Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Monday, February 21, 2011

ഞാനെങ്ങിനെ ഞാനായി?


നമ്മുടെ ഒരു ചേട്ടന്‍ " അരവിന്ദ്‌ " അദേഹത്തിന്റെ പ്രശസ്തമായ "മൊത്തം ചില്ലറ "(2005-) എന്നാ ബ്ലോഗില്‍ എഴുതിയത്.


SATURDAY, JANUARY 14, 2006

ഞാനെങ്ങിനെ ഞാനായി?

കൈയ്യക്ഷരം അച്ചടിച്ചു വരണം എന്നതു വലിയ ഒരു ആശ ആയിരുന്നു. അതും അതു ആദ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ ആയിരിക്കണം എന്നു ഒരു ഉണ്ണിപ്പൂതിയും ഉണ്ടായിരുന്നു. രണ്ടു മൂന്നു കഥകള്‍ അയച്ചു കൊടുത്തു നോക്കി. ആ‍ത്മവിശ്വാസം ഇമ്മിണി കൂടുതല്‍‌ ഉണ്ടായിരുന്നതു കൊണ്ട് ചവറ്റ് കുട്ടയില്‍ നിന്നു രക്ഷപെടാന്‍‌ ഉള്ള ലൈഫ് ജാക്കറ്റ് ആയ മറുപടി കവര്‍‌ കൂടെ അയച്ചിരുന്നതുമില്ല.
അതു കൊണ്ട് എന്റെ ആദ്യകാല കൃതികള്‍‌ എല്ലാം അങ്ങനെ പോയ വഴിക്കു പോയി. അച്ചടി ആഗ്രഹം ബാക്കിയുമായി.
എതായലും ഇപ്പോള്‍ കുറച്ചു സമാധാനം തോന്നുന്നു. ആഗ്രഹത്തിന്റെ ഫസ്റ്റ് പാര്‍ട്ട് ബ്ലോഗ് കാരണം നടന്നു കിട്ടിയല്ലോ. സെക്കന്റ് പാര്‍ട്ട് അഡ്ജസ്റ്റ് ചെയ്തു. അതായത് വളര്‍ന്നപ്പോള്‍ വിവരം വച്ചു-മാതൃഭൂമിയിലേ, ഞാനേ..ഹ ബെസ്റ്റ്!
ജനിച്ച‌ ‌സ്വദേശം മണിമലയാറും മാരാമണ്ണും, മര്‍ത്തോമാക്കാരും, റബ്ബറും, ആ‍ാഹാ കൊറേ നാളായല്ലൊ കണ്ടിട്ട്, ഇപ്പം ഇവിടെങ്ങും അല്ല്യോ..?പിന്നെ എന്നാ ഒക്കെ ഒണ്ട് ? എന്നു ചോദിക്കുന്ന അച്ചായന്മാരും ഉള്ള‌ തിരുവല്ലായ്ക്കടുത്തുളള വെണ്ണിക്കുളം എന്ന ഗ്രാമം ആണെങ്കിലും വളര്‍ന്നതും പഠിച്ചതും, തട്ടമിട്ട താത്തമാരും, കുന്നും, ഭാരതപ്പുഴയും, തിരുന്നാവായയും, ജ്ജ് എബിടേര്‍ന്നീ..അനക്ക് എന്തീനി ബിശേശൊം? എന്നു ചോദിക്കുന്ന മൊല്ലാക്കമാരും പാര്‍ക്കുന്ന മലപ്പുറത്തായിരുന്നു. പക്ഷെ, തിരുന്നാവായക്കു ഒപ്പസിറ്റ് കിടക്കുന്ന , മാമാങ്കം (മാമന്മാരുടെ അങ്കം എന്ന് അതിനെ വ്യാഖ്യാനിച്ച് ഒരിക്കല്‍ ‌ ഞാ൯ ഹ്യൂമര്‍ സെന്‍സ് ഇല്ലാത്ത മലയാളം വാധ്യാരുടെ അടി വാങ്ങി വരവു വച്ചു.) എന്ന മഹാസംഭവത്തിനു ‌ അണിയറ തീര്‍ത്ത തവനൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍‌ നിന്നും അഞ്ചാം ക്ലാസ്സ് കഴിഞ്ഞ‌പ്പോളേക്കും ഞാ൯ പറിച്ചു നടപ്പെട്ടു-ബോര്‍ഡിംഗ് സ്കൂളിന്റെ മതിലുകള്‍‌‍‌‍ക്കും വല്ലപ്പോഴും തുറക്കുന്ന മുള ഗേറ്റിനും അകത്തേയ്ക്ക്. ചെരിപ്പുമിടാതെ, ബട്ടന്‍സ് ഇല്ലാത്ത നിക്കര്‍ കെട്ടി വച്ചും മൂക്കളാ ഒലിപ്പിച്ചും ആകെ മൊത്തം പൊടിയും മുശു നാറ്റവും കൃമികടിയുമായി കൂട്ടുകാരുടെ കൂടെ ഗോട്ടിയും ഏറുപന്തും കളിച്ചു ജോളിയടിച്ചു നടന്ന ഞാന്‍ കാലില്‍ ഷൂസും കുത്തിക്കയറ്റി , ഷര്‍ട്ട് ട്രൌസറിനുള്ളിലാക്കി, ബെല്‍റ്റു കെട്ടി, മുടി ചീകി, പൌഡര്‍ ഇട്ടു അറ്റന്‍ഷന്‍ നിന്നു പരിഷ്ക്കാരിയായി.
ബോര്‍ഡിംഗ് സ്കൂള്‍ എന്നാല്‍‌ പണച്ചാക്കുകള്‍ പൊങ്ങച്ചത്തിനു പിള്ളേരെ വിടുന്ന ഫൈവ് സ്റ്റാര്‍ ലേര്‍ണിംഗ് കം എന്റെര്‍റ്റൈന്‍മെന്റ് സെന്റെര്‍ ആണെന്നു കരുതരുതേ. ഇതു കേന്ദ്ര ഗവര്‍മെന്റു ഒരോ ജില്ലകളിലേയും, കൂട്ടത്തില്‍ മിടുക്കന്‍മാരായ 80 അലവലാതി പിള്ളേരെ വര്‍ഷം തോറും ഓടിച്ചിട്ടു പിടിച്ച് , ഫ്രീ ആയി കോളേജു വരെ പഠിപ്പിച്ച് ദേശസേവകരായി സീലടിച്ചു പുറത്തേയ്ക്കു പറപ്പിക്കുന്ന ധര്‍മ്മ സ്ഥാപനം. പാവം രാജീവ് ഗാന്ധിയുടെ (കു)പ്രസിന്ധമായ ഹ്യുമന്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം-നമ്മടെ സ്വന്തം നവോദയാ വിദ്യാലയംസ്. അവിടെ പഠിപ്പാന്‍ ചെല്ലുന്നതു സാമ്പ‌ത്തികമായി മധ്യ-അധോ വര്‍ഗ്ഗ നിലയിലുള്ള, സര്‍ക്കാരുദ്യോഗസ്ഥ-കച്ചവട ഗണങ്ങളുടെ തരക്കേടില്ലാത്ത കുരുത്തക്കേടുള്ള പിള്ളേര്‍സ് ആകുന്നു.
നീണ്ട ആറു കൊല്ലം അങ്ങനെ അവിടെ. കുറ്റം പറയരുതല്ലോ-വല്ലതും തലക്കകത്തു പതിഞ്ഞിട്ടുണ്ടെങ്കില്‍ അതൊക്കെയും അവിടെ നിന്നാകുന്നു. ദേശ സേവനം റ്റാക്സ് കൊടുക്കുന്നതില്‍ മാത്രം ഒതുക്കി. “ഇവിടെ അട്ടിയിടാതെ പുറത്തെങ്ങാനും പോയി വല്ല തോട്ടിപ്പണി ചെയ്താണെങ്കിലും നാലു ചക്രം ഇങ്ങോട്ടയച്ചു താടാ കൊശവാ“ എന്നു ഭാരതാംബ പറഞ്ഞപ്പോള്‍ കിട്ടിയ വിസയും എടുത്ത് ഭാണ്ഡോം മുറുക്കി, കരുമാടിക്കുട്ടന്‍മാരെ കൊള്ളയടിക്കാ൯ ഇങ്ങോട്ട്, ആഫ്രിക്കയിലേക്ക് പോന്നു.
അതിനും മുന്‍പേ ഡിഗ്രി എന്ന നാലു വര്‍ഷ മഹാമഹം പൂര്‍ത്തിയാക്കിയിരുന്നു. നാടോടുമ്പോള്‍ സൈഡില്‍ കൂടെ ഓടരുത് എന്നാരോ പറഞ്ഞതു കേട്ട് എന്‍‌ട്രന്‍സ് എഴുതി നോക്കി. എന്റെ റാങ്കു വച്ചു മെഡിസിനു അഡ്മിഷന്‍ കിട്ടണമെങ്കില്‍ ഓരോ പഞ്ചായത്തിലും മെഡിക്കല്‍കൊളേജ് തുടങ്ങണമായിരുന്നു. അവശേഷിച്ച എഞ്ചിനീയറിംഗില്‍, ആ കൊല്ലം കേരളത്തിലെ അവസാന സീറ്റ് കരസ്ഥമാക്കികൊണ്ട് റാങ്കു ലിസ്റ്റിലെ ഏറ്റവും വലിയ മണ്ടന്‍‌ എന്ന അപൂര്‍വ്വ ബഹുമതിക്കു ഞാന്‍ ഉടമയായി. സീറ്റില്ലെങ്കില്‍ അവന്‍ കമ്പിയേല്‍ പിടിച്ചോണ്ട് നിന്നോളും സാര്‍ എന്നു പറയാനിരുന്ന എന്റെ ഫാദര്‍ ഫിഗര്‍(ഫാദറിന്റെ ഫിഗര്‍ എന്നു മാത്രം അര്‍ത്ഥം) ആശ്വസിച്ചു കാണണം.
പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാ സംവിധാനം പഠിക്കാന്‍ കൊതിച്ച ഞാന്‍ അങ്ങനെ ഒരു
കംമ്പ്യൂട്ടര്‍ എടുത്തു മുന്നില്‍ വച്ചു കൂനിപിടിച്ചിരുന്ന് കീ ബോര്‍ഡില്‍ കൊട്ടാ൯ തുടങ്ങി-കൊട്ട് കൊട് കൊട്ട് കൊട് കൊട്ട്….ആ കൊട്ട് ഇന്നും തുടരുന്നു.

എപ്പിലോഗ് അഥവാ വാല്‍ :- അഞ്ചു വര്‍ഷം-മെഗാ സീരിയലിന്റെ അഞ്ചു എപ്പിസോഡ് പൊലെ അറു ബോറന്‍ ഫൈവ് ഇയേഴ്സ്. ഹൈദ്രാബാദ്, മദ്രാസ്, ബാംഗ്ലൂര്‍, ഡെല്‍ഹി, പാരീസ്, സ്റ്റാച്യൂ, സരിത, സവിത, ജോസ്. പിന്നെ ഇപ്പൊ ആഫ്രിക്ക. നാളെ? വെള്ളത്തില്‍ ചരിച്ചെറിഞ്ഞ ഓട്ടു കഷ്ണം പോലെ അങ്ങനെ തെന്നി തെറിച്ചു മുന്നോട്ട്…
മുങ്ങുന്നതിനു മുന്‍പെ പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ ചിരിക്കാന്‍ കുറെ ഓര്‍മ്മകള്‍…ഇന്റെര്‍നെറ്റില്‍ കയറി ഇടത്തും വലത്തും നോക്കിയാല്‍ ഗൂഗ്ലനും ബ്ലോഗനും കാട്ടിത്തന്ന ‍കുറെ നല്ല എഴുത്തുകാര്‍.ജീവിതം എത്ര ഉദാരം, ലളിതം, സുഖദം.

No comments:

Post a Comment

Please do not forget to comment

Authors in this blog

 • Adarsh
 • Amjith.T.S
 • Anil Raj
 • Aravind
 • Arjun A Bhaskaran
 • Divya Gokul
 • Navodayan
 • Praveen
 • Shafeeq Sha
 • Shiljith
 • Syam Prasad
 • Vandana Mohandas