Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Monday, September 12, 2011

ഒരു ഷക്കീല പടത്തിന്റെ കഥ

സഹസ്രാബ്ധത്തിന്റെ തുടക്കം
.
വിനീതവിധേയനായ ഈ ലേഖകനും സുഹൃത്തുക്കളും പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥികള്‍ . പതിനഞ്ചു വയസ്സ് പ്രായമേ ഉള്ളെങ്കിലും ഞങ്ങളുടെയൊക്കെ ധാരണ  ലോകം സ്വന്തം കാല്ച്ചുവട്ടിലാണെന്നാണ്.
അല്ലെങ്കിലും ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിയും കരുതുന്നില്ലല്ലോ അവന്‍ / അവള്‍ ഒരു കുട്ടിയാണെന്ന്. മുതിര്‍ന്നവരുടെ കണ്ണില്‍ ചെറുതാണെങ്കിലും അവര്‍ അവരുടെ കാഴ്ചപ്പാടില്‍ മുതിര്‍ന്നവരോളം വളര്‍ന്നവരാണ്. അല്ലെന്നു പറഞ്ഞാല്‍ ഒരു കുമാരനും സമ്മതിച്ചു കൊടുക്കാനും പോകുന്നില്ല.

നവോദയ വിദ്യാലയങ്ങളുടെ വെക്കേഷന്‍ ഉത്തരേന്ത്യന്‍ മാതൃകയിലാണ്. മധ്യവേനല്‍ അവധി മെയ്‌ -ജൂണ്‍ മാസങ്ങളില്‍ . ഇടയ്ക്ക് പൂജയും ദീപാവലിയും ചേര്‍ന്ന് വരുന്ന മാതിരി വേറൊരു അവധി.
ആകെ മൂന്നു മാസം അവധി കിട്ടുന്നതില്‍ മലയാളക്കരയോടു ചേര്‍ന്ന് പോവുന്നത് മെയ്‌ മാസം മാത്രം. ഫലത്തില്‍ രണ്ടു മാസം ഞങ്ങള്‍ അവരവരുടെ വീടുകളില്‍ ഏകാന്തത അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. സമപ്രായക്കാരായ ഞങ്ങളുടെ നവോദയേതര സുഹൃത്തുക്കള്‍ക്ക് അധ്യയനം ഉണ്ടെന്നത് തന്നെ കാരണം.

പത്താം ക്ലാസ്സ് വരെ നമ്മള്‍ തീരെ ചെറിയ കുട്ടികള്‍ ആയതിനാല്‍ മറ്റു നവോദയന്‍ സഹോദരങ്ങളുടെ വീടുകളില്‍ ഒറ്റയ്ക്ക് പോവാനോന്നും വീട്ടില്‍ നിന്നും സമ്മതം ഉണ്ടായിരുന്നില്ല. നവോദയ വിദ്യാര്‍ഥികള്‍  ജില്ല മുഴുവനും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.പോരാത്തതിന് അന്ന് കോട്ടക്കല്‍ , മലപ്പുറം, പെരിന്തല്‍മണ്ണ , മഞ്ചേരി, തിരൂര്‍ , പരപ്പനങ്ങാടി , വളാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദൂരം ഇന്നുള്ളതിലും കൂടുതലും ആയിരുന്നു. ഗണിത വിശാരദര്‍ കോപിക്കരുത്. അന്ന് വാഹനങ്ങള്‍ക്ക് ഇന്നത്രെയാത്ര വേഗതയോ , പാതകള്‍ ഇന്നത്തെയത്ര സുഗമമോ ആയിരുന്നില്ല.ആയതിനാല്‍ റിക്വയെട് ടൈം അഥവാ യാത്രാ ദൈര്‍ഘ്യം  ഇന്നത്തക്കാള്‍ കൂടുതലായിരുന്നു. 

എന്തായാലും പത്തില്‍ എത്തിയപ്പോഴേക്കും സ്ഥിതി മാറി . മാതാപിതാക്കള്‍ക്ക് അല്പസ്വല്പം ധൈര്യം ഒക്കെ വന്നു തുടങ്ങി. ഇനി ഇവന്മാരെ ഒറ്റക്കൊക്കെ ദൂരദേശങ്ങളിലെക്കൊക്കെ  അയയ്ക്കാം എന്ന് അവരും ചിന്തിച്ചു തുടങ്ങി. നമ്മളാണെങ്കില്‍ ഒറ്റയ്ക്ക് എവരെസ്ടിന്റെ ‌  മണ്ടയ്ക്ക്  കേറും എന്നുള്ള ആത്മവിശ്വാസത്തിലും. അങ്ങനെ പതിയെ പതിയെ നമ്മള്‍ കൌമാരവും സ്വാതന്ത്രവും ആഘോഷിച്ചു തുടങ്ങി.

പത്തിലെ പൂജാ അവധി.
സ്കൂള്‍ അടയ്ക്കുന്നതിന് മുന്‍പ് തന്നെ ജിഷ്ണുവും, അഭിലും, ഞാനും തീരുമാനിച്ചിരുന്നു ഈ അവധിയ്ക്ക് ഒത്തു കൂടണം എന്ന്. ജിഷ്ണുവിന്റെ വീട് അരക്ക്പറമ്പ് എന്ന സ്ഥലത്ത് . ഈയുള്ളവന്‍ കോട്ടക്കല്‍ നിവാസി. അഭിലാണെങ്കില്‍ കൊളത്തൂര്‍കാരനും. നടുക്കുള്ളത് കൊളത്തൂര്‍ ആയതിനാല്‍ സംഗമവേദി അഭിലിന്റെ വീടായി തീരുമാനിച്ചു. 

ജീവിതത്തില്‍ ആദ്യമായാണ്‌ ഞാന്‍ അന്ന് പെരിന്തല്‍മണ്ണയ്ക്ക് പോകുന്നത്. പെരിന്തല്‍മണ്ണ ബസ്‌ സ്ടാന്റിനടുത്തുള്ള വീരമണി ടെക്സ്റ്റൈല്സിനു മുന്നില്‍ വെച്ച് ജിഷ്ണുവുമായി സന്ധിക്കുമെന്നും, അവിടെ നിന്നും ഞങ്ങള്‍ ഒരുമിച്ചു കൊളത്തൂര്‍ ബസ്സില്‍ കയറി അഭിലിന്റെ വീട്ടിലേക്കു പോകുമെന്നും ആയിരുന്നു ധാരണ. പറഞ്ഞ സമയത്ത് തന്നെ  ഞാനും ജിഷ്ണുവും എത്തി. കൊളത്തൂര്‍ ബസ്സില്‍ കയറി തൂങ്ങിയാടി പോയികൊണ്ടിരിക്കുമ്പോഴാണ് മനസ്സില്‍ ലഡ്ഡു  പൊട്ടിയത്. ഉച്ചയ്ക്ക് ഒരു സിനിമയ്ക്ക് പോയാലോ ? ജിഷ്ണുവിനു സമ്മതം. 

കൊളത്തൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ അഭില്‍ കാത്തു നിന്നിരുന്നു. ബസ്‌ സ്റ്റാന്റ് എന്ന് പറയാന്‍ മാത്രമൊന്നും അന്നില്ല. ബസ്‌ തിരിക്കാന്‍ ഒരു സ്ഥലം. ഈയടുത്ത് അഭിലിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ടു, ചെറുതാണെങ്കിലും ഒരു ബസ്‌ സ്റ്റാന്റ് ഇപ്പോള്‍ അവിടെയുണ്ട്.

അഭിലിന്റെ അമ്മ വിഭവ സമൃദ്ധമായ സദ്യ തന്നെ തയ്യാറാക്കിയിരുന്നു മകന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി. ജിഷ്ണു ശുദ്ധസസ്യഭുക്ക്  ആയതിനാല്‍ ആയതിനാല്‍ പച്ചക്കറി വിഭവങ്ങളും , ഞാനും അഭിലും മിശ്രഭുക്കുകള്‍ ആയതിനാല്‍ മത്സ്യമാംസാദികളും ഉച്ചഭക്ഷണത്തിന് ഉണ്ടായിരുന്നു. അന്ന് കഴിച്ച കാന്താരിമുളക് അച്ചാറിന്റെ  സ്വാദ് ഇന്നും നാവില്‍ നിന്നും പോയിട്ടില്ല.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സിനിമയുടെ കാര്യം ഞങ്ങള്‍ എടുത്തിട്ടു. അപ്പോഴാണ്‌ അറിയുന്നത് പിള്ളേരുടെ മനസ്സറിയാവുന്ന അഭിലിന്റെ അച്ഛന്‍ രാവിലെ തന്നെ മകനെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്  കൂട്ടുകാര്‍ വന്നാല്‍ അവരെയും കൊണ്ട് സിനിമയ്ക്ക്  പോകണം എന്ന്. രോഗി കൊതിച്ചതും വൈദ്യന്‍ വിധിച്ചതും പാല് തന്നെ. സന്തോഷം.

വല്യേട്ടന്‍ എന്ന മമ്മൂട്ടി ചിത്രം തകര്‍ത്തോടുന്ന സമയമാണ് . നരസിംഹത്തിന്റെ ഹാങ്ങ്‌ ഓവര്‍ മാറിയിട്ടുമില്ല. തര്‍ക്കമൊന്നും ഉണ്ടായില്ല - മൂവരും ഒരേ സ്വരത്തില്‍ പറഞ്ഞു - വല്യേട്ടന്‍ കാണാം.

പെരിന്തല്‍മണ്ണ കെ സി മൂവീസിലാണ് വല്യേട്ടന്‍ കളിക്കുന്നത്. രണ്ടു മണിക്കാണ് മാറ്റിനി .
 അഭിലിന്റെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സമയം ഒന്നേകാല്‍ . ഒന്നേ മുക്കാലിനെങ്കിലും തിയേറ്ററില്‍ എത്തിയില്ലെങ്കില്‍ ടിക്കറ്റ്‌ കിട്ടില്ല എന്ന് ഉറപ്പ്. പ്രതീക്ഷ കൈവിട്ടില്ല . സലിം കുമാര്‍ അന്ന് പറഞ്ഞിട്ടില്ല - ബിരിയാണി കിട്ടിയാലോ എന്ന് . എങ്കിലും അത് തന്നെ സംഗതി.
പക്ഷെ ഞങ്ങള്‍ അങ്ങാടിപ്പുറം എത്തിയപ്പോഴേക്കും രണ്ടു മണിയായി. പ്രതീക്ഷകളുടെ സൂര്യന്‍ അസ്തമിച്ചു തുടങ്ങി എന്ന് തോന്നിയപ്പോഴാണ്  പുറത്തേക്കു വെറുതെ ഒന്ന് നോക്കിയത്. 

തൊട്ടു മുന്നില്‍ കണ്ട പോസ്റ്ററില്‍ മദാലസയായി നിന്ന് കൊണ്ട് ഒരു മുണ്ട് മാത്രം മാറിടത്തിന് കുറുകെ ഉടുത്ത ഷക്കീല ചേച്ചി ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു.
പടത്തിന്റെ പേര് തങ്കത്തോണി. 
അങ്ങാടിപ്പുറം കെ സി സിനി പാരഡയിസില്‍  രണ്ടരയ്ക്ക് മാറ്റിനി.
കൌമാരമനസ്സുകളില്‍  ആകാംക്ഷ ഉണര്‍ന്നു. ഇതെന്തായിരിക്കും സംഗതി?
കിന്നാരത്തുമ്പികളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.  പത്രത്തിലും വഴിയരികിലും കാണുന്ന അര്‍ദ്ധനഗ്ന സിനിമാ പരസ്യങ്ങള്‍ ആരും കാണാതെ ഇടം കണ്ണ് കൊണ്ട് പാത്തും പതുങ്ങിയും നോക്കിയിട്ടുണ്ട്.
ഇത്രയുമേ ഉള്ളൂ  മൂവര്‍ക്കും ഈ വകുപ്പിലുള്ള  മുന്‍പരിചയം. 
മനസ്സില്‍  കുന്നോളം പേടിയുണ്ട് . 
അറിയാത്തത് അറിയാനുള്ള കൌമാരസഹജമായ ആകാംക്ഷ ഞങ്ങളെ വിട്ടു പോകുന്നുമില്ല. മൂവരും മുഖത്തോടു മുഖം നോക്കി . 
ഒരു ചര്‍ച്ച വേണ്ടി വന്നില്ല- ആരും ഒന്നും പറയാതെ തന്നെ ഞങ്ങള്‍ അങ്ങാടിപ്പുറത്ത്  ഇറങ്ങി.  
തിയേറ്ററിലേക്ക്  നടക്കുമ്പോള്‍ ഒന്ന് കൂടി സ്വയം ചോദിച്ചു നോക്കി - വേണോ ?
മൂന്നു പേരുടെയും മനസ്സിനുള്ളില്‍ ഒരു വടം വലി നടക്കുകയായിരുന്നു. പേടിയും കൌതുകവും തമ്മില്‍ . ഒടുവില്‍ കൌതുകം തന്നെ വിജയിച്ചു.
ടിക്കറ്റ്‌ എടുക്കാനുള്ള വരിയില്‍ കേറി നിന്നു. റോഡില്‍ നിന്നും മുഖം തിരിച്ചാണ് നില്‍പ്പ് . പരിചയക്കാര്‍ ആരെങ്കിലും കണ്ടാലോ എന്നാണു പേടി  . ഇന്‍ ഹരിഹര്‍ നഗറില്‍ പറഞ്ഞ പോലെ 'ഗോവിന്ദന്‍ കുട്ടി സാറിന്റെ ടൈം നല്ല ബെസ്റ്റ് ടൈം ' ആണെങ്കിലോ ? സമൂഹത്തില്‍ അല്‍പ സ്വല്പം നിലയും വിലയുമോക്കെയ്ല്ലവരാന് മൂന്നു പേരുടെയും കാര്‍ന്നോന്മാര്‍ . അവരുടെ മക്കളെ ഷക്കീലപ്പടം   ഓടുന്ന തിയേറ്ററില്‍ വച്ച് കണ്ടെന്നു ആരെങ്കിലും ആരോടെങ്കിലും പറഞ്ഞാല്‍ ! ഹോ , ആലോചിക്കാന്‍ കൂടി വയ്യ.  സ്വന്തം മാനം മാത്രമല്ല , വീട്ടുകാരുടെയും മുഖത്ത് കരി തേക്കാന്‍ മാത്രം പോന്ന വിഷയമാണ്.
ഒടുവില്‍ തീരുമാനിച്ചു - ക്യൂ വരെ എത്തിയില്ലേ, ഇനി കണ്ടിറങ്ങാം എന്ന്. നനഞ്ഞു, പിന്നെ 
കുളിക്കാനെന്തിനാ മടി?
ഒരു മുടി നരച്ച അമ്മാവന്‍ വരിയില്‍ നിന്നു പറയുന്നത് കേട്ടു " ചെക്കമ്മാര് ട്രൌസരില്‍ന്നു കേറീട്ടില്ല .. "
 അമ്മാവനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ആരുടേയും  പ്രതികരണം ഒന്നും  കേട്ടില്ല . കുനിഞ്ഞ മുഖം പതുക്കെയൊന്നു ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടു - ഒട്ടു മിക്ക ആള്‍ക്കാരും ഒട്ടകപ്പക്ഷി മണലില്‍ തല പൂഴ്ത്തിയ ചേലിലാണ് നില്‍പ്പ്. അപ്പോള്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് മനസ്സിലായി. എങ്കിലും പേടിക്കൊരു കുറവും ഇല്ല.. 

ടിക്കറ്റെടുത്ത് അകത്തു കേറി ഇരിപ്പുറപ്പിച്ചിട്ടും പേടി മാറുന്നില്ല. അഭിലിനാണ് ഏറ്റവും കൂടുതല്‍ പേടി ഉണ്ടായിരുന്നത് . അവനാണല്ലോ സമീപവാസി. ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത്ത സ്ഥലത്തെ പ്രധാന വിദ്വാന്മാര്‍ ആരെങ്കിലുമൊക്കെ കൊട്ടകയ്ക്കുള്ളില്‍ വെച്ച് കണ്ടാല്‍ പിന്നെ മറ്റൊന്നും വേണ്ട. ബീബീസിയ്ക്ക് വാര്‍ത്ത കിട്ടിയതിലും വേഗത്തില്‍ സംഭവം നാട് മുഴുവന്‍ അറിയും.

പടം തുടങ്ങിയിട്ടും ഞങ്ങള്‍ മൂന്നു പേരും തല ഉയര്‍ത്തിയില്ല.
പേടി കൊണ്ട് അഭിലിന്റെ മുട്ട് കൂട്ടി ഇടിയ്ക്കാന്‍ തുടങ്ങി. പതിയെ ഞാനും ജിഷ്ണുവും തല ഉയര്‍ത്തി പടം കാണാന്‍ തുടങ്ങി. അന്ന് വരെ കണ്ട സിനിമകളുടെ സ്റ്റാന്‍ഡേര്‍ഡ് ഒന്നും അതിനില്ലായിരുന്നു. മോശം സംവിധാനം, മോശം തിരക്കഥ, മോശം അഭിനയം , മോശം ശബ്ദലേഖനം- ആകെമൊത്തം ടോടല്ലി ഒരു മോശം പടം.
തുണ്ട് പടത്തില്‍ പിന്നെ നീയൊക്കെ എന്താ പ്രതീക്ഷിക്കുന്നത് എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. ചോദ്യകര്‍ത്താക്കള്‍  ദയവായി ക്ഷമിക്കുക. 
അന്ന് ഞങ്ങള്‍ കൊച്ചു കുട്ടികളായിരുന്നു.പോരാത്തതിന് പേടി കാരണം ഞങ്ങള്‍ക്ക് ആ പടത്തിനു അര്‍ഹമായ പരിഗണന കൊടുക്കാനും കഴിഞ്ഞില്ല. കൌമാര സഹജമായ കൌതുകം മാത്രമായിരുന്നു ഞങ്ങളെ ആ ചിത്രശാലയില്‍ എത്തിച്ചത്. മാത്രമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ സഹായം  ധാരാളമായി ഉണ്ടായിരുന്നതിനാല്‍  കാര്യമായ 'കാഴ്ചകള്‍ ' ഒന്നും ഉണ്ടായിരുന്നില്ല താനും.    

എന്തായാലും ഇന്റര്‍വെല്‍ ആയപ്പോഴേക്കും ഞങ്ങള്‍ക്ക് പടം മടുത്തു.  
 പേടി കാരണം, അഭില്‍ പടം കാണല്‍ മതിയാക്കി ഇറങ്ങി പോയി. കാശ് കൊടുത്തതല്ലേ എന്ന് കരുതി ഞാനും ജിഷ്ണുവും അവിടെ തന്നെ ഇരുന്നു.  പക്ഷെ രണ്ടു പേര്‍ക്കും കേറിയത്‌ അബദ്ധമായി എന്ന ധാരണ ശക്തമായി തന്നെ ഉണ്ടായിരുന്നു താനും. പടം കഴിഞ്ഞു ഒരു വിധത്തില്‍ ആരും കാണാതെ പുറത്തു കടന്നു ഞാന്‍ കോട്ടയ്ക്കലെക്കും ജിഷ്ണു അരക്കുപറമ്പിനും പോയി.
ആരും ആരോടും ഒന്നും പറഞ്ഞില്ല.

ഇതിന്റെ  ക്ലൈമാക്സ്‌ ഉണ്ടായത് അഭിലിന്റെ വീട്ടിലാണ്. നിര്‍ദ്ദിഷ്ട സമയത്തിനും മുന്‍പ് വീട്ടിലെത്തിയ മകനോട്‌ അമ്മ ചോദിച്ചു - എന്താ മോനെ സിനിമ കണ്ടില്ലേ? .
നുണ പറഞ്ഞു പരിചയം ഇല്ലാത്ത അഭില്‍ സത്യസന്ധമായി മറുപടി കൊടുത്തു , കണ്ടെന്നു.
ഉടനെ വന്നു അടുത്ത ചോദ്യം , ഇത്ര പെട്ടെന്ന് സിനിമ കഴിഞ്ഞോ ?
അബദ്ധം മനസ്സിലാകിയ സുഹൃത്ത്‌ വീണിടത്ത് കിടന്നു ഉരുളാന്‍ ശ്രമിച്ചു. പടം അവനു ഇഷ്ടമായില്ല , അത് കൊണ്ട് പകുതിക്ക് വെച്ച് ഇറങ്ങിപ്പോന്നുവെന്നു.
ഹൈ സ്കൂളിലെ ടീച്ചറായ അമ്മയുണ്ടോ വിടുന്നു , ദാ വരുന്നു അടുത്ത ചോദ്യം - ഏതായിരുന്നു സിനിമ?
കള്ളം പറയാനറിയാത്ത അഭില്‍ വീണ്ടും പരുങ്ങി . " പടത്തിന്റെ പേര് ഓര്‍മയില്ല അമ്മെ, ശോഭന ആയിരുന്നു നായിക"
ശോഭനയെങ്ങാനും ഇത് അറിഞ്ഞിരുന്നെങ്കില്‍ അവനെതിരെ മാനനഷ്ടക്കേസ് കൊടുത്തേനെ. ഭാഗ്യം.
അവന്റെയും ഞങ്ങളുടെയും നല്ലകാലത്തിന്  കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും വന്നില്ല. ശോഭന എന്ന് കേട്ടപ്പോള്‍ അമ്മയ്ക്ക് തൃപ്തിയായി കാണണം.

 ആ സിനിമാ ചരിത്രം അവിടെ അങ്ങനെ അവസാനിച്ചു.

പക്ഷെ ഞങ്ങള്‍ മൂന്നു പേരും പിന്നെ ഈ വക ബി ഗ്രേഡ് സിനിമ കാണാന്‍ പോയിട്ടില്ല. പോവാന്‍ താല്പര്യം ഇല്ലായിരുന്നു എന്നതാണ് സത്യം. ആദ്യത്തെ ആഘാതമാണ് ഏറ്റവും തീക്ഷ്ണമായ ആഘാതം എന്നാണല്ലോ. കേരളം ആബാലവൃദ്ധം ചേച്ചിമാരെ കാണാന്‍ തിയെട്ടരുകളിലേക്ക് ഒഴുകിയപ്പോഴും ഞങ്ങള്‍ പോയില്ല. മള്‍ടി മീഡിയ മൊബൈല്‍ ഫോണുകളും ലാപടോപുകളും വേഗമേറിയ നെറ്റ് കണക്ഷനും ഇല്ലാത്ത കാലമാണ് എന്നോര്‍ക്കണം.
 
എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായി പാലക്കാട് വരുമ്പോഴും സിനിമയിലെ നീലത്തരംഗം അവസാനിച്ചിരുന്നില്ല. അവധി ദിവസങ്ങളില്‍ ശ്രീദേവി ദുര്‍ഗയിലും, സെന്ട്രലിലും  മറ്റും പോയി ഷക്കീല ചേച്ചിയെ കണ്ണ് നിറയെ കണ്ടിരുന്ന എന്റെ കൂട്ടുകാരെ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, അന്ന് ആ പടം കണ്ടത് എത്ര നന്നായി - അത് കൊണ്ടല്ലേ ഇപ്പോള്‍ ഇതിനു പോവാതെ പോക്കറ്റ്‌ മണി സേവ് ചെയ്യാന്‍ പറ്റുന്നത് എന്ന്.
  
ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ കാരണമുണ്ട്. തങ്കത്തോണിയിലെ നായിക ഷക്കീല ചേച്ചിക്ക് വേണ്ടി മാതൃഭൂമി ഓണപ്പതിപ്പ് ഇരുപത്തി എട്ടു പേജ് നീക്കി വെച്ചിരിക്കുന്നു എന്നാണു അറിഞ്ഞത്. കവിതയ്ക്ക് വേണ്ടി ഒരു പേജു പോലും നീക്കി വെക്കാതെ സമൃദ്ധിയുടെ ഉത്സവത്തിനു ഷക്കീലയെ ആഘോഷിക്കുന്ന മാതൃഭൂമിയുടെ കച്ചവട തന്ത്രത്തെ അപലപിച്ചു കൊണ്ടുള്ള ഒരു മെസ്സേജ് ഫേസ് ബുക്കില്‍ ഒരു സുഹൃത്തിന്റെ ചുമരില്‍ കണ്ടു. ഈ വര്‍ഷം മുഴുവന്‍ മാതൃഭൂമിക്ക് മുകളില്‍ ചപ്പാത്തി നിരത്തി പ്രതിഷേധിക്കണം എന്നാണു സുഹൃത്തിന്റെ ആഹ്വാനം. 
ചപ്പാത്തി നിരത്തിയാലും ഇല്ലെങ്കിലും ഒരു കാര്യം മറക്കേണ്ടാ... ദീപസ്തംഭം മഹാശ്ചര്യം- നമുക്കും കിട്ടണം കമന്റ്‌.
മാതൃഭൂമിയുടെ ആശംസകള്‍ക്കൊപ്പം  ഈ എളിയവന്റെയും ഈദ്‌-ഓണാശംസകള്‍ സ്വീകരിക്കണം എന്ന് അപേക്ഷ.

Monday, August 15, 2011

നവോദയയിലെ സ്വാതന്ത്രദിനങ്ങള്‍




ആഗസ്റ്റ്‌ 15 . പണ്ട് ഈ ദിവസം തുടങ്ങുന്നത് ഷൂ വെളുപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാലോചിച്ചു കൊണ്ടാണ്. തലേന്ന് രാത്രി ബ്രുഷും പൌഡറും ഷൂ പോളിഷും ചോക്ക്പൊടിയും ഉജാലയുമൊക്കെ മാറിമാറി പരീക്ഷിച്ചു 'നിറം' കെട്ട ഷൂസിനെ ഹൌസ് മിസ്ട്രസ്സുമാരുടെ കണ്ണു വെട്ടിച്ചു എം പി ഹോള്‍ വരെ എത്തിക്കാനുള്ള പാട്...
ഉടുപ്പില്‍ കുത്തിയ ദേശീയ പതാക തല തിരിഞ്ഞു പോയതിനു കേള്‍ക്കുന്ന വഴക്കുകള്‍, വഴക്ക് കേള്‍ക്കുന്നവരുടെ മുഖം കണ്ടുള്ള നിര്‍വൃതി... 'നശിച്ച' മാര്‍ച്ച് പാസ്റ്റു... പ്രസംഗങ്ങളും വെയിലും താങ്ങാനാവാതെ ഭൂമി കുലുക്കിക്കൊണ്ട്‌ നിലം പൊത്തുന്ന കൂട്ടുകാര്‍.... ദേശ ഭക്തി ഗാനങ്ങളുടെ 'മികവി' ന്‌ സമ്മാനമായി കിട്ടുന്ന എക്സ്ട്രാ ലഡ്ഡുകള്‍,,, കടലാസില്‍ പൊതിഞ്ഞു കൂട്ടുകാരന് സൂക്ഷിച്ചു വെച്ചിരുന്ന മധുരപ്പൊതികള്‍... ടി വി യില്‍ പരേഡു കാണാനുള്ള ആള്‍ക്കൂട്ടം, മുമ്പിലെ സീറ്റ് പിടിക്കാനുള്ള ഓട്ടം. പരേഡിന് ശേഷമുള്ള സിനിമകളായിരുന്നു ആകര്‍ഷണം, സിനിമകള്‍ കാണാന്‍ മുന്‍വശത്തെ ഇരിപ്പ് ഉറപ്പിക്കാന്‍ വേണ്ടി താല്പര്യമില്ലാതെയും പരേഡു മുഴുവന്‍ കാണുമായിരുന്നു. സിനിമകളെ ഇന്നത്തേക്കാള്‍ നിഷ്കളങ്കമായാണ് അന്ന് കണ്ടിരുന്നത്‌. കഥാപാത്രങ്ങളെ ഹൃദയം കൊണ്ടാണ് അറിഞ്ഞിരുന്നത്, ഒരാഴ്ചയെങ്കിലും നെഞ്ച് നോവിച്ചു കൊണ്ട് ചില കഥാപാത്രങ്ങള്‍ തങ്ങി നില്‍ക്കും, എത്ര ചെറിയ സിനിമയാണെങ്കിലും... ഇന്ന് അവയൊക്കെ 'നിലവാരം' കുറഞ്ഞവയായി തോന്നാം, ആഗസ്റ്റ്‌ 15 -കളിലെ നവോദയന്‍ സിനിമകള്‍ ഞങ്ങള്‍ക്ക് ജീവിതം അറിയലായിരുന്നു.



ഇപ്പൊ സ്വാതന്ത്രദിനങ്ങളുടെ മധുരം നഷ്ടമായി, അവധിയും പാട്ടുമൊന്നുമില്ലാതെ നമ്മളൊക്കെ 'വളര്‍ന്നു' പോയി. ഒരിക്കല്‍ക്കൂടി ഒരു ലഡ്ഡുവിനു കൈ നീട്ടാന്‍, സിനിമകള്‍ക്ക്‌ വേണ്ടി ഓടി സീറ്റ് പിടിക്കാന്‍, വെയില് കൊണ്ട് വീഴുന്നവരുടെ എണ്ണമെടുക്കാന്‍... ഒക്കെ കൊതി. വെറുതെ മോഹിക്കുവാന്‍ മോഹം...

Wednesday, July 27, 2011

Because, we are, Navodayans.


നമ്മുടെ ഒരു chechi അനുപമ ശ്യാം ഫെസ് ബുക്കില്‍ കുത്തി കുറിച്ച വരികള്‍ ചേച്ചിയുടെ സമ്മതം ഇല്ലാതെ കടം 
എടുത്തത് !!! 

A naughty, 'rude', senior I met on the corridors of JNV Malappuram, later became my favourite 'ettan'.
For many years after school, his compassionate letters in beautiful handwriting, filled my days, made me feel that somewhere, someone is there to think of me.
The lazy me, failed to reply many a times and the letters also stopped.
All o
f a sudden, he vanished and never again I could find someone like him.
14
വര്‍ഷങ്ങള്‍ക്കു ശേഷം രൂപെഷേട്ടനെ വീണ്ടും കണ്ടപ്പോള്‍ അറിയാതെ വീണ്ടും ആ സ്കൂള്‍ മുറ്റത്ത് എത്തിപ്പോയി.
A place which I never realised, was going to create a great impact on me.
കഴിഞ്ഞ ദിവസം നാട്ടിലുള്ള പഴയ ക്ലാസ്സ്‌മേറ്റ്‌ "അടുത്ത ഞായറാഴ്ച ഞങ്ങള്‍ സ്കൂളില്‍ പോകുന്നു - പ്രസാദ് സാറിന്റെയും ശ്രീകുമാര്‍ സാറിന്റെയും കൂടെ ഊണ് കഴിക്കും, നീയൊക്കെ കുബ്ബൂസും തിന്നു ഇരിക്കെടീ" എന്ന് പറഞ്ഞപ്പോള്‍ അവനോട് തോന്നിയ കുശുമ്പ്, ഇരച്ചു കയറിയ ദേഷ്യവും സന്തോഷവും - ഇതെന്റെ മാത്രമല്ല, അവിടെ നിന്ന് ഇറങ്ങിപ്പോന്ന ഓരോരുത്തരുടെയും മനസ്സാണ്.
അറിയാത്ത ഏതൊരു നാട്ടിലെത്തിയാലും നാമാദ്യം തിരയുക ഒരു നവോദയനെ ആയിരിക്കും. എന്തിനു, അറിയാത്ത ID യില്‍ നിന്ന് ഒരു friend request വന്നാല്‍ പോലും "ദേ ലെവന്‍ പിശകൊന്നും അല്ലല്ലോ" എന്ന് ഒരു mutual friend - നോടും ചോദിക്കാതെ Add ചെയ്യാന്‍ പറ്റുന്നതും മറ്റൊരു നവോദയനെത്തന്നെ.
ഞങ്ങള്‍ക്കു പരസ്പരം വിശ്വസിക്കാന്‍ "നവോദയന്‍" എന്ന ഒരൊറ്റ tag മതി.
We may fight and compete each other
But will never ditch, flirt or abandon..
We can't....
Because, we are, Navodayans...





Thursday, May 19, 2011

ആറാം ക്ലാസ്സുകാരന്റെ പരിഭവം !!


ഒരിത്തിരി വെട്ടോം ..മാഷിന്റെ വിസിലും ചേര്‍ന്നാല്‍ പുലര്‍ച്ചയായി..
കാപ്പി, കുളി, നന കഷ്ടി അരമണിക്കൂര്‍ 
എണ്ണമെടുപ്പ് ...
ക്ലാസ്സ്‌ മുറിക്കു നാല് ചുമര്  ..
ഓട്ടം ..വരി .. തീറ്റ 
വീണ്ടും ക്ലാസ്സ്‌ മുറിക്കു നാല് ചുമര്..
ഇടയ്ക്കു പരോള്‍ തരും.. കളിക്കാന്‍ ..
ചായ, കുളി, നന ..കഷ്ടി അര മണിക്കൂര്‍ 
ക്ലാസ്സ്‌ മുറിക്ക് നാല് ചുമര്..
ഓട്ടം..വരി ... തീറ്റ 
എണ്ണമെടുപ്പ് ..
രണ്ടു നില കട്ടിലില്‍ വലിഞ്ഞു കേറല്‍ .. 
രാത്രിയിലെ സ്വപ്നങ്ങള്‍ക്ക് പിറ്റേന്നത്തെ സാറന്മാരുടെ മുഖമായിരുന്നു...
എന്നാലും ഒരു കണക്കിന് ഉറങ്ങും ..

ശോ അപ്പോഴേക്കും ദേ വരുന്നു വീണ്ടും...
ഇത്തിരി വെട്ടവും, മാഷിന്റെ വിസിലും..




Wednesday, March 30, 2011

പൊട്ട കിണറ്റിലെ കഴുത




പൊട്ടകിണറ്റിലെ തവള എന്ന് കേട്ടിട്ടുണ്ടെങ്കിലും " പൊട്ട കിണറ്റിലെ കഴുത എന്ന് കേള്‍ക്കുന്നത് ആദ്യമായി ആകുമല്ലേ. ആ കഥ ഞാന്‍ നിങ്ങളോട് പറയാം. കഴുത ആരാണെന്ന് നിങ്ങള്‍ പറയണം. കാലം കുറച്ചു പിന്നോട്ട് സഞ്ചരിക്കണം അതായത് ഏകദേശം ഒരു എട്ടു വര്‍ഷം...

ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. എല്ലാ വര്‍ഷവും നടത്താറുള്ള കലാപരിപാടികളില്‍ ഇപ്രാവശ്യം ഹിന്ദി നാടക മത്സരവും ഉണ്ട്. ഹോസ്റ്റല്‍ ലീഡര്‍ ഞാനായിരുന്നു. ഹോസ്റ്റല്‍ അധ്യാപകന്‍ ഞങ്ങളുടെ പ്രിയ ഹിന്ദി വാധ്യാര്‍ " ദാമോദരന്‍ സാറും". അതിന്റെ ഒരു അഹങ്കാരം ഞങ്ങള്‍ക്കുണ്ടായിരുന്നു. പലതുമുണ്ട് അഹങ്കാരത്തിന് പിറകില്‍ . ഒന്ന് സ്ക്രിപ്റ്റ്‌ സാറെ കൊണ്ട് എഴുതിക്കാം. പ്രാക്ടീസ് എന്നാ പേരില്‍ ഒരുപാട് ക്ലാസുകള്‍ കട്ട് ചെയ്യാം. അങ്ങനെ പോകുന്നു കാര്യങ്ങള്‍ .തൊട്ടപ്പുറത്തെ ഹോസ്റെലുകളില്‍ ഉള്ളവര്‍ മമ്മൂട്ടിയുടെ കിംഗ്‌ സിനിമയിലെ ഡയലോഗുകള്‍ തര്‍ജമ ചെയ്തും ..ഷോലെ പടത്തിലെ പ്രസിദ്ധങ്ങളായ കിടിലന്‍ വരികള്‍ അതെ പടി പകര്‍ത്തിയും അരങ്ങു തകര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് ഒരു കൊച്ചു കഥ ആയിരുന്നു. ഒരു കിണറും, കര്‍ഷകനും അദേഹത്തെ ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളും.

സ്റെജിനു നടുവില്‍ വെക്കാന്‍ ഒരു കിണറിന്റെ മാതൃക കാര്‍ഡ്‌ ബോര്‍ഡ്‌ വെട്ടി ഉണ്ടാക്കി. ഓരോ കല്ലും മറ്റും കറുത്ത നിറങ്ങള്‍ വെച്ച് വരച്ചു ചേര്‍ത്തു. പിന്നെ അത് ബെഞ്ചിനോട് ചേര്‍ത്തു കെട്ടി. ചുരുക്കത്തില്‍ മുന്‍പില്‍ നിന്നും നോക്കിയാല്‍ ഒരു കിണര്‍ കാണാം. ഇനി നാടകത്തിന്റെ കഥ ചുരുക്കത്തില്‍ പറയാം. രാത്രിയില്‍ ഒരു കര്‍ഷകന്‍ നടന്നു പോകുന്നു. നടുവിലുള്ള പൊട്ടകിണര്‍ അയാള്‍ കാണുന്നില്ല. അബദ്ധത്തില്‍ കാലു തെറ്റി അയാള്‍ അതിലേക്കു വീഴുന്നു. പിന്നീട് അദേഹം നിലവിളികള്‍ സൃഷ്ട്ടിക്കുന്നു. അത് കേട്ട് അതിലെ പോകുന്ന വിവിധ തരം ആളുകള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ആണ് നാടകത്തിന്റെ ഇതിവൃത്തം.
നല്ലവണ്ണം പ്രാക്ടീസോക്കെ ചെയ്താണ് നാടകത്തിന് കയറിയത്. എനിക്കായിരുന്നു കര്‍ഷകന്റെ വേഷം. ഡയലോഗ് എല്ലാം മനപ്പാഠം ആക്കി ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച്‌ സ്റെജില്‍ കയറി.

കിണര്‍ യഥാസ്ഥാനത്ത്‌ വെച്ചു. കര്‍ട്ടന്‍ പൊക്കുമ്പോള്‍ കിണറും ഇരുട്ടും മാത്രം ആണ് കാണുക. സ്റെജിന്റെ പുറകില്‍ നിന്നും ഞാന്‍ ശബ്ദം മൈക്കിലൂടെ നല്‍കണം. ആദ്യത്തെ ആ വീഴ്ചയുടെ യഥാര്‍ത്ഥ ആവിഷ്കാരത്തിനു വേണ്ടി  ഒരു ബക്കറ്റ്‌ നിറയെ വെള്ളവും ഒരു എമണ്ടന്‍ കല്ലും ഞാന്‍ കരുതിയിരുന്നു. ഒരു കൂട്ടുകാരന്‍ മൈക്ക് അടുത്ത് പിടിക്കും, പിന്നീട് ഞാന്‍ കര്‍ട്ടന്‍ പൊങ്ങുന്ന സമയത്ത് കല്ല്‌ വെള്ളത്തില്‍ ഇടും. അതിനു ശേഷം ഉച്ചത്തില്‍ നിലവിളിക്കും. അതാണ്‌ പ്ലാന്‍ .
പ്ലാന്‍ പടി എല്ലാം തയാറായി. കര്‍ട്ടന്‍ ഉയര്‍ത്തുന്ന കുട്ടിയോട് ആന്ഗ്യത്തില്‍ ഉയര്‍ത്താനുള്ള സമ്മതം കൊടുത്തു. കര്‍ട്ടന്‍ മെല്ലെ ഉയരുമ്പോള്‍ ഞാന്‍ കല്ല്‌ വെള്ളത്തിലേക്കിട്ടു.

 " ബ്ളും... ബ്ളും "

തുടര്‍ന്ന് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.. " മുജെ ബചാവോ.... പ്ലീസ്‌..."

പുറത്തു പൊട്ടിച്ചിരികള്‍ ..എനിക്കാശ്വാസം ആയി എല്ലാവര്‍ക്കും  ഇഷ്ട്ടപെടുന്നുണ്ട്.

നാടകം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പല പല ആളുകള്‍ കിണറിന്റെ പരിസരത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴെല്ലാം ഞാന്‍ ഉച്ചത്തില്‍ നിലവിളി തുടര്‍ന്നു .

" മുജെ ബജാവോ പ്ലീസ്‌ "

എന്റെ നിലവിളികള്‍ക്ക് കയ്യടികളും പൊട്ടിച്ചിരികളും കൂടി. എന്റെ മനസ്സില്‍ സന്തോഷവും. അങ്ങനെ നാടകം പര്യവസാനിച്ചു. കൂടെ അഭിനയിക്കുന്നവരോടൊപ്പം സംസാരിക്കുന്നതിന്റെ ഇടയില്‍ അല്പം അഹങ്കാരത്തോടെ തന്നെ ഞാന്‍ എന്റെ പെര്ഫോര്‍മന്സിനെ കുറിച്ച് പറഞ്ഞു.

" എല്ലാവര്‍ക്കും എന്റെ ഡയലോഗുകള്‍ ഇഷ്ട്ടപെട്ടു.. നിങ്ങള്‍ കണ്ടില്ലേ എന്തായിരുന്നു കയ്യടിയും പൊട്ടി ചിരികളും "

അത് കേട്ട് കൂടെ നിന്നവന്‍ മെല്ലെ മൊഴിഞ്ഞു.

" ഈ നാടകത്തിന്റെ റിസള്‍ട്ട്‌ ഒന്ന് വന്നോട്ടെ എന്നിട്ട് ഇതിനുത്തരം പറയാം..!!

എനിക്കൊന്നും മനസിലായില്ല. " അതെന്താടാ നീ അങ്ങനെ പറഞ്ഞെ "?

ഉത്തരവും ഉടനടി വന്നു. " ഒരു സാധാരണ കര്‍ഷകന്‍ അതും ഒരു ഹിന്ദി നാടകത്തില്‍ മുജെ ബചാവോ എന്ന് പറയുന്നത് മനസിലാക്കാം.." അല്പം ഒന്ന് നിറുത്തി അവന്‍ വീണ്ടും തുടര്‍ന്നു.

"ഡാ മരകഴുതേ നീ എന്താ വിചാരിച്ചേ നിന്റെ കിടിലന്‍ ഡയലോഗ് കേട്ടിട്ടാണ് അവര്‍ ചിരിച്ചതെന്നോ.. അങ്ങനാണേല്‍ നിനക്ക് തെറ്റി. അവര്‍ ചിരിച്ചതെ നീ വാല് പോലെ എല്ലാ മുജെ ബചാവോയുടെയും ശേഷം ചേര്‍ത്ത " പ്ലീസ്‌ " കേട്ടിട്ടാ..!!

ആ ഒരു വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പേ ഒന്നാം സ്ഥാനം അടുത്ത ടീമിലേക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടു. അവിടെ നില്‍ക്കാതെ മെല്ലെ പുറത്തേക്കു മുങ്ങിയ എന്റെ പിറകില്‍ നൂറു കണക്കിന് പേര്‍ ഒരുമിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു...

" മുജെ ബചാവോ പ്ലീസ്‌....!!



Read more: http://arjunstories.blogspot.com/search/label/%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D#ixzz1I7B72bhZ
Under Creative Commons License: Attribution

Sunday, March 6, 2011

ഡേവിസ് സാര്‍ , ഞങ്ങളുടെ ഡേവിസ് സാര്‍ ...


ഇന്നലെ ഞങ്ങളുടെ ഡേവിസ്സാര്‍ മരിച്ചു. വര്‍ഷങ്ങളായുള്ള കാന്‍സര്‍ ദുരിതത്തില്‍ നിന്നു അദ്ദേഹം കര കയറിയതില്‍ സന്തോഷം തോന്നി. കാരണം, കഴിഞ്ഞ തവണത്തെ പൂര്‍വവിദ്യാര്‍ഥിസംഗമത്തിന് കണ്ടപ്പോള്‍ പ്രസാദ് സര്‍ പറഞ്ഞത് വേദന താങ്ങാനാവാതെ നിലവിളിക്കുന്ന ഡേവിസ്സാറിനെ പ്പറ്റിയാണ്‌. മടക്കയാത്രയില്‍ ബസില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഒരു ആര്‍ത്തനാദം കാതില്‍ മുഴങ്ങി. വേണ്ട, വേദനിപ്പിക്കുന്ന ഓര്‍മകളൊന്നും വേണ്ട. അത്കൊണ്ട് തന്നെ കൊരട്ടിയില്‍ ചെന്ന് അദ്ദേഹത്തെ അവസാനമായി കാണണ്ട എന്ന് തീരുമാനിച്ചു. ഓര്‍മകളില്‍ ഉള്ളത് പോലെ ഡേവിസ് സര്‍ പ്രസരിപ്പ് നിറഞ്ഞ, പുഞ്ചിരികള്‍ ദാനം ചെയ്യുന്ന, പണിഷ്മെന്റുകളിലൂടെ പൊട്ടിച്ചിരികളുതിര്‍ത്തുന്ന, എല്ലാവരും സ്നേഹിക്കുന്ന, എല്ലാവരെയും സ്നേഹിക്കുന്ന 'എസ് എസ്  സാര്‍ ' (സാമൂഹ്യപാഠം മാഷ്‌) ആയിത്തന്നെയിരിക്കട്ടെ.
നവോദയജീവിതം ആരംഭിച്ച ആറാം ക്ലാസ് പ്രായത്തില്‍ ഒരു നവോദയന്‍ എന്ന വികാരം എനിക്കുണ്ടായത് (പലര്‍ക്കും അങ്ങനെയാകാം) ഒരു കുഞ്ഞു ടൂറോടെയാണ്. അന്നത്തെ ഏറ്റവും വലിയ അത്ഭുതമായ മലമ്പുഴയിലെ ഡാം, തൂക്കുപാലം, ഫാന്റസി പാര്‍ക്ക്, Stone പാര്‍ക്ക്‌, ടിപ്പു സുല്‍ത്താന്റെ കോട്ട, എന്നിവയൊക്കെ കാണാന്‍ ഒരു വണ്‍ ഡേ ടൂര്‍. ഞങ്ങളെ അനുഗമിച്ച അദ്ധ്യാപകരില്‍ ഒരാള്‍ ഡേവിസ്സാര്‍ ആയിരുന്നു. മ്യൂസിക്‌ പഠിപ്പിച്ച ജോര്‍ജ് സെബാസ്ത്യന്‍ സാറിനു അന്ന് വരെ കഴിയാതിരുന്ന ഒരു കാര്യം ഡേവിസ്സാര്‍ സാധിച്ചെടുത്തു. അന്നത്തെ യാത്രയില്‍ ഡേവിസ്സാര്‍ പാടിയ പാട്ട് ഞങ്ങളെല്ലാവരും ഒരേ മനസ്സോടെ ഏറ്റു പാടി.

"ഇസ്കൂളിന്‍റെ മുറ്റത്തൊരു പൂമരമുണ്ടല്ലോ,
പൂമരം നിറയെ പൂക്കളുമുണ്ടല്ലോ...
പൂമരം മുറിച്ചൊരു കപ്പലുണ്ടാക്കി..."

ഓര്‍മ്മകള്‍ കണ്ണു നനയിക്കും, സത്യം!


ഡേവിസ്സാറിന്റെ എസ് എസ് ക്ലാസ്സുകള്‍... സാറിന്‍റെ മാത്രം വാഗ്പ്രയോഗങ്ങള്‍...
"1947 ആഗസ്റ്റു 15 ന്‌ നേരം പുലര്‍ന്നപ്പോള്‍ എന്തായി?"
"ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി."
"പിന്നെയോ?"
"!!!"
"
അനിക്സ്പ്രേയുടെ പരസ്യം മാതിരിയായി. ബ്രിട്ടിഷുകാരന്റെ 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!'"

അനിക്സ്പ്രേ പാല്‍പ്പൊടിയുടെ ബ്രാന്‍ഡ് ഇപ്പൊ ഉണ്ടോ? അറിയില്ല. പക്ഷെ '
പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!' എന്ന പരസ്യവാചകം ഇപ്പോഴും ഓര്‍ക്കുന്നു -- ഞങ്ങളുടെ ഡേവിസ്സാര്‍‍!


വാതിലിനു പിന്നിലെ സ്ലാബിനു 'ഏത്തക്കല്ല്' എന്ന് പേരിട്ടതും, അസൈന്‍ന്മെന്റ് ചെയ്യാത്തതിന്റെ ശിക്ഷ എത്തമിടുന്നയാളുടെ കൈമുട്ടുകള്‍ ഏത്തക്കല്ലിലിടിക്കുമ്പോഴുള്ള ശബ്ദത്തോടെ മാത്രമേ പൂര്‍ണ്ണമാവൂ എന്ന് കണ്ടുപിടിച്ചതും സാറാണ്.


ഒരു യൂണിറ്റ് ടെസ്റ്റ്‌ (മാസാമാസം ഉള്ള പരീക്ഷ അഥവാ യു. ടി ) കാലം കഴിഞ്ഞു ക്ലാസ്സില്‍ കയറി വന്ന
ഡേവിസ്സാര്‍ വന്ന പാടെ ചോദിച്ചു: "ആര്‍ക്കെങ്കിലും 'ചപ്ലാങ്കട്ട' എന്താണെന്ന് അറിയുമോ?"
ആര്‍ക്കുമറിയില്ല. പഠിപ്പിസ്റ്റുകള്‍ പരസ്പരം നോക്കി -- ഞങ്ങള്‍ കാണാതെയും സിലബസ്സില്‍ വാക്കുകളോ?

അല്ലാത്തവര്‍ സാറിനെ നോക്കി. ഹോം വര്‍ക്കുകളും അസ്സൈന്മെന്റുകളും മൈന്‍ഡ് ചെയ്യാത്തതിന് പുറത്താക്കപ്പെട്ട 3-4 പേരുടെ (ഞാനുള്‍പ്പടെ) തലകള്‍ അകത്തേയ്ക്ക് നീണ്ടു.
സാര്‍ ചോക്കെടുത്ത് ബോര്‍ഡില്‍ ഒരു പടം വരച്ചു. ഏകദേശം ഇതുപോലെ ഒന്ന്:




പഠിപ്പിസ്റ്റുകള്‍ നോട്ടുബുക്കിലേക്ക് പടം പകര്‍ത്തി വരച്ചു.
സാര്‍ പറഞ്ഞു: "ഇതാണ് ചപ്ലാങ്കട്ട. ഇനി ആരും അറിയില്ല എന്ന് പറയരുത്. ഇന്ന് കുറെപ്പേരുടെ തലയും ചെവിയും ഞാന്‍ ചപ്ലാങ്കട്ടയാക്കും. ഞാന്‍ യു. ടി. ബുക്ക് തരാന്‍ പോകുകയാണ്. എടാ ലീഡറെ, സ്റ്റാഫ്‌ റൂമില്‍ പോയി എന്‍റെ മേശപ്പുറത്തു നിന്നു യു. ടി. ബുക്സ് എടുത്തിട്ട് വാ... "
ഞങ്ങളുടെ
ഡേവിസ്സാര്‍‍!

എതിരെ വരുന്നവര്‍ക്കെല്ലാം കൊച്ചുകൊച്ചു ഡയലോഗുകള്‍ കൊടുത്തു കൊണ്ട് ഒരു പുഞ്ചിരിയോടെയോ പൊട്ടിച്ചിരിയോടെയോ കടന്നുപോകാനനുവദിച്ചിരുന്ന
ഡേവിസ്സാര്‍‍...

സാറിനെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മകള്‍ക്ക് ഉപ്പുമണമാണ്. ഞങ്ങളുടെ ഒമ്പതാം ക്ലാസ് കാലഘട്ടം. എസ് എസ് ക്ലാസ്സിലേക്ക് കയറി വന്ന ഡേവിസ് സാറിനെ എല്ലാവരും എഴുന്നേറ്റു നിന്നു സ്വീകരിച്ചു. സാറിനു പാലക്കാട്ടെയ്ക്ക് ട്രാന്‍സ്ഫര്‍ ആയി എന്ന് എല്ലാവരും അറിഞ്ഞിരുന്നു. ആരും ഒന്നും പറയാതെ കുറച്ചു നിമിഷങ്ങള്‍. യാത്ര പറയാന്‍ വന്ന
ഡേവിസ്സാര്‍ ഒരു വാക്കും മിണ്ടാനാവാതെ, ഏവരെയും അമ്പരപ്പിച്ചുകൊണ്ട്‌ പെട്ടെന്ന് പൊട്ടിക്കരഞ്ഞു. ക്ലാസ്സിലെ അടക്കിയ തേങ്ങലുകള്‍ ഒന്നൊന്നായി തൊണ്ടകളെ ഉപേക്ഷിച്ചു പുറത്തു കടന്നു. ഒരു കൈ കൊണ്ട് മുഖം മറച്ച് മറുകൈ വീശിക്കാണിച്ചു സാര്‍ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോയി.

പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്നലെ
ഡേവിസ്സാര്‍ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇപ്പോള്‍ നമ്മളാരും കരയേണ്ടതില്ല, സാര്‍ പോയത് അനാരോഗ്യങ്ങളുടെ നരകത്തില്‍ നിന്നാണ്. മരണാനന്തരം എന്നൊന്നുണ്ടെങ്കില്‍ സാര്‍ സ്നേഹത്തിന്റെ വലിയ ലോകത്തെയ്ക്കായിരിക്കും പോയിരിക്കുക. അവിടെ സാറിന്‍റെ കൊച്ചു തമാശകള്‍ ആസ്വദിക്കാന്‍ പ്രേമവല്ലിമിസ്സും അനുക്കുട്ടനുമൊക്കെ ഉണ്ടാകും.

നമ്മുടെ
ഡേവിസ്സാറിനു ആദരാഞ്ജലികള്‍ നേരുന്നു.

Monday, February 28, 2011

ലോകോത്തര നവോദയ പുസ്തക വേട്ട. സത്യവും, മിഥ്യയും..മൂന്നാം (അവസാന) ഭാഗം.


ഇതിന്റെ ഒന്നാം ഭാഗത്തിന് ഇവിടെ ക്ലിക്ക്  ചെയ്യുക  

ഇതിന്റെ രണ്ടാം ഭാഗത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക 








ബസ്‌ സ്റാണ്ടില്‍ വെച്ച് ഒരു കള്ളനെ കയ്യില്‍ കിട്ടുകയും ആദ്യമായി ഒരാള്‍ കൈ വക്കുകയും ചെയ്‌താല്‍ എന്ത് സംഭവിക്കും..അതിലെ പോകുന്നവരും വരുന്നവരും കൈ വെക്കും അല്ലെ. അത് തന്നെ ഇവിടെയും സംഭവിച്ചു. ആദ്യത്തെ അടി പൊട്ടിയതെ ഓര്‍മയുള്ളൂ. പിന്നെയങ്ങോട്ട് ചറ പറ അടിയായിരുന്നു. ഏറ്റവും വലിയ സാറന്മാര്‍ മുതല്‍ ചെറിയവര്‍ വരെ കൊതി തീരുവോളം തരിപ്പ് മാറ്റി. എന്റെ മുഖമൊക്കെ ചീര്‍ത്തു. കരച്ചില്‍ ഉണ്ടായിരുന്നതൊക്കെ ആദ്യത്തെ രണ്ടു മൂന്നു കൈ പതിയലില്‍ തീര്‍ന്നിരുന്നു.പിന്നെ അങ്ങോട്ട്‌ ആകെ തരിച്ച അവസ്ഥയില്‍ എന്ത് വേദന..?? എന്ത് എവിടെ നിന്ന് എന്നുള്ള ചോദ്യത്തിന് എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു രൂപയ്ക്ക് പുറത്തു വാങ്ങാന്‍ കിട്ടുന്ന ജിജി ചിലമ്പിലിന്റെ പുസ്‌തകം. അത് കൊണ്ടൊന്നും അവര്‍ക്ക് ത്രിപ്തിയായില്ല. എന്നെ സഹായിക്കുന്ന (പുസ്‌തകം തന്നു) സീനിയര്‍മാരുടെ  പേരായിരുന്നു അവര്‍ക്ക് അറിയേണ്ടത്.   അങ്ങനെ ഒരു പേരില്ലാത്തത് കൊണ്ടും അവരെക്കാള്‍ നന്നായിട്ട് ഞാന്‍ സാഹിത്യം എഴുതുന്നത്‌ കൊണ്ടും ചൂണ്ടി കാണിക്കാന്‍ ഒരു പേരില്ലാതിരുന്നത് അടിയുടെ എണ്ണം കൂട്ടി.

ഏതായാലും അടിയുടെ ഇടിയുടെ പൂരം കഴിയുമ്പോള്‍ എന്റെ ക്ലാസ്സിലെ എന്നല്ല. എല്ലാ ആണ്‍കുട്ടികളും ഹോസ്റെലിലേക്ക് മാര്‍ച് നടത്തുന്നു.അപ്പോള്‍ ഒരു വന്‍ കടമ്പ കൂടി. ഇനി ഹോസ്റ്റലില്‍ നിന്നും കാണാം എന്നാ വാഗ്ദാനവുമായി സാറന്മാര്‍ എന്നെ വിട്ടയച്ചു.അങ്ങനെ ഞങ്ങള്‍ ഹോസ്റ്റലില്‍ എത്തി. ഗ്രില്ല്സ് എല്ലാം അടച്ചിട്ടിരിക്കുന്നു. തിലക് ഹൌസ് അതായത് എന്റെ ഹോസ്റ്റലില്‍ തന്നെ തുടക്കം. ഗണപതിക്ക്‌ തന്നെ തേങ്ങ അടിച്ചു വേണ്ടേ തുടങ്ങാന്‍ എന്ന് വിചാരിച്ചായിരിക്കും. എന്റെ വിങ്ങില്‍ അന്ന് ചെക്കിങ്ങിനു കേറിയവരില്‍  പ്രമുഖര്‍ ശ്രീകുമാര്‍ സര്‍ , സുരേഷ് സര്‍ , പിന്നെ സുരേന്ദ്രന്‍ പിള്ള സാര്‍ ..എന്നിവര്‍ ആയിരുന്നു. അങ്ങനെ ചെക്കിംഗ് തുടങ്ങി. ഓരോരുത്തരുടെയും പെട്ടികള്‍ തുറന്നു പരിശോധന തുടങ്ങി. എന്റെ പെട്ടി പരിശോധനയ്ക്ക്  വിധേയമാക്കി. രാഷ്ട്ര ദീപിക സിനിമയുടെ പുറകില്‍ എല്ലാ ആഴ്ചയും വരാറുള്ള " ഇന്നത്തെ ഗ്ലാമര്‍ " എന്ന പേജിലെ എല്ലാ അര്‍ദ്ധ നഗ്ന സുന്ദരിമാരുടെയും ചിത്രങ്ങള്‍ വൃത്തിയായി തുന്നി ഒരു പുസ്തക പരുവത്തില്‍ സൂക്ഷിച്ചിരുന്നത് അവര്‍ പിടിച്ചു.കൂടാതെ അല്ലറ ചില്ലറ നിരുപദ്രവകാരികളായ ലേഖനങ്ങളും.


അപ്പുറത്ത് സുരേന്ദ്രന്‍ പിള്ള സാറിന്റെ അലര്‍ച്ച.. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.ടുട്ടു മോന്റെ പെട്ടി പരിശോധനയില്‍ ആണ് സാര്‍ . പെട്ടി നിറയെ തുണിയാണ്. മുഷിഞ്ഞതും അല്ലാത്തതും. ടുട്ടു മോന്‍ നിന്ന് വിറക്കുകയാണ്. രാത്രി ഞങ്ങള്‍ കാണാതെ ഒളിപ്പിച്ചു വെച്ച ഗള്‍ഫ്‌ സുന്ദരികള്‍ അതിനടിയില്‍ കിടന്നു വീര്‍പ്പ് മുട്ടുന്നു.
" ആ തുണിയൊക്കെ ഈ വശത്തേക്ക് മാറ്റിയിടെടാ "

ടുട്ടു മോന്‍ പുസ്‌തകം അടക്കം കൂട്ടി പിടിച്ചു ഒരു വശത്തെക്കിടും.

"ഇപ്പുരതെക്കിടെടാ "..

അപ്പോളും അവന്‍ ഇത് തന്നെ ചെയ്യും. അവസാനം ദേഷ്യം പിടിച്ചു സുരേന്ദ്രന്‍ പിള്ള സാര്‍ അലറി.

" ഓരോന്നോരോന്നായി മാറ്റി പുറതെക്കിടടാ "..

നിക്കക്കള്ളിയില്ലാതെ ടുട്ടു മോന്‍ ഓരോന്നായി മാറ്റിയിടാന്‍ തുടങ്ങി .. ഏതോ ഒരു തുണി പുരതെതിയതും ടുട്ടു മോന്റെ മുഖത്ത് പടക്കം പൊട്ടിയതും ഒരുമിച്ചായിരുന്നു..

ഓടിയെത്തിയ ശ്രീകുമാര്‍ സാര്‍ ഉച്ചത്തില്‍ നിലവിളിച്ചു.

" സുരേഷ് സാറേ ഇത് കണ്ടോ..ഇവന്മാരുടെ കയ്യില്‍ ..!!!

ഒരു പരുങ്ങലില്‍ ടുട്ടു മോന്‍ ഞങ്ങളെയൊക്കെ നോക്കി.ഞങ്ങള്‍ അറിയാതെ ആയിരുന്നല്ലോ ഇത്. എന്തായാലും ശ്രീകുമാര്‍ സാറിന്റെ അലര്‍ച്ച കേട്ട എല്ലാവര്‍ക്കും മനസിലാകും സാര്‍ ജീവിതത്തില്‍ ഇത് പോലൊന്ന് കണ്ടിട്ടില്ലെന്ന്. എന്തൊക്കെയായാലും സുരേഷ് സാര്‍ അതെടുത്തു കക്ഷത്തില്‍ തിരുകി.എന്നിട്ട് ഞങ്ങളെ നോക്കി പറഞ്ഞു.

" ഇതൊന്നും വായിക്കാനുള്ള പ്രായം ആയില്ല. ആകുമ്പോള്‍ വന്നു വാങ്ങിക്കോ "

അതും പറഞ്ഞു അവര്‍ പുറത്തേക്കു നടന്നു. എല്ലാ ഹൌസിലും തരികിടകള്‍ ഉണ്ടായിരുന്നെങ്ങിലും തിലകില്‍ നിന്നും രാമന്‍ ഹൌസില്‍ എത്തിയപ്പോളെക്കും എല്ലാം വളരെ വൃത്തിയിലും വെടുപ്പിലും മിടുക്കന്മാര്‍ ആക്കിയിരുന്നു. ചിലര്‍ ഭിത്തിയില്‍ മഴവെള്ളം താഴേക്കു പോകാന്‍ പിടിപ്പിച്ച പൈപ്പ് വഴി രണ്ടാം നിലയിലേക്ക് പിടിച്ചു കയറുകയും തങ്ങളുടെ പെട്ടികളില്‍ ഉണ്ടായിരുന്ന ആര്‍ ഡി എക്സ് പുറത്തേക്കു കടത്തുകയും ചെയ്തു എന്നത് ഐതീഹ്യം .അത് കൊണ്ട് തന്നെ റെയ്ഡ്‌ നടത്തിയ സാറന്മാര്‍ക്ക്‌ നിരാശ ആയിരുന്നു. 
നിരപരാധികള്‍ക്കും കണക്കിന് കിട്ടിയിരുന്നു അന്ന്. ടാഗോര്‍ ഹൌസില്‍ പരിശോധന നടക്കുമ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പാവം കുഞ്ഞുവിനോട്  (കുഞ്ഞുവിന്റെ അനുഭവം സ്വന്തം വരികളില്‍ എഴുതിയത് വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ )പെട്ടി തുറക്കുന്നതിനു മുന്‍പേ സാര്‍ ചോദിച്ചു.
 "നിന്റെയടുത്ത് വല്ല പുസ്തകവും ഉണ്ടോടാ ?? 

" ഉണ്ട് സാര്‍ ".. വളരെ നിഷ്കളങ്കമായ ഉത്തരം. 

ഉടന്‍ തന്നെ അടി പാര്‍സല്‍ ..

" ഇങ്ങോട്ടെടുക്കെടാ മുട്ടേന്നു വിരിഞ്ഞിട്ടില്ല അപ്പോളേക്കും നീയൊക്കെ ഒണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാനല്ലേ".

തനിക്കു കിട്ടിയ അടി എന്തിനാനെന്നറിയാതെ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ബാലരമയും, ബാലഭൂമിയും കുഞ്ഞു സാറന്മാര്‍ക്ക്‌ കൈ മാറി . ചാകര പ്രതീക്ഷിച്ച സാറന്മാര്‍ ഉണക്കമീന്‍ കണ്ടു തരിച്ചു നിന്നു.

" ഇതങ്ങു നേരത്തെ പറയാമായിരുന്നില്ലെടാ "..

മറുപടി കവിളില്‍ തലോടി നിന്ന പാവം കുഞ്ഞുവിന്റെ മൌനം ആയിരുന്നു. 
വൈകീട്ട്  ഹോസ്റെലിനു  മുന്‍പിലിട്ടു പിടിച്ച പുസ്തകങ്ങളെല്ലാം കൂട്ടിയിട്ടു തീയിട്ടു.

രാത്രി റോള് കോള്‍ കഴിഞ്ഞു എന്റെ വീടിനടുത്ത്‌ നിന്നും വരുന്ന പ്രസാദ് സാര്‍ വിളിച്ചു.
 "നീ ഇനി നല്ല കുട്ടിയാകുമെന്ന് ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഈ സംഭവം ഒന്നും വീട്ടില്‍ അറിയിക്കുന്നില്ല.പോയി കിടന്നുറങ്ങിക്കോ ."

അങ്ങനെ റൂമിലെത്തിയ എന്നോട് ടുട്ടു മോന്‍ ചോദിച്ചു.

" എടാ സുരേഷ് സാര്‍ പറഞ്ഞില്ലായിരുന്നോ പ്രായം ആകുമ്പോള്‍ ചെന്നാല്‍ ആ പുസ്‌തകം തിരിച്ചു തരാമെന്നു.എന്നിട്ട്  ഒരു ദയയുമില്ലാതെ എല്ലാം കത്തിച്ചു കളഞ്ഞു ദുഷ്ടന്മാര്‍ ."

അപ്പുറത്ത് നിന്നു രഘുവിന്റെ ശബ്ദം ഉയര്‍ന്നു കേട്ട്.

" ഡാ പൊട്ടാ അവരതെല്ലാം ഭദ്രമാക്കി വെച്ചിട്ടുണ്ട്. ഈ കത്തിച്ചു കളഞ്ഞതെല്ലാം റെയ്ഡില്‍ പിടിച്ച ബാലരമയും, ബാലമംഗളവും , പൂമ്പാറ്റയുമാ.."

ഉള്ളില്‍ മെല്ലെ ചിരിച്ചു ഞാന്‍ മെല്ലെ കൊതുക് വലയുടെ ഉള്ളിലേക്ക് മറഞ്ഞു..ഒരു സുഖ നിദ്രയിലേക്ക്. 

..................................................ശുഭം ..................................................


Sunday, February 27, 2011

ലോകോത്തര നവോദയ പുസ്തക വേട്ട. സത്യവും, മിഥ്യയും..രണ്ടാം ഭാഗം.


ഇതൊരു  തുടര്‍ച്ചയാണ്. അത് വായിക്കാന്‍ ഇവിടെ  ക്ലിക്കൂ.. 







സ്റ്റഡി ക്ലാസ്സ്‌ കഴിഞ്ഞിറങ്ങുമ്പോള്‍ ഏകദേശം രാത്രി എട്ടു മണി. ഹോസ്റെളിലെക്ക് ഒഴുകി നീങ്ങുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലൂടെ ഞാന്‍ മെല്ലെ ഊളിയിട്ടു നീങ്ങി.എന്റെ പിറകില്‍ ഒരു മേശയുടെ മുകളില്‍ നാലായി കീറിയ എന്റെ കൊച്ചു പുസ്തകം കൃത്യമായി അടുക്കി ചേര്‍ത്ത് വായിക്കുകയായിരുന്നു ശ്രീകുമാര്‍ സാര്‍ .




"എന്റെ ഹൃദയത്തില്‍ കൊട്ടിയ പെരുംബരകള്‍ക്ക് അസെമ്ബ്ലിക്ക് കൊട്ടുന്ന ബാണ്ടിനോളം ഒച്ചയുണ്ടായിരുന്നു. മെസ്സില്‍ എത്തിയിട്ടും ഭക്ഷണം ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. ആകെ ഒരു സംഘര്‍ഷാവസ്ഥ. അങ്ങനെ അതും കഴിഞ്ഞു. ഇനി ഒരു കടമ്പ കൂടി ബാക്കിയുണ്ട് . റോള് കോള്‍ . എന്നും കിടക്കുന്നതിനു മുന്‍പ് എല്ലാവരും ഹോസ്റ്റലില്‍ ഉണ്ടോ അതോ ചാടിപോയോ എന്നൊക്കെ അറിയാന്‍ വരി നിര്‍ത്തി എണ്ണുന്ന ഒരു ഏര്‍പ്പാട്‌. സാധാരണ അത് കഴിയുമ്പോള്‍ തെറ്റ് ചെയ്തവന്മാരെ വിചാരണയ്ക്ക് നിരത്തുന്ന ശീലം ആയിരുന്നു അവിടെ. സ്വാഭാവികം ആയും ഞാനും പ്രതീക്ഷിച്ചു. ഇപ്പൊ വരും വിളി.
"തിലക് ഹൌസിലെ അര്‍ജുന്‍ ഇവിടെ നില്‍ക്കണം."
മുട്ടൊക്കെ കൂട്ടിയിടിക്കാന്‍ തുടങ്ങിയിരുന്നു. സുരേഷ് സാറിന്റെ കയ്യിന്റെ വലിപ്പവും , രമേശന്‍ സാറിന്റെ ഉയരവും ആലോചിച്ചപ്പോള്‍ തന്നെ മൂത്രം വരെ പോകുമെന്ന സ്ഥിതി വിശേഷം വന്നു. റോള് കോള്‍ കഴിഞ്ഞിട്ടും ആരും എന്നെ മൈന്‍ഡ് ചെയുന്നില്ല. പരമുവിനെയും. സമാധാനം.എന്റെ പോയ സന്തോഷമൊക്കെ തിരിച്ചു വന്നു. ജോളിയടിച്ചു ഹോസ്റെളിലേക്ക് നടന്നു. ഒരു പണി കിട്ടിയിട്ടും നന്നാവുന്ന ലക്ഷണമൊന്നും ഏതായാലും കുഞ്ഞു ബുദ്ധിയില്‍ ഉണ്ടായില്ല. മറിച്ച് അതിലും വലിയ ഒരു സാഹസം ആണ് അന്ന് ഞങ്ങളുടെ ഹോസ്റ്റലില്‍ അരങ്ങേറിയത്‌. അത് പറയണമെങ്കില്‍ ഈ കഥയില്‍ നിന്നും അല്പം ഒന്ന് മാറി സഞ്ചരിക്കണം.

ഏകദേശം, അതായത്‌ ഈ സംഭവങ്ങള്‍ നടക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഹോസ്റെലിനു പിറകു വശത്തുള്ള കശുമാവുകളില്‍ നിന്നും കശുമാങ്ങ ശേഖരിക്കാന്‍ പോയ തിലക് ഹൌസിലെ ടുട്ടുമോനും, രേഘുവും തിരിച്ചു വന്നത് ഞങ്ങളുടെ മഹാന്മാര്‍ ആയ സീനിയര്‍മാരില്‍ ആരോ പാറകെട്ടുകള്‍ക്കിടയില്‍ വിദഗ്ധമായി ഒളിപ്പിച്ചു വെച്ച ഒരുഗ്രന്‍ ഗള്‍ഫ്‌ പുസ്തകവുമായിട്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ "കുഞ്ഞു പുസ്തകം" മാത്രം കണ്ടു ശീലിച്ച ഞങ്ങള്‍ക്ക് ആദ്യമായി കിട്ടിയ ഒരു "വലിയ പുസ്തകം" ആയിരുന്നു അത്.നിറയെ സുന്ദരിമാരുടെ കളര്‍ ചിത്രങ്ങള്‍ നിറഞ്ഞ ഒരു പുസ്തകം. ഹോസ്റെലിന്റെ സ്ഥാപക സമയത്ത് ക്ലാസ്സ്‌ റൂം ആയി ഉപയോഗിച്ചിരുന്ന പഴയ കെട്ടിടത്തില്‍ ചുമരിന്റെ മുകളില്‍ ആയിരുന്നു ഞങ്ങള്‍ അത് സൂക്ഷിച്ചിരുന്നത്.എന്നും റോള് കോള്‍ കഴിഞ്ഞാല്‍ ടുട്ടു മോന്‍ അത് ഹോസ്റെളിലേക്ക് കൊണ്ട് വരും.പിന്നീട് കൊതുകുവല താഴ്ത്തിയിട്ടു എല്ലാരും കൂടി അതിനുള്ളിലേക്ക് നുഴഞ്ഞു കയറും.എനിട്റ്റ്‌ ഓരോ പേജുകളും ആസ്വദിച്ചു വായിക്കും. ഇതായിരുന്നു ഈ സംഭവം നടക്കുന്നത് വരെയുള്ള ദിന ചര്യ. എന്നാല്‍ സംഭവത്തിന്റെ അന്ന് ഈ പതിവ് മുടങ്ങി. എല്ലാവരിലും ഭയം പടര്‍ന്നിരുന്നു.അത് തന്നെ കാരണം.
"ഇന്ന് സ്ഥിതി ഏതായാലും മാറിയല്ലോ. സാറന്മാര്‍ നിരുപാധികം ക്ഷമിച്ചിരിക്കുന്നു. ഇപ്പോള്‍ മനസ് ശാന്തം ".
ഒരു പ്രശ്നം സോള്‍വ്‌ ആയതല്ലേ എന്തായാലും ഒന്ന് ആഘോഷിചെക്കാം എന്ന് ഒരാള്‍ തീരുമാനിച്ചു. മറ്റാരുമല്ല നമ്മുടെ ടുട്ടു മോന്‍ . ഇന്നലെയോ കണ്ടില്ല ഇന്നും കാണാതെ എങ്ങനെ ഉറങ്ങും. അന്ന് രായ്ക്കു രാമാനം നമ്മുടെ ടുട്ടു മോന്‍ ആരും അറിയാതെ സംഭവം എടുത്തു കൊണ്ട് ഹോസ്റ്റലില്‍ വന്നു. എല്ലാവരും ഉറങ്ങിയതിനു ശേഷം എല്ലാം എടുത്തു വെച്ച് നല്ല രീതിയില്‍ ആസ്വദിച്ചു എന്നിട്ട് സുഖ സ്വപ്‌നങ്ങള്‍ കണ്ടു കിടന്നുറങ്ങി.
പതിവ് പോലെ രാവിലെ പീ ടീ . കളി, കുളി , അസ്സെംബ്ലി, ക്ലാസ്. എല്ലാം ശാന്തം. ഏകദേശം പ്രഭാത ഭക്ഷണത്തിന്റെ സമയം.. ഞങ്ങളുടെ ക്ലാസിലും തൊട്ടടുത്ത ക്ലാസ്സിലും അതായത്‌ എട്ടാം ക്ലാസ് എ , ബി ക്ലാസ്സുകളില്‍ സാറന്മാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
" പെണ്‍കുട്ടികള്‍ എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റിനു പോയ്കോളൂ... ആണ്‍കുട്ടികള്‍ എല്ലാം ഇവിടെ നില്‍ക്കണം. അല്പം പണിയുണ്ട്. "
പെണ്‍കുട്ടികള്‍ പരസ്പരം നോക്കി പുറത്തേക്കു നടന്നകന്നു. ക്ലാസ്സില്‍ ഞങ്ങള്‍ മാത്രം .ചുരുക്കി പറഞ്ഞാല്‍ കിട്ടിയ സമാധാനം പോയികിട്ടി.
അല്പം കഴിഞ്ഞു ഒരാള്‍ ക്ലാസ്സിലേക്ക് വന്നു.
"അര്‍ജുനെ സാറന്മാര്‍ വിളിക്കുന്നുണ്ട് . പഴയ ഹോസ്റെലുകള്‍ നിന്നിരുന്ന സ്ഥലത്തുണ്ട്. വേഗം അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു."
ഞാന്‍ മെല്ലെ എല്ലാവരെയും നോക്കി. എന്നിട്ട് മെല്ലെ പുറത്തേക്കു നടന്നു.ദൂരെ നിന്നെ കണ്ടു. എല്ലാ സാറന്മാരും ഗ്രൗണ്ടില്‍ വട്ടത്തില്‍ നില്‍ക്കുന്നു. നടുവില്‍ നമ്മുടെ പാവം പരമുവും. ഒരു പക്ഷെ ആദ്യമായാവും ഒരു അറവു മാട് എന്നെ കൊന്നോളൂ എന്നും പറഞ്ഞു അറവുകാരന്റെ സമക്ഷതെക്ക് ചെല്ലുന്നത്. ഞാന്‍ അടി വെച്ച് അടിവെച്ചു നീങ്ങി.. കാലുകള്‍ നിലതുരയ്ക്കുന്നില്ല..ആകെ പാടെ ഒരു മന്ദത..മുപ്പത്തി മുക്കോടി ദൈവങ്ങളെയും മനസാ ധ്യാനിച്ച്‌ ഞാന്‍ മെല്ലെ ചക്രവ്യൂഹത്തില്‍ പ്രവേശിച്ചു..
നീയാണീ നവോടയയിലെ മുഴുവന്‍ കുട്ടികളെയും കേടു വരുതന്ന്ത്‌ അല്ലേടാ.."
മുഴുവന്‍ കേള്‍ക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പേ സുരേഷ് സാറിന്റെ പോത്തന്‍ കൈ എന്റെ കൈ എന്റെ ചെകിട്ടത്ത് പതിച്ചിരുന്നു...!!


തുടരും.....





Saturday, February 26, 2011

ലോകോത്തര നവോദയ പുസ്തക വേട്ട. സത്യവും, മിഥ്യയും..ഒന്നാം ഭാഗം.

കുഞ്ഞു കഥകള്‍ എന്നബ്ലോഗില്‍ ഞാന്‍ എഴുതുന്ന കൊച്ചു കഥകള്‍ ഞാന്‍ നിങ്ങള്‍ക്കായി  സമര്‍പ്പിക്കുന്നു.കുഞ്ഞുകഥയില്‍  പോകേണ്ടവര്‍ക്ക് ഇവിടെ ക്ലിക്കാം







അങ്ങനെ ആദ്യമായി ഞാനും ഒന്ന് പരീക്ഷിക്കാം എന്ന് വിചാരിച്ചു..എന്താണെന്നല്ലേ " കഥ എഴുത്ത് തന്നെ ".അപ്പൊ എന്നെ അറിയാതവര്‍  ചോദിക്കും ..
" അര്‍ജുനോ  കഥയെഴുതോ ??

അറിയുന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും..

 "ഹും അവനോ നിക്കറിട്ടു മൂക്കട്ട ഒളിപ്പിച്ചു നടന്ന സമയത്തെ വാല്സ്യായനം രചിച്ചവനാ അവന്‍ ..!!

അവരെ പറഞ്ഞിട്ടെന്തു കാര്യം എന്നെ പറഞ്ഞാല്‍ മതിയല്ലോ. കുട്ടിയായിരിക്കുംബോലെ വായന കൂടിയാല്‍ പലര്‍ക്കും സംഭവിക്കാവുന്നതെ എനിക്കും സംഭവിച്ചുള്ളൂ.
അപ്പോള്‍ എന്റെ കഥ ഞാന്‍ പറയാം എന്താ..



" ആംഗലേയ വര്ഷം 1998"
ഞാന്‍ ഒരു ഹോസ്റ്റലില്‍ പഠിക്കുന്നു. എന്റെ എട്ടാം ക്ലാസ്‌ . ആറാം ക്ലാസ്സില്‍ വീട്ടുകാര്‍ നവോദയ ബാങ്കില്‍ ഫിക്സഡ് ടെപോസിറ്റ്‌ ആയി തുടങ്ങിയ എണ്‍പത്‌ അക്കൌണ്ടുകളില്‍ ഒരാള്‍ .എല്ലാ ഞായര്‍ ആഴ്ചകളിലും ബെഡ് വെയില് കൊള്ളിക്കാന്‍ ആയി പുറത്ത്‌ ഇടുന്ന ഒരു പതിവുണ്ടായിരുന്നു.അന്നെ ദിവസം രസം കൊല്ലിയായി കഥയെഴുത്ത്‌ എന്നാ പരിപാടിയും കൂടെയുണ്ട്.ഒരു പറ്റം വിദ്യാര്‍ഥികള്‍ തന്നെ ഈ എഴുത്തുമായി രംഗത്ത് ഉണ്ടായിരുന്നു. കഥ, കവിത, കൊച്ചു പത്രങ്ങള്‍, അങ്ങനെ അങ്ങനെ പോകും ലിസ്റ്റ്. 
എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിക്കുന്ന ഒരു കഥ അല്ലെങ്ങില്‍ ലേഖനം തപ്പി നടക്കുംബോലാണ്. അപ്രതീക്ഷിതം ആയി ഒരു "കൊച്ചു പുസ്തകം" കളഞ്ഞു കിട്ടുന്നത്. എഴുത്തുകാരന്‍ ഏതോ ഒരു ജിജി ചിലമ്പില്‍ .. എന്തായാലും പുള്ളിയെ എനിക്ക് "ക്ഷ" പിടിച്ചു.അഞ്ചു രൂപയുടെ പുസ്തകം അന്നത്തെ കാലത്തെ ഞങ്ങളുടെ ഇടുങ്ങിയ ജീവിതത്തെ പുളകം കൊള്ളിക്കുന്നതായിരുന്നു. ഏതായാലും ആ പൈങ്കിളി കലാകാരന്റെ തൂലികാ നാമം ഞാനങ്ങു ഏറ്റെടുത്തു. 

അന്ന് മുതല്‍ ഒരു കുഞ്ഞു നോട്ടു ബുക്ക്‌ വാങ്ങി ഞാന്‍ എഴുത്ത് തുടങ്ങി കഥയ്ക്കൊരു പേരുമിട്ടു. "വണ്‍സ് മോര്‍ പ്ലീസ്‌ " .ആദ്യത്തെ രണ്ടു ഭാഗങ്ങള്‍ എഴുതി. വായിക്കാന്‍ കൊടുത്തവര്‍ നല്ല രീതിയില്‍ തന്നെ പ്രോല്‍സാഹിപ്പിച്ചു.
"കിടു മോനെ.. ബാക്കി ബാക്കി...."
ചിലര്‍ പിന്നീട് ഓരോ ഭാഗം എഴുതുംപോളും ഫര്സ്റ്റ്‌ ബുക്ക്‌ഡ ...വരെ അടിച്ചു തുടങ്ങി.അങ്ങനെ എന്നിലെ കലാകാരന്‍ വളര്‍ന്നു പന്തലിച്ചു.എഴുത്തിന്റെ വിന്യാസ രീതിക്ക് മാറ്റം വന്നു. കുട്ടിത്തം വിട്ടു..പകരം നല്ല എരിവും പുളിയും ആവശ്യതിലതികം തന്നെ കയറി തുടങ്ങി.അന്ന് നിലവില്‍ ഉണ്ടായിരുന്ന രാത്രി ക്ലാസ്സില്‍ നിര്‍ബന്ധം ആയും ചിലവാക്കെണ്ടിയിരുന്ന പഠന സമയത്തും ഇത് തന്നെയായി പരിപാടി.

ഈ കഥയോടൊപ്പം മറ്റു കലാകാരന്മാരും കഥയെഴുത്ത് തുടങ്ങിയിരുന്നു. രാമന്‍ ഹൌസിലെ രാമു, സുഭാഷ്‌ ഹൌസിലെ പരമു എന്നിവരായിരുന്നു പ്രധാനികള്‍ .അങ്ങനെ കഥകളുടെ എന്നാവും, പ്രേക്ഷകരുടെ എന്നാവും കൂടി വന്നു.ജീവിതത്തിന്റെ ഗതി നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലലോ. അത് തന്നെ ഇവിടെയും സംഭവിച്ചു.ഒരു ദിവസം ഒരു ഉച്ച നേരത് ക്ലാസ്സില്‍ ടീച്ചര്‍മാര്‍ ആരുമില്ലാതെ വെറുതെ ഇരിക്കുമ്പോള്‍ ഞങ്ങളെ കണക്ക് പഠിപ്പിക്കുന്ന രമേശന്‍ സര്‍ കടന്നു വന്നു.

ഏറ്റവും പുറകിലെ ബെന്ചിലായിരുന്നു സുഭാഷ്‌ ഹൌസിലെ പരമു.എന്തോ കുരുത്തം കേട്ട നേരത്ത് അവനന്നു മുടി വെട്ടാന്‍ പോയി.ആ ഗ്യാപ്പില്‍ നമ്മുടെ പ്രിയ രമേശന്‍ സര്‍ പോയിരുന്നു.തൊട്ടിപ്പുറത്തെ സീറ്റില്‍ ഞാന്‍ . സാരിനൊരു ശീലം ഉണ്ട്. തല മെല്ലെ ഡിസ്ക്കില്‍ ചേര്‍ത്ത് കിടക്കും. എന്നിട്ട് കയ്യിലെ വാച്ചിന്റെ ഗ്ലാസിലൂടെ എല്ലാവരെയും നിരീക്ഷിക്കും. ഇന്നും അത് തന്നെ സംഭവിച്ചു.
സര്‍ മെല്ലെ കുനിഞ്ഞിരുന്നപ്പോള്‍ അതാ ഇരിക്കുന്നു മിസ്റര്‍ പരമു എഴുതിയ വന്‍ വാത്സ്യായന സൃഷ്ടി. സാര്‍ മെല്ലെ അതെടുത്ത്‌ വായിച്ചു തുടങ്ങി.അതിനു തൊട്ടു താഴെ ഞാന്‍ പരമുവിന് വായിക്കാന്‍ കൊടുത്ത കുറച്ചു ഭേദപെട്ട കഥകള്‍ . 
സാറിന്റെ മുഖവും ഭാവവും വായന തുടരുന്നതിനോടൊപ്പം മാരുന്നുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന എന്റെ ടെസ്കിനുള്ളില്‍ കിടന്നു എന്റെ " വണ്‍സ്  മോര്‍ പ്ലീസ്‌ " വിറയ്ക്കുന്നുണ്ടായിരുന്നു. സാര്‍ മെല്ലെ എണീറ്റു. എന്റെ പുസ്തകം പൊക്കി പിടിച്ചു. 
"ഇതാരാ എഴുതിയത്??
ഞാന്‍ മെല്ലെ എണീറ്റു നിന്നു.
അപ്പോളതാ പരമുവിന്റെ പേപ്പര്‍ സാര്‍ പൊക്കി പിടിക്കുന്നു. " ഇതോ "??
"അറിയില്ല സര്‍ "
സാര്‍ ഒന്നും പറഞ്ഞില്ല പുസ്തകവുമായി പുറത്തേക്ക മെല്ലെ നടന്നു നീങ്ങി.സാര്‍ പുറത്തേക്കു പോയതും ക്ലാസ്സില്‍ ആകെ ബഹളം. പുറത്ത്‌ അതിലും .. സാറന്മാരും ടീച്ചര്‍മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഇടയ്ക്ക് ചിലര്‍ വന്നു എന്നെ ഒരു മാതിരി നോട്ടം നോക്കി പോകുന്നു.
എന്റെ ചിന്ത അതൊന്നും ആയിരുന്നില്ല.എന്റെ ഈ മസാല നിറച്ച ബോംബ്‌ (കഥ )എന്ത് ചെയും. അതിനു തൊട്ടടുത്ത നിന്ന കൂട്ടുകാരന്‍ മറുപടി കണ്ടെത്തി.ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടപ്പുറത് "medicinal garden" എന്ന് ഞങ്ങള്‍ വിളിക്കുന്ന ,പച്ചമരുന്നുകള്‍ നാട്ടു പിടിപിച്ച സ്ഥലം ഉണ്ട്.അവന്‍ അത് വഴി വരും.ഞാന്‍ എന്റെ കഥ അവനു കൈ മാറണം.അവന്‍ അത് കീറി കുഴിച്ചിടും.
"അങ്ങനെ പെട്ടെന്ന് തന്നെ അവന്‍ ക്ലാസ്സിനു വെളിയിലെത്തി എന്റെ കയ്യില്‍ നിന്നും പുസ്തകം വാങ്ങി നാലായി കീറി മണ്ണ് മാന്തി കുഴിച്ചിട്ടു.
"ഹാവൂ "..എന്റെ ശ്വാസം നേരെ വീണു.
ക്ലാസ് കഴിഞ്ഞു.ആരും ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. പതിവ് പോലെ കളി.., കുളി, ചായ കുടി അങ്ങനെ വീണ്ടും തിരിച്ചു ക്ലാസ്സില്‍ . എല്ലാം ശാന്തം. അന്നത്തെ രാത്രിയിലെ ക്ലാസ്സ്‌ മുറികളിലെ പഠനത്തിന്റെ നോട്ടച്ചുമതല മലയാളം അദ്ധ്യാപകന്‍ ശ്രീകുമാര്‍ സാറിനും . ഒരുപാട്  നേരം കഴിഞ്ഞിട്ടും എന്റെ തൊട്ടടുത്തുള്ള പരമുവിനെ കാണാന്‍ ഇല്ല. എനിക്കെന്തോ ചുമ്മാ അപകടം മണത്തു തുടങ്ങി. ഒരു ആറാം ഇന്ദ്രിയം.

 കുറച്ചു കഴിഞ്ഞപ്പോള്‍ ക്ലാസ്സിനു അപ്പുറത്ത് ഇരുട്ടില്‍ കരിയിലകളുടെ അനക്കം. മുന്‍പില്‍ പരമു..പിന്നില്‍ ഒരു പറ്റം സാറന്മാര്‍. ടോര്‍ച്ചടിച്ചു പരിശോധിക്കുന്നു. ഞാന്‍ ഞെട്ടി തരിച്ചു നില്‍ക്കുമ്പോള്‍ മെല്ലെ കുനിഞ്ഞിരുന്നു പരമു മണ്ണ് മാന്താന്‍ തുടങ്ങിയിരുന്നു. മെല്ലെ നാലായി കീറി എന്റെ സുഹൃത്ത്‌ മറവു ചെയ്ത എന്റെ "കൊച്ചു പുസ്തകത്തെ" അവന്‍ മാന്തിയെടുത്ത് ശ്രീകുമാര്‍ സാറിന് സമര്‍പിച്ചു.ചുരുക്കത്തില്‍ ഫ്യൂസ് പോയ ബള്‍ബ്‌ കണക്കായിരുന്നു എന്റെ അവസ്ഥ..


തുടരും.....



ഇതിന്റെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയുക..

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas