കഴുകിയിട്ട് പീറ്റി കഴിഞ്ഞു വന്നു അയണ്‍ ചെയ്തു ഉണക്കാനായിരിക്കും. എന്തായാലും അയാള്‍ക്ക്‌ ഇത് വെള്ളം പിടിച്ചു മാറി നിന്ന് ചെയ്തു കൂടെ?. ആകെ കുറച്ചു നേരമേ വെള്ളം വരൂ.. അതിന്റിടയ്ക്ക് ഈ ചേട്ടന്മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും? ആഹ്, മൂന്നു കൊല്ലം മുന്‍പ് നവോദയയില്‍ ചേര്‍ന്നതിന്റെ അഹങ്കാരം കാണിക്കുകയായിരിക്കും.


ഹോസ്റ്റലില്‍ ലൈറ്റ് തെളിഞ്ഞു തുടങ്ങി. ഇപ്പൊ വരും ഓരോ സീനിയേഴ്സ് ടാങ്ക് പോലത്തെ ഓരോ ബക്കേട്ടുമായി. അവന്മാര്‍ ഒറ്റ ഒരുത്തന്‍ പോലും വരിയില്‍ നില്‍ക്കില്ല. ഇടയില്‍ കേറി വെള്ളം പിടിക്കാനുള്ള അവകാശം ജനിച്ചപ്പോഴേ തീറെഴുതി കൊടുത്തതാണെന്ന് തോന്നുന്നു. ഇവിടെ മാത്രമല്ല, മെസ്സില്‍ ഭക്ഷണം മേടിക്കാന്‍ വരി നില്‍ക്കുമ്പോഴും ഇത് തന്നെ സ്ഥിതി. സാറുംമാരോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.   ഇവരുടെ ഈ ഇടയില്‍ കേറ്റം കാരണം നമ്മളെങ്ങാനും ഒന്നോ രണ്ടോ മിനിറ്റ് വൈകി പീറ്റിക്കോ, ക്ലാസ്സിലോ ചെന്നാല്‍ അന്നേരം എല്ലാ സാറുമ്മാരും കൂടി കടിച്ചു കീറാന്‍ വരും. മിസ്സുമാരാണ് പിന്നെയും ഭേദം.  എന്റെ ക്ലാസ്സ്‌ ടീച്ചര്‍  പ്രേമവല്ലി മിസ്സോക്കെ എന്ത് സ്നേഹമായിട്ടാ പെരുമാറാര്. ആ സുരേഷ് സാറിനോക്കെ മിസ്സിനെ കണ്ടു പഠിച്ചൂടെ. എപ്പോ നോക്കിയാലും ഉണ്ടകണ്ണും, കപ്പടാ മീശയും, പേടിപ്പിക്കുന്ന പോലത്തെ ഒച്ചയും. സുരേഷ് സാറ് മാത്രമല്ല പീറ്റിക്ക് വരുന്ന പ്രസാദ് സാറും,  മലയാളം പഠിപ്പിക്കുന്ന താടി വെച്ച ശ്രീകുമാര്‍ സാറുമൊക്കെ കണക്കാ. കുട്ടികളെ തല്ലാന്‍ എന്തെങ്കിലും കാരണം കിട്ടാന്‍ കാത്തിരിക്കയാണ് എല്ലാം. കയ്യെടുത്താല്‍ മുഖത്തേ അടിക്കൂ. കഴിഞ്ഞ ആഴ്ച ഒന്‍പതിലെ ഒരു ചേട്ടനെ മെസ്സില്‍ വെച്ച് തല്ലുന്നത് കണ്ടു ശരിക്കും പേടി തോന്നി. ബാക്കി വന്ന ഭക്ഷണം കളയാന്‍ കൊണ്ട് പോയതിനാണത്രെ എല്ലാവരും വട്ടം നിന്ന് തല്ലിയത്. സയന്‍സ് പഠിപ്പിക്കുന്ന രാജശ്രീ മിസ്സ് മാത്രമേ മിസ്സുമാരില്‍ ഇങ്ങനെ അടിക്കാന്‍ വേണ്ടി നടക്കുന്നുള്ളൂ. ആ സുപ്രിയ ക്ലാസ്സില്‍ ശബ്ദമുണ്ടാക്കിയവരുടെ പേരെഴുതി കൊടുത്തതില്‍ ക്ലാസ്സ്‌ മുഴുവനും ഉണ്ടായിരുന്നു. ഒരു ദയയും ഇല്ലാതെ ഡെസ്കിന്റെ  മുകളില്‍ കയറ്റി നിര്‍ത്തി കാല്‍വണ്ണയ്ക്ക് അടിക്കുകയായിരുന്നു ദുഷ്ട. സുപ്രിയയ്ക്കും കിട്ടി അടി. എങ്കിലും അവള്‍ക്കു ഞാന്‍ വെച്ചിട്ടുണ്ട്. എന്നെങ്കിലും ഒരു ദിവസം എന്നോടും പറയും പേര് എഴുതാന്‍ . അന്ന് ഞാന്‍ അവളുടെ പേര് മാത്രം എഴുതി കൊടുക്കും.  
മെസ്സിന് പുറത്ത് ആഹാരം കളയാന്‍ ശ്രമിക്കുന്നത് തടയാനുള്ള സാറുമ്മാരുടെ വിജിലന്‍സ് സംഘം 

ആലോചിച്ചു നിന്ന് സമയം പോയത് അറിഞ്ഞില്ല. എന്റെ ബക്കെറ്റ് ആണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്. സമയം എന്തായാവോ.? പീറ്റിക്ക് ചെല്ലാന്‍ സാറ് വിസിലടിക്കും . അപ്പോള്‍ കാണാം ഹോസ്റ്റലില്‍ ഉറങ്ങി കിടക്കുന്ന വീരന്മാരോക്കെ ചാടി എഴുന്നേറ്റു ഗ്രൌണ്ടിലേക്ക് പായുന്നത്.  ചിലരൊന്നും മുഖം പോലും കഴുകാറില്ല. അങ്ങനെ വരുന്നവരെ എളുപ്പം തിരിച്ചറിയാം. വായുടെ സൈഡില്‍ കോമ്പല്ല് മാതിരി ഒരു പാടുണ്ടാവും, ഉറങ്ങി കിടന്നപ്പോള്‍ വായില്‍ നിന്നും ഒഴുകി ഇറങ്ങിയതിന്റെ ശേഷിപ്പ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എങ്ങാനും വൈകിയാല്‍ , വൈകി എത്തിയവരെ മാറ്റി നിര്‍ത്തി സാറ് ഒരൊറ്റ പറച്ചിലാണ്  'ഗോ ഫോര്‍ ടെന്‍ റൌണ്ട്സ് ' എന്ന്. സാറിനു അങ്ങനെ പറയാം. സാറ് ഓടുന്നില്ലല്ലോ. ആ  പാറ നിറഞ്ഞു കിടക്കുന്ന ചെരിഞ്ഞ  ഗ്രൌണ്ടിലൂടെ ഓടുമ്പോള്‍ അറിയാം അതിന്റെ ദണ്ണം. ഗ്രൌണ്ട് ആണെങ്കില്‍ ഏക്കറു കണക്കിന് വ്യാപിച്ചു കിടക്കുന്ന ഒരു വലിയ പാറക്കെട്ടും.  പത്ത് റൌണ്ട് ഒക്കെ ഓടുംപഴേക്കും പകുതി ശവമായിട്ടുണ്ടാവും . അത് കഴിഞ്ഞു ചെല്ലുംപോഴാവും സാറിന്റെ വക അമ്പതു പുഷ് അപ്പും, അമ്പതു സിറ്റ് അപ്പുമൊക്കെ കിട്ടുന്നത്. അന്നത്തെ ദിവസം പിന്നെ ഒരു വൈക്കോല്‍ തുണ്ട് എടുത്തു പൊക്കാനുള്ള  ആരോഗ്യം പോലും ബാക്കിയുണ്ടാവില്ല.
അന്നത്തെ കീഴ്ക്കാം തൂക്കായ ഗ്രൌണ്ട് ഇന്ന് 

നിറഞ്ഞ രണ്ടു ബക്കെട്ടും രണ്ടു കയ്യിലും തൂക്കി സുഭാഷ് ഹൌസിലേക്ക് നടക്കുമ്പോഴാണ് തിലക് ഹൌസില്‍ നിന്നും റസീല്‍ വരുന്നതു  കണ്ടത്. കയ്യിലൊരു പുതപ്പും മടക്കി പിടിച്ചിട്ടുണ്ട്. റസീല്‍ ആറ്‌ ബീയിലും, ഞാന്‍ ആറ്‌ എയിലുമാണ് പഠിക്കുന്നത്. കണ്ട പാടെ റസീല്‍ ഒരു ചോദ്യം - "ചെങ്ങായിയെ, ജ്ജ് യോഗയ്ക്ക് വര്ണില്ലേ ?"
"ഇന്ന് തിങ്കളാഴ്ച ആണോ?"
"പിന്നല്ലാണ്ടേ, വൈകാന്‍ നിക്കണ്ട. ആ പ്രസാദ് സാററ്റെ അന്നേ കണ്ടാ തച്ചു കൊല്ലും "
"ഇപ്പ വരാം , ഈ വെള്ളമൊന്നു കൊണ്ട് വെച്ചോട്ടെ "
"ഇജ്ജു ബെറ്തനെ സമയം കളയണ്ട. യോഗ കഴിഞ്ഞു വരുംപളെക്കും അന്റെ വെള്ളോം ബക്കെട്ട്വോക്കെ സീനിയേഴ്സ് കൊണ്ടോയിട്ടിണ്ടാവും. ഒക്കെ ശൈത്താന്മാരാ"

റസീല്‍  പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല. ബക്കെറ്റ്   നേരെ കൊണ്ട് പോയി  സുഭാഷ് ഹൌസിന്റെ പുറകിലെ വാഴയുടെ  ഇടയ്ക്കു ഒളിപ്പിച്ചു വെച്ച് ബെഡ് ഷീറ്റും  മടക്കി എടുത്തു യോഗയ്ക്ക് ഓടി. പറയാന്‍ മറന്നു. ആഴ്ചയില്‍ ഒരു ദിവസം യോഗ ക്ലാസ്സ്‌ ഉണ്ട് ഞങ്ങള്‍ക്ക്. ആറാം ക്ലാസിനു തിങ്കളാഴ്ച.ഏഴാം ക്ലാസിനു ചൊവ്വാഴ്ച എന്നിങ്ങനെ. സിദ്ധീക്ക് എന്നൊരു ചേട്ടനാണ് പഠിപ്പിക്കുന്നത്‌. ചിലപ്പോഴൊക്കെ പ്രസാദ് സാറും വരും. ഇന്നാണ് ആറാം ക്ലാസിനു നീക്കി വെച്ചിരിക്കുന്ന തിങ്കളാഴ്ച . നിലത്തു ഷീറ്റ് വിരിച്ചിട്ടു അതിന്റെ മുകളില്‍നിന്ന് ചെയ്യണം, ഒരു ഏഴെട്ടു തരം യോഗാസനങ്ങള്‍ .

സമയം തെറ്റാതെ യോഗ ക്ലാസ്സില്‍ എത്തിയെങ്കിലും മനസ്സ് മുഴുവന്‍ വാഴയുടെ പുറകില്‍ ഒളിപ്പിച്ച വെള്ളം നിറച്ചു വെച്ച ബക്കെട്ടില്‍ ആയിരുന്നു. ബക്കെട്ടിനെ  കുറിച്ച് ഓര്‍ത്തു കൊണ്ടിരുന്നത് കാരണം ചെയ്തത് മുഴുവന്‍ തെറ്റി. സൂര്യനമസ്കാരം തെറ്റിച്ചു ചെയ്തത് ജനലിനു പുറത്തു നിന്ന് നോക്കിയ സാറ് കണ്ടു. അതിനു രണ്ടടിയും സമ്മാനമായി കിട്ടി.

യോഗ ക്ലാസ്സ്‌ കഴിഞ്ഞതും ഷീറ്റും  എടുത്തു നേരെ ഓടി, ബക്കെറ്റ് വെച്ചിരിക്കുന്ന വാഴയുടെ അടുത്തേക്ക്. പക്ഷെ , റസീല്‍ പറഞ്ഞത് തന്നെ സംഭവിച്ചു. ബക്കെറ്റ് മാത്രമുണ്ട് വാഴ ചുവട്ടില്‍ . അതിലുണ്ടായിരുന്ന വെള്ളം നല്ലവരില്‍  നല്ലവനായ ഏതോ സീനിയര്‍ അടിച്ചു മാറ്റിയിരിക്കുന്നു. ആ മഹാത്മാവിന്റെ  ഏഴു തലമുറയ്ക്ക് ഇരുന്നും നിന്നും കിടന്നും അനുഭവിക്കാനുള്ള പ്രാക്കും മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ വീണ്ടും വെള്ളം പിടിക്കാനായി നടന്നു. 

ഇത്തവണ ഗേള്‍സ്‌ ഹോസ്റെലിന്റെ അടുത്തുള്ള പൈപ്പിന്നടുത്തെക്ക്. ഒരു നീണ്ട നിര തന്നെയുണ്ട്‌ വെള്ളം പിടിക്കാനായി. വീണ്ടും കഥ പഴയത് തന്നെ .. ഇടയില്‍ കേറാന്‍ വരുന്ന ചേട്ടന്മാരും. നിസ്സഹായ്യരായ അനിയന്മാരും , അസ്സംബ്ലിക്ക്  വൈകി ചെന്നാല്‍ കൊല വിളികാനായി കാത്തു നില്‍ക്കുന്ന സാറുമ്മാരും എല്ലാം..പഴയത് പോലെ തന്നെ. ഇത് നാളെയും ആവര്‍ത്തിക്കും എന്ന ഉറപ്പിന്മേല്‍ ഞാന്‍ ഒരു പ്രതിജ്ഞ എടുത്തു. ഇനി മേലില്‍ യോഗയുള്ള ദിവസം നേരത്തെ വെള്ളം പിടിച്ചു വെക്കില്ലെന്നു. അഥവാ പിടിച്ചാല്‍ തന്നെ കുളിച്ചിട്ടേ യോഗ ക്ലാസ്സില്‍ പോകുക ഉള്ളൂ എന്നും.

***************************************************************
***************************************************************
പിന്‍കുറിപ്പുകള്‍ : ഇത് ഏകദേശം പതിനഞ്ചു വര്‍ഷം മുന്‍പ് ഞാന്‍ ഉള്‍പ്പടെ ഉള്ള ഒരുപാട് ആണ്‍കുട്ടികള്‍ക്ക് ഉണ്ടായ അനുഭവം ആണ്. വായിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അന്നത്തെ സാഹചര്യങ്ങള്‍ മനസ്സിലായില്ല എന്ന് വരാം. വെള്ളത്തിനു നല്ല ക്ഷാമം ഉള്ള ഒരു മൊട്ടക്കുന്നിന്റെ മുകളില്‍ ആയിരുന്നു എന്റെ നവോദയ വിദ്യാലയം. അന്ന് അവിടത്തെ ഏറ്റവും വില പിടിപ്പുള്ള വസ്തു  വെള്ളം ആയിരുന്നു. പില്‍ക്കാലത്ത്‌ വെള്ളം സംഭരിക്കാന്‍ വലിയ ഒരു ടാങ്കും, കുന്നിനു താഴെ കൂടി ഒഴുകുന്ന കടലുണ്ടി പുഴയില്‍ നിന്നും നേരിട്ട് വെള്ളം പമ്പ്‌ ചെയ്യാനുള്ള സജ്ജീകരണങ്ങളും എല്ലാം വന്നു. ഇന്ന് അവിടെ വെള്ളം അനാവശ്യമായി കളയുന്ന കുട്ടികളെ ആണ് കാണാന്‍ കഴിയുന്നത്‌. ജലക്ഷാമം ഉണ്ടെന്നു പറയപ്പെടുന്ന പാലക്കാടുള്ള എന്റെ കോളേജ് ഹോസ്റ്റലില്‍ പോലും അന്നത്തെ പോലെ വെള്ളത്തിന്റെ ദൌര്‍ലഭ്യം ഞാന്‍ അനുഭവിച്ചിട്ടില്ല.

ഹൌസ് എന്ന് വിളിച്ചിരിക്കുന്നത് ഞങ്ങളുടെ ഹോസ്റെലുകളെ ആണ്. പില്‍ക്കാലത്ത്‌ പര്‍വതനിരകളുടെ പേരായ ആരവല്ലി,നീലഗിരി,ഷിവാലിക്, ഉദയഗിരി എന്ന പേരില്‍ അറിയപ്പെട്ട അവയ്ക്ക് അന്നത്തെ പേര് മഹാന്മാരായ സി.വി.രാമന്‍ , ടാഗോര്‍ , സുഭാഷ് ചന്ദ്ര ബോസ് , ബാലഗംഗാധര തിലകന്‍ എന്നിവരുടെ പേരുകളില്‍ നിന്നും എടുത്ത രാമന്‍ , തിലക് , ടാഗോര്‍ , സുഭാഷ്‌ എന്നായിരുന്നു. സുഭാഷ് ഹൌസിലെ അന്തേവാസി ആയിരുന്നു ഞാന്‍ . നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന അര്‍ജുന്‍ തിലക് ഹൌസിലും.

പീറ്റി  അഥവാ പി.ഇ.ടി എന്ന ഫിസികല്‍ എജൂകെശന്‍ ആന്‍ഡ്‌ ട്രെയിനിങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നതാണ് കാലത്ത് അഞ്ചെ മുക്കാലിനുള്ള ഓട്ടവും ചാട്ടവും മേല്പറഞ്ഞ യോഗയും മറ്റും.  അന്നത്തെ ചെങ്കുത്തായ, പാറ നിറഞ്ഞു കിടന്നിരുന്ന ഗ്രൌണ്ട് ഇന്ന് അങ്ങനെയൊന്നുമല്ല കേട്ടോ. ഞാന്‍ പതിനൊന്നില്‍ പഠിക്കുമ്പോള്‍ തന്നെ അത് ഒരു നിലവാരമുള്ള മൈതാനമായി മാറി കഴിഞ്ഞിരുന്നു.

പഴയ പോലുള്ള സീനിയര്‍ - ജൂനിയര്‍ വകഭേദങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല. ഞങ്ങള്‍ക്ക് ശേഷവും അങ്ങനെയൊന്നു അവിടെ ഉണ്ടായിരുന്നു എന്നാണു പ്രവീണ്‍ എന്ന ഓലപ്പടക്കത്തിന്റെ 'രക്തസാക്ഷികള്‍ സിന്ദാബാദ് ' എന്ന പോസ്റ്റ്‌ സൂചിപ്പിക്കുന്നത്    

പെണ്‍കുട്ടികളും വെള്ളവും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയാത്തത് കൊണ്ടാണ് മുകളില്‍  അവരെ പറ്റി ഒന്നും പ്രസ്ത്താവിക്കാതിരുന്നത്. നവോദയക്ക് പുറത്തുള്ള കശുമാവിന്‍ തോട്ടം എനിക്ക് അവരെക്കാളും പരിചിതമായിരിക്കണം. എന്തെങ്കിലും അറിയണം എങ്കില്‍ വന്ദനയോട് ചോദിക്കാം.

അന്നുണ്ടായിരുന്ന അധ്യാപകരില്‍ നല്ലൊരു പങ്കും ഇന്ന് അവിടെയില്ല. സ്നേഹ നിധിയായ ഞങ്ങളുടെ പ്രേമവല്ലി മിസ്സ് ഇന്ന് സ്വര്‍ഗസ്ഥയാണ് .  ഞങ്ങളെ പഠിപ്പിച്ച മുക്കാല്‍ പങ്കു അധ്യാപകരും സ്ഥലം മാറ്റം കിട്ടി മറ്റു നവോദയകളിലേക്ക്  പോയി. ഒരു പരിചയവും ഇല്ലാത്ത കുറെ മുഖങ്ങള്‍ മാത്രമാണ് ഇന്ന് അവിടെ ചെന്നാല്‍ കാണാന്‍ കഴിയുക. എങ്കിലും ഇന്നും ഞങ്ങളെ അങ്ങോട്ട്‌ തിരിച്ചു വിളിക്കുന്ന ഒന്നുണ്ട് - മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ആ പൊക്കിള്‍ കൊടി ബന്ധം .

ഏല്ലാവര്‍ക്കും  നന്ദി, നമസ്കാരം
അന്നത്തെ ആറാം ക്ലാസ്സുകാര്‍ ഈ കഴിഞ്ഞ  ഒക്ടോബറില്‍ ഒരു   ഫുട്ബോള്‍ മത്സരത്തിനിടയില്‍

Monday, February 21, 2011

ഞാനെങ്ങിനെ ഞാനായി?


നമ്മുടെ ഒരു ചേട്ടന്‍ " അരവിന്ദ്‌ " അദേഹത്തിന്റെ പ്രശസ്തമായ "മൊത്തം ചില്ലറ "(2005-) എന്നാ ബ്ലോഗില്‍ എഴുതിയത്.


SATURDAY, JANUARY 14, 2006

ഞാനെങ്ങിനെ ഞാനായി?

കൈയ്യക്ഷരം അച്ചടിച്ചു വരണം എന്നതു വലിയ ഒരു ആശ ആയിരുന്നു. അതും അതു ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ ആയിരിക്കണം എന്നു ഒരു ഉണ്ണിപ്പൂതിയും ഉണ്ടായിരുന്നു. രണ്ടു മൂന്നു കഥകള്‍ അയച്ചു കൊടുത്തു നോക്കി. ആ‍ത്മവിശ്വാസം ഇമ്മിണി കൂടുതല്‍‌ ഉണ്ടായിരുന്നതു കൊണ്ട് ചവറ്റ് കുട്ടയില്‍ നിന്നു രക്ഷപെടാന്‍‌ ഉള്ള ലൈഫ് ജാക്കറ്റ് ആയ മറുപടി കവര്‍‌ കൂടെ അയച്ചിരുന്നതുമില്ല.
അതു കൊണ്ട് എന്റെ ആദ്യകാല കൃതികള്‍‌ എല്ലാം അങ്ങനെ പോയ വഴിക്കു പോയി. അച്ചടി ആഗ്രഹം ബാക്കിയുമായി.
എതായലും ഇപ്പോള്‍ കുറച്ചു സമാധാനം തോന്നുന്നു. ആഗ്രഹത്തിന്റെ ഫസ്റ്റ് പാര്‍ട്ട് ബ്ലോഗ് കാരണം നടന്നു കിട്ടിയല്ലോ. സെക്കന്റ് പാര്‍ട്ട് അഡ്ജസ്റ്റ് ചെയ്തു. അതായത് വളര്‍ന്നപ്പോള്‍ വിവരം വച്ചു-മാതൃഭൂമിയിലേ, ഞാനേ..ഹ ബെസ്റ്റ്!
ജനിച്ച‌ ‌സ്വദേശം മണിമലയാറും മാരാമണ്ണും, മര്‍ത്തോമാക്കാരും, റബ്ബറും, ആ‍ാഹാ കൊറേ നാളായല്ലൊ കണ്ടിട്ട്, ഇപ്പം ഇവിടെങ്ങും അല്ല്യോ..?പിന്നെ എന്നാ ഒക്കെ ഒണ്ട് ? എന്നു ചോദിക്കുന്ന അച്ചായന്മാരും ഉള്ള‌ തിരുവല്ലായ്ക്കടുത്തുളള വെണ്ണിക്കുളം എന്ന ഗ്രാമം ആണെങ്കിലും വളര്‍ന്നതും പഠിച്ചതും, തട്ടമിട്ട താത്തമാരും, കുന്നും, ഭാരതപ്പുഴയും, തിരുന്നാവായയും, ജ്ജ് എബിടേര്‍ന്നീ..അനക്ക് എന്തീനി ബിശേശൊം? എന്നു ചോദിക്കുന്ന മൊല്ലാക്കമാരും പാര്‍ക്കുന്ന മലപ്പുറത്തായിരുന്നു. പക്ഷെ, തിരുന്നാവായക്കു ഒപ്പസിറ്റ് കിടക്കുന്ന , മാമാങ്കം (മാമന്മാരുടെ അങ്കം എന്ന് അതിനെ വ്യാഖ്യാനിച്ച് ഒരിക്കല്‍ ‌ ഞാ൯ ഹ്യൂമര്‍ സെന്‍സ് ഇല്ലാത്ത മലയാളം വാധ്യാരുടെ അടി വാങ്ങി വരവു വച്ചു.) എന്ന മഹാസംഭവത്തിനു ‌ അണിയറ തീര്‍ത്ത തവനൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍‌ നിന്നും അഞ്ചാം ക്ലാസ്സ് കഴിഞ്ഞ‌പ്പോളേക്കും ഞാ൯ പറിച്ചു നടപ്പെട്ടു-ബോര്‍ഡിംഗ് സ്കൂളിന്റെ മതിലുകള്‍‌‍‌‍ക്കും വല്ലപ്പോഴും തുറക്കുന്ന മുള ഗേറ്റിനും അകത്തേയ്ക്ക്. ചെരിപ്പുമിടാതെ, ബട്ടന്‍സ് ഇല്ലാത്ത നിക്കര്‍ കെട്ടി വച്ചും മൂക്കളാ ഒലിപ്പിച്ചും ആകെ മൊത്തം പൊടിയും മുശു നാറ്റവും കൃമികടിയുമായി കൂട്ടുകാരുടെ കൂടെ ഗോട്ടിയും ഏറുപന്തും കളിച്ചു ജോളിയടിച്ചു നടന്ന ഞാന്‍ കാലില്‍ ഷൂസും കുത്തിക്കയറ്റി , ഷര്‍ട്ട് ട്രൌസറിനുള്ളിലാക്കി, ബെല്‍റ്റു കെട്ടി, മുടി ചീകി, പൌഡര്‍ ഇട്ടു അറ്റന്‍ഷന്‍ നിന്നു പരിഷ്ക്കാരിയായി.
ബോര്‍ഡിംഗ് സ്കൂള്‍ എന്നാല്‍‌ പണച്ചാക്കുകള്‍ പൊങ്ങച്ചത്തിനു പിള്ളേരെ വിടുന്ന ഫൈവ് സ്റ്റാര്‍ ലേര്‍ണിംഗ് കം എന്റെര്‍റ്റൈന്‍മെന്റ് സെന്റെര്‍ ആണെന്നു കരുതരുതേ. ഇതു കേന്ദ്ര ഗവര്‍മെന്റു ഒരോ ജില്ലകളിലേയും, കൂട്ടത്തില്‍ മിടുക്കന്‍മാരായ 80 അലവലാതി പിള്ളേരെ വര്‍ഷം തോറും ഓടിച്ചിട്ടു പിടിച്ച് , ഫ്രീ ആയി കോളേജു വരെ പഠിപ്പിച്ച് ദേശസേവകരായി സീലടിച്ചു പുറത്തേയ്ക്കു പറപ്പിക്കുന്ന ധര്‍മ്മ സ്ഥാപനം. പാവം രാജീവ് ഗാന്ധിയുടെ (കു)പ്രസിന്ധമായ ഹ്യുമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം-നമ്മടെ സ്വന്തം നവോദയാ വിദ്യാലയംസ്. അവിടെ പഠിപ്പാന്‍ ചെല്ലുന്നതു സാമ്പ‌ത്തികമായി മധ്യ-അധോ വര്‍ഗ്ഗ നിലയിലുള്ള, സര്‍ക്കാരുദ്യോഗസ്ഥ-കച്ചവട ഗണങ്ങളുടെ തരക്കേടില്ലാത്ത കുരുത്തക്കേടുള്ള പിള്ളേര്‍സ് ആകുന്നു.
നീണ്ട ആറു കൊല്ലം അങ്ങനെ അവിടെ. കുറ്റം പറയരുതല്ലോ-വല്ലതും തലക്കകത്തു പതിഞ്ഞിട്ടുണ്ടെങ്കില്‍ അതൊക്കെയും അവിടെ നിന്നാകുന്നു. ദേശ സേവനം റ്റാക്സ് കൊടുക്കുന്നതില്‍ മാത്രം ഒതുക്കി. “ഇവിടെ അട്ടിയിടാതെ പുറത്തെങ്ങാനും പോയി വല്ല തോട്ടിപ്പണി ചെയ്താണെങ്കിലും നാലു ചക്രം ഇങ്ങോട്ടയച്ചു താടാ കൊശവാ“ എന്നു ഭാരതാംബ പറഞ്ഞപ്പോള്‍ കിട്ടിയ വിസയും എടുത്ത് ഭാണ്ഡോം മുറുക്കി, കരുമാടിക്കുട്ടന്‍മാരെ കൊള്ളയടിക്കാ൯ ഇങ്ങോട്ട്, ആഫ്രിക്കയിലേക്ക് പോന്നു.
അതിനും മുന്‍പേ ഡിഗ്രി എന്ന നാലു വര്‍ഷ മഹാമഹം പൂര്‍ത്തിയാക്കിയിരുന്നു. നാടോടുമ്പോള്‍ സൈഡില്‍ കൂടെ ഓടരുത് എന്നാരോ പറഞ്ഞതു കേട്ട് എന്‍‌ട്രന്‍സ് എഴുതി നോക്കി. എന്റെ റാങ്കു വച്ചു മെഡിസിനു അഡ്മിഷന്‍ കിട്ടണമെങ്കില്‍ ഓരോ പഞ്ചായത്തിലും മെഡിക്കല്‍കൊളേജ് തുടങ്ങണമായിരുന്നു. അവശേഷിച്ച എഞ്ചിനീയറിംഗില്‍, ആ കൊല്ലം കേരളത്തിലെ അവസാന സീറ്റ് കരസ്ഥമാക്കികൊണ്ട് റാങ്കു ലിസ്റ്റിലെ ഏറ്റവും വലിയ മണ്ടന്‍‌ എന്ന അപൂര്‍വ്വ ബഹുമതിക്കു ഞാന്‍ ഉടമയായി. സീറ്റില്ലെങ്കില്‍ അവന്‍ കമ്പിയേല്‍ പിടിച്ചോണ്ട് നിന്നോളും സാര്‍ എന്നു പറയാനിരുന്ന എന്റെ ഫാദര്‍ ഫിഗര്‍(ഫാദറിന്റെ ഫിഗര്‍ എന്നു മാത്രം അര്‍ത്ഥം) ആശ്വസിച്ചു കാണണം.
പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാ സംവിധാനം പഠിക്കാന്‍ കൊതിച്ച ഞാന്‍ അങ്ങനെ ഒരു
കംമ്പ്യൂട്ടര്‍ എടുത്തു മുന്നില്‍ വച്ചു കൂനിപിടിച്ചിരുന്ന് കീ ബോര്‍ഡില്‍ കൊട്ടാ൯ തുടങ്ങി-കൊട്ട് കൊട് കൊട്ട് കൊട് കൊട്ട്….ആ കൊട്ട് ഇന്നും തുടരുന്നു.

എപ്പിലോഗ് അഥവാ വാല്‍ :- അഞ്ചു വര്‍ഷം-മെഗാ സീരിയലിന്റെ അഞ്ചു എപ്പിസോഡ് പൊലെ അറു ബോറന്‍ ഫൈവ് ഇയേഴ്സ്. ഹൈദ്രാബാദ്, മദ്രാസ്, ബാംഗ്ലൂര്‍, ഡെല്‍ഹി, പാരീസ്, സ്റ്റാച്യൂ, സരിത, സവിത, ജോസ്. പിന്നെ ഇപ്പൊ ആഫ്രിക്ക. നാളെ? വെള്ളത്തില്‍ ചരിച്ചെറിഞ്ഞ ഓട്ടു കഷ്ണം പോലെ അങ്ങനെ തെന്നി തെറിച്ചു മുന്നോട്ട്…
മുങ്ങുന്നതിനു മുന്‍പെ പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ചിരിക്കാന്‍ കുറെ ഓര്‍മ്മകള്‍…ഇന്റെര്‍നെറ്റില്‍ കയറി ഇടത്തും വലത്തും നോക്കിയാല്‍ ഗൂഗ്ലനും ബ്ലോഗനും കാട്ടിത്തന്ന ‍കുറെ നല്ല എഴുത്തുകാര്‍.ജീവിതം എത്ര ഉദാരം, ലളിതം, സുഖദം.

Sunday, February 20, 2011

ചിറകൊടിഞ്ഞ കിനാവുകള്‍


വന്ദന മോഹന്‍ദാസ്‌ എഴുതിയത്


എന്‍റെ ബാല്യത്തിനും കൌമാരത്തിനും ഇടയിലുള്ള ജീവിതകാലത്തിനു വേദിയായത്ഉടായിപ്പുകളെയുംപുസ്തകപ്പുഴുക്കളെയുംബുദ്ധിജീവികളെയും 3:6:1 എന്നപ്രോപോഷനില്‍ വാര്‍ത്തെടുക്കുന്ന നവോദയ എന്ന രാജ്യത്തായിരുന്നു. അതേതു രാജ്യം എന്നാണോ? 


നവോദയ എന്താണ് എന്നറിയാത്തവര്‍ക്ക്:
(ഇത് ഒരു അധികപ്രസംഗമാണ്നവോദയ അറിയാത്തവര്‍ ബ്ലോഗുലകത്തിലോ! കഥകളുമായി അത്രയേറെ നവോദയന്‍ പാണന്മാര്‍പാണികള്‍സിങ്കങ്ങള്‍ഇവിടെയൊക്കെയുണ്ടല്ലോ.)
എന്നാലും ജസ്റ്റ്‌ഫോര്‍  സേക് ഓഫ് ഹൊറര്‍എനിക്കത് പറയണംമലപ്പുറംനവോദയ വിദ്യാലയ അഥവാ ഊരകം മൊട്ടക്കുന്നിന്‍ മുകളിലെ സാമ്രാജ്യംകേന്ദ്രഗവണ്മെന്റിന്റെ ചെലവില്‍ ഏഴു കൊല്ലം ഉണ്ടും ഉറങ്ങിയും വളരാന്‍ നിര്‍ബന്ധിതഅനാഥത്വം സ്വീകരിക്കുന്ന പത്തെഴുപത്‌ പേര്‍ ബാല്യവും കൌമാരവുംചെലവഴിക്കുന്ന ഒരു ഭയങ്കര സെറ്റപ്പ്ഓരോ ബാച്ചിലും പത്തെഴുപത്‌ പേര്‍ വച്ച് ആറുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കുറെയെണ്ണം -- പല സൈസുംപ്രോപര്‍ടീസുംഉള്ളവഇവറ്റകളെ മേയ്ക്കാന്‍ പത്തമ്പത് ടീച്ചര്‍മാര്‍ (സാറന്മാരും ഉണ്ടേവീടും കുടിയുംഒക്കെയായി ഇതിനകത്ത് തന്നെ. കയറിവരുന്ന മുതലുകള്‍ക്ക് കൈയ്യില്‍ ഒരു പട്ടാളപ്പെട്ടിയും, രണ്ടു ബക്കറ്റും അനുവദനീയം. 
ട്രങ്കിനകത്തു ഉടുതുണി കണ്ണാടിചീപ്പ്,എന്നിവ മാത്രമേ കാണാവൂ എന്നാണു ചട്ടംഭക്ഷണ വസ്തുക്കള്‍ banned ആണ്.അഥവാ ഉണ്ടെങ്കില്‍ ഹൌസിലെത്തുമ്പോഴേക്കും അത് ഇല്ലാതാകുംപിന്നെ,മറുതുണി (യുണിഫോം)സോപ്പ്എണ്ണപേസ്റ്റ്ഷൂപുസ്തകംപേനമഷിചൂല്,പ്ലേറ്റ്ഗ്ലാസ്സ്സ്പൂണ്‍തുടങ്ങി ഒരാള്‍ക്ക്‌ ജീവിച്ചു പോകാനുള്ളതെല്ലാം സര്‍ക്കാര്‍വക റേഷന്‍അപ്പനും അമ്മയും റേഷനിലില്ല.

**************************************************

ആഗോള പ്രശസ്തി കാരണം തല്ലു കൊണ്ട് ചാവാറായ പരുവത്തിലാണ് പൂതന എന്നഞാന്‍ നവോദയ എന്ന പ്രസ്ഥാനത്തെപ്പറ്റി കേള്‍ക്കുന്നത്വീട്ടുകാര്‍ ശല്യംഒഴിവാക്കാനുംഞാന്‍ ഇനി അമ്മയുടെ തല്ലു കൊള്ളാതിരിക്കാനുംഎന്നെകാണാതെ 'തള്ള' പശ്ചാത്തപിക്കട്ടെ എന്ന് കരുതിക്കൊണ്ടും, 'എന്‍റെ സൂര്യപുത്രിയ്ക്ക്'എന്ന സിനിമയുടെ സ്വാധീനം കൊണ്ടും, ( സ്വാധീനം കുറേക്കാലം മുമ്പേ ഉള്ളില്‍ഉണ്ടായിരുന്നുഅതിനെപ്പറ്റി ഒരു പോസ്റ്റ്‌ ഒരിക്കല്‍ ഇടാംഅതിലെഅമലയെപ്പോലെ ഹോസ്റ്റലിന്റെ മതില് ചാടാം എന്നുള്ള ആഗ്രഹം കൊണ്ടും,പഠിക്കാന്‍ തീരെ ഇന്ടരസ്റ്റ്‌ ഇല്ലാഞ്ഞിട്ടും പുറത്തൂര്‍ പഞ്ചായത്തിലെ ഗര്‍ജ്ജിക്കും സിംഹമായ സാക്ഷാല്‍ രാഘവന്‍ പിള്ള മാഷിന്റടുത്ത് ട്യൂഷന് പോയും, മാഷ്‌ പേപ്പര്‍ കാണില്ല എന്നറിയാമായിരുന്നിട്ടും കറക്കിക്കുത്തിയാല്‍ കൊന്നു കളയും എന്ന് ഭയന്നും മറ്റും വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഞാന്‍ അര-ജീവപരന്ത്യത്ത്തിനു എത്തുന്നത്.
അങ്ങനെ ഫോണിലൂടെ പ്രവാസിയായ പിതാവ് ശ്രീമാനോടും, വീട്ടിലിരിക്കുന്ന പിതാമഹി കല്യാണിയമ്മയോടും, രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിപ്പിശാശിനോടും, ജട്ടി ഇട്ടു, ഇട്ടില്ല മട്ടില്‍ ഹാപ്പിയായി നടക്കുന്ന ഏറ്റവും ഇളയ കുട്ടിപ്പിശാശിനോടും യാത്ര പറഞ്ഞ്‌, ഇതായിരിക്കും പൂതനാമോക്ഷം എന്ന് പ്രതീക്ഷിച്ചു, അമ്മയുടെ അച്ചന്റെ ട്രങ്ക് പെട്ടിയെ പച്ച കളറടിപ്പിച്ചു പുത്തനാക്കി പാക്ക് ചെയ്തു, 'അടിച്ചുപൊളിയുടെ' സുന്ദര സ്വപ്നങ്ങളുമായി ഞാന്‍ വീട് വിട്ടിറങ്ങി. പറയാന്‍ വിട്ടു, നവോദയയിലേക്ക് കൂടെ ഒരു കൂട്ടുകാരി കൂടി ഉണ്ട്. ട്യൂഷന്‍ ക്ലാസിലെ കൂട്ടുകാരി മണ്ടുമോള്‍ സി. പി. ഞങ്ങള്‍ അത്ര ക്ലോസായ ഫ്രന്‍സ് അല്ലെങ്കിലും ഇനിയങ്ങോട്ട് ക്ലോസാകുമല്ലോ.
മണ്ടുമോളും ഞാനും വരാന്‍ പോകുന്ന ദിവസങ്ങളില്‍ 'രാപ്പാടി പക്ഷിക്കൂട്ടം' പാടി തുള്ളിച്ചാടി നടക്കുന്നത് സ്വപ്നം കണ്ടു കൊണ്ടിരുന്ന ഞാന്‍ യാത്രയുടെ ദൈര്‍ഖ്യം അറിഞ്ഞതേയില്ല.
വഴിയ്ക്ക് വെങ്ങരയില്‍ വണ്ടി നിര്‍ത്തി അമ്മയും ഞാനും ഒരു ബേക്കറിയില്‍ കയറി.പരിചയമില്ലാത്തത്ര സ്നേഹത്തോടെ അമ്മ 'വാഎന്ന് വിളിച്ചപ്പോ,എന്നെത്തന്നെയാണോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കിഅതെഎന്നെത്തന്നെ.ചാടിയിറങ്ങി അകത്തേയ്ക്ക് ചെന്നപ്പോള്‍ഇന്നും രോമാന്ജമുണ്ടാക്കുന്ന വാക്കുകള്‍ ഞാന്‍ കെട്ടു.
"പൂതന മോളെഎന്ത് വേണമെങ്കിലും പറഞ്ഞോ, വാങ്ങിത്തരാം." ഞങ്ങളുടെകണ്ണുകള്‍ കൂട്ടിമുട്ടിരണ്ടും നിറഞ്ഞിരുന്നു
അമ്മയുടേത് പുത്രീദു:ഖം കൊണ്ടുംഎന്റേത്അവിശ്വസനീയത കൊണ്ടും (മുമ്പൊരിക്കല്‍ ബേക്കറിയിലേക്ക് നോക്കി വെള്ളമിറക്കിനിന്നതിനു പൊതുജനമധ്യത്തില്‍ വെച്ച് എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍പല്ലിരുമ്മുകയും, വീട്ടിലെത്തിയപ്പോള്‍ എന്‍റെ കണ്ട്രോളില്‍ ഉണ്ടായിരുന്നകുട്ടിപ്പട്ടാളത്തിന്റെ മുമ്പിലിട്ടു എന്നെ കേരള പോലീസ് സ്റ്റൈലില്‍ പോതുക്കുകയുംചെയ്ത മൈ ഓണ്‍ മദര്‍ തന്നെയാണോ ഇത്അമര്ത്തിച്ച്ചിരിക്കുന്ന ഗാംഗ് മെംബേഴ്സിനെ അന്ന് തന്നെ ഞാന്‍ പിരിച്ചു വിട്ടുവി ആര്‍ എസ്സും എടുത്തു). ഏതായാലുംഅമ്മയുടെ ഔദാര്യത്തെ ഞാന്‍ മാക്സിമം ചൂഷണം ചെയ്തു എന്ന്പറയേണ്ടതില്ലല്ലോഒരു ശ്വാസം ഉള്ളിലെക്കെടുത്തു ഞാന്‍ പറഞ്ഞു തുടങ്ങി -- "ഒരു കിലോ ലഡ്ഡു, ഒരു കിലോ മിക്സ്ചര്‍, രണ്ടു...." -- "മോളെ.." - വിളറിയ മുഖത്തോടെ അമ്മ. "ങേ, പിന്നേം മൂഷികസ്ത്രീ ആയോ?" അതല്ല. അമ്മയ്ക്ക് ഒരു സംശയംസംഗതിസ്മഗ്ലിംഗ് ആണ്. ലിസ്റ്റില്‍ ഈ വക തീറ്റസാമാനങ്ങള്‍ നിരോധിതമാണ്.പിടിക്കപ്പെട്ടാല് പ്രശ്നമാകും.
"തല്‍കാലം ലഡ്ഡു പോരെ?"
"മതി"
ലഡ്ഡു എങ്കില്‍ ലഡ്ഡു. ഒരു കിലോ ലഡ്ഡു ഞാന്‍ ട്രങ്കിലെ തുണികള്‍ക്കിടയില്‍ ഭദ്രമായിഒളിപ്പിച്ചു. 45 ഡിഗ്രി ചരിവില്‍ ഞങ്ങളുടെ വാഹനം ഊരകമല കയറി. കൊള്ളാം, നല്ല സെറ്റപ്പ്. പ്രകൃതി രമണീയതയ്ക്ക് ഭംഗം വരുത്താന്‍ ഒരു ചായക്കട പോലുമില്ല. ഇടയ്ക്ക് രണ്ടായിത്തിരിയുന്ന ഒരു റോഡ്‌. ഒരെണ്ണം താഴേക്കു, വേറൊരെണ്ണം മുകളിലേക്ക് -- മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങള്‍ --
Ministry of Human Resources Development 
Jawahar Navodaya Vidyalaya
Malappuram
Oorakam
Keezhmuri

മണ്ടുമോളുടെ മുഖത്തൊരു ഞെട്ടല്‍. താഴോട്ടു പോകുന്ന മറ്റേ റോഡിലൂടെ 'രാക്കോലം വന്നതാണേ' പാടിക്കൊണ്ട് എന്‍റെ മനസ്സ് തുള്ളിച്ചാടി പോയി.
പ്രവേശനോല്‍സവ കാഴ്ചകള്‍
നവോദയയുടെ പരിസരത്ത് കടുകുഭരണി വീണു പൊട്ടിയ കണക്കു പത്തുംപതിനൊന്നും വയസ്സുള്ള ആണും പെണ്ണും ഒരു ട്രങ്ക് പെട്ടിയുടെയും രണ്ടുബക്കറ്റിന്റെയും ഒരു മഗ്ഗിന്റെയും രണ്ടു ഉടമകളുടെയും കൂടെ അന്തം വിട്ടു എങ്ങോട്ട്പോകണംഎന്ത് ചെയ്യണം എന്നറിയാതെ ചിതറിത്തെറിച്ചു കിടക്കുന്നുഉടമകള്‍സ്ഥലം വിടുന്ന മുറയ്ക്ക് ഉറുമ്പുകള്‍ ചുമന്നു കൊണ്ട് പോകുന്ന പോലെ അഞ്ചാറു പേര്‍ചേര്‍ന്ന് ഒരു കടുക്മണിയെ പൊക്കിയെടുത്തു കൊണ്ട് ഹോസ്റ്റല്‍ (ഹിയരാഫ്ടര്‍ഹൌസ്ലക്ഷ്യമാക്കി നീങ്ങുന്നുബാക്ക് ഗ്രൗണ്ടില്‍ 'അയ്യോഅമ്മേഎന്നെയിട്ടിട്ട്പോവല്ലേ... ഞാനും വരണേ... എന്നെ വിടടാ...' തുടങ്ങിയ ലിറിക്സ് ഉള്ള ഒരു ഗാനവുംചിലയിടത്ത് സ്പെഷ്യല്‍ എഫക്ട്സും. ഇതൊക്കെ കണ്ടും കേട്ടും അടക്കിച്ചിരിക്കുന്നപഴുത്ത പ്ലാവിലകളെയുംകണ്ണുരുട്ടി കരയാന്‍ മുട്ടി നില്‍ക്കുന്ന പച്ചപ്ലാവിലകളെയും കാണാംഇതിനൊക്കെ ഇടയില്‍ പുതിയവന്റെ ട്രങ്ക് പെട്ടിയുംബക്കറ്റും ചുമന്നു കൊണ്ട് വേറൊരു ഗ്രൂപ്പ്‌ മുമ്പരുടെ പിറകെ പോകുന്നു.

കരയുന്നവരെയും കണ്ണീരടക്കുന്നവരെയും പുച്ചിച്ചുകൊണ്ട് കാഴ്ചകളൊക്കെ കണ്ടു 'സുജായി'യായി നടക്കുകയാണ്വെളുത്തു മെലിഞ്ഞ മംഗ്ലീഷു പറയുന്ന ടീച്ചറാണ്ഹൌസ് മിസ്ട്രസ്സ് -- സുജാത മിസ്സ്‌കൊള്ളാംനല്ല ഭംഗിയുള്ള ചിരിഇവരെ പറ്റിച്ചുമതില് ചാടാന്‍ എളുപ്പമാണ്എവിടെയായിരിക്കും  ഹൌസ്ട്രങ്കുംബക്കറ്റുമൊക്കെയെടുത്തു മുമ്പേ നടന്നു ഏഴാം ക്ലാസ്സിലെ 'ചേച്ചിമാര്‍എന്നേം അമ്മയെയും മണ്ടുമോളെയും അമ്മയെയും ഹൌസിലേക്ക് ആനയിച്ചു.

രണ്ടു-രണ്ടര ഏക്കര്‍ വിസ്താരമുള്ള ഒരു ഗ്രൌണ്ട് (എന്തിനാണാവോ?). അതിന്റെ ഒരു വശത്ത് ഒരു കുഞ്ഞു കുന്ന് (അതെനിക്കിഷ്ടപ്പെട്ടു, വലിഞ്ഞു കയറാം). ഭൂപ്രദേശം അത്ര പോര. മണ്ണ് കാണുന്നില്ല, കമ്പ്ലീറ്റ് പാറകള്‍. നേരെ നടക്കാന്‍ തന്നെ വിഷമം. പൂഴിമണ്ണില്‍ ഓടിക്കളിച്ചു കൊണ്ട് ഒരു കടലോരഗ്രാമത്തില്‍ കഴിഞ്ഞിരുന്ന പൂതുമോള്‍ പറിച്ചു നടലിന്റെ വേദന അറിഞ്ഞുതുടങ്ങുകയായിരുന്നു. (സെന്റി, സെന്റി)
അത് വിട്, ഞങ്ങളുടെ നടത്തം അവസാനിച്ചത്‌ മൈസൂര്‍ പാക്ക് അടുക്കി വെച്ചിരിക്കുന്നത് പോലെ കിടക്കുന്ന കുറേ മഞ്ഞ കെട്ടിടങ്ങള്‍ക്ക് മുമ്പിലാണ്. വല്ല ഗോഡൌനും ആയിരിക്കും.
ചേച്ചിമാര്‍ കയറിപ്പോകുന്നത്‌ അങ്ങോട്ടാണല്ലോ! എനിക്കെന്തോ പന്തികേട്‌ തോന്നി. പുറകെ ഞങ്ങള്‍ വെച്ചു പിടിച്ചു. ഉണങ്ങാത്ത തുണികളുടെയും തലമുറകളുടെ മൂത്രത്തിന്റെയും, 
അതിനു മുകളില്‍ ഒഴിച്ച ഫെനോയിലിന്റെയും പിന്നെ തിരിച്ചറിയാന്‍ പറ്റാത്ത എന്തിന്റെയൊക്കെയോ 'മണ' മുള്ള ഒരു ഒരു ചെറിയ വരാന്തയുടെ ഇരുവശത്തുമായി വാതിലുകള്‍. അവയ്ക്ക് മുകളില്‍ സ്കെച്ച് കളറുകളുടെ ഒരു കൊളാഷ് -- ഇന്ദിരാ ഹൌസ് . ഡോര്‍മെട്രി 1, ഡോര്‍മെട്രി 2.
ഒന്നാമത്തെ മുറിയിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. നേരത്തെ മണം ഡബിള്‍ സ്ട്രോങ്ങില്‍. വാഹ്‌! വാട്ട് എ സീന്‍! 14 ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍. അവയ്ക്കിടയിലൂടെ ഒരാള്‍ക്ക് (പത്ത് വയസ്സുള്ള ഒരാള്‍ക്ക്‌) നെഞ്ച് വിരിച്ചു നടക്കാം, രണ്ടാമന്‍ എതിരെ വരുമ്പോള്‍ ചെരിഞ്ഞു നിന്ന് ഇത്തിരി ഭവ്യതയാവാം. ഇല്ലെങ്കില്‍ രണ്ടു പേരും പോകില്ല. ജനല്‍ക്കമ്പികളില്‍ airholes ഉള്ള ജട്ടികളുടെയും, കഴുകി വെളുക്കാത്ത സോക്സുകളുടെയും മഞ്ഞ പെറ്റിക്കോട്ടുകളുടെയും കര്‍ട്ടന്‍. തുളകളിലൂടെ അരിച്ചിറങ്ങുന്ന പകല്‍ വെളിച്ചത്തില്‍, മുമ്പ് കണ്ട 'പുറപ്പാട്' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗം -- അതിലെ ഉരുള്‍ പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവരെപ്പോലെ ട്രങ്ക് പെട്ടികള്‍ക്കു മുകളില്‍ വിഷണ്ണരായിരിക്കുന്ന 'നവ ഉദയങ്ങള്‍' (വിത്ത് 2 ബക്കറ്റ്സ്, മഗ്ഗ്).
മരണത്തിനു തൊട്ടു മുമ്പ് സീസര്‍ ബ്രൂട്ടസ്സിനെ നോക്കിയ അതേ നോട്ടം ഞാനെന്റെ അമ്മയെ നോക്കി -- വിത്തൌട്ട് ഡയലോഗ്. ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല. പിന്നെ അവിടെ കേട്ടത് കരിങ്കല്‍ഹൃദയരെപ്പോലും പോട്ടിക്കരയിക്കുന്ന ഒരു ശോകഗാനമാണ്. "അയ്യോ... അമ്മേ... എന്നെക്കൊണ്ട്പോണേ... ഞാനും വരണേ..."



പിന്കുറിപ്പ്: 
എന്‍റെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു. എന്‍റെ സ്വന്തം റൂമിന്റെ ചുമരിലോട്ടിക്കാന്‍ വേണ്ടി ഞാനെന്റെ ട്രങ്ക് പെട്ടിയില്‍ കൊണ്ട് വന്ന ബാലഭൂമിയിലെ 'സിംബ'യുടെ ചിത്രം കുറേക്കാലം കഴിഞ്ഞപ്പോ ചിതല് തിന്നു പോയി. ഹൌസിനു ചുറ്റും മതിലില്ലെന്നും ജയില്‍മതില്‍ക്കെട്ടിന്റെ ഒരു വശം കൊക്കയാണ് എന്നും ഏറെത്താമസിയാതെ ഞാനറിഞ്ഞു. 'എന്‍റെ സൂര്യപുത്രി' യുടെ ക്ലൈമാക്സ് രംഗം പോലെ ചുമര് ചാരി വിദൂരതയിലേക്ക് നോക്കി ഞാന്‍ അമല മോഹം പൂര്‍ത്തീകരിച്ചു.

**************************************************

സമര്‍പ്പണംഅന്ന് സന്ധ്യയ്ക്ക്, എന്‍റെ ഒരു കിലോ ലഡ്ഡു 'ടീച്ചര്‍മാര്‍ കൊണ്ടുപോകും' എന്ന് പറഞ്ഞു വിതരണം ചെയ്തു സാപ്പിട്ട കണ്ടാലറിയാത്ത ചേച്ചിമാര്‍ക്കു ഈ പോസ്റ്റ്‌സമര്‍പ്പിക്കുന്നു. പിറ്റേന്ന് മുതല്‍ ആര്‍ക്കും വീതം വെക്കാത്ത പലഹാരങ്ങള്‍ പലരും സ്വന്തം പെട്ടിയില്‍ നിന്നെടുത്തു തിന്നു, എന്‍റെ ദയനീയ സാന്നിധ്യത്തില്‍.

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas