പൊട്ടകിണറ്റിലെ തവള എന്ന് കേട്ടിട്ടുണ്ടെങ്കിലും " പൊട്ട കിണറ്റിലെ കഴുത എന്ന് കേള്‍ക്കുന്നത് ആദ്യമായി ആകുമല്ലേ. ആ കഥ ഞാന്‍ നിങ്ങളോട് പറയാം. കഴുത ആരാണെന്ന് നിങ്ങള്‍ പറയണം. കാലം കുറച്ചു പിന്നോട്ട് സഞ്ചരിക്കണം അതായത് ഏകദേശം ഒരു എട്ടു വര്‍ഷം...
ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. എല്ലാ വര്‍ഷവും നടത്താറുള്ള കലാപരിപാടികളില്‍ ഇപ്രാവശ്യം ഹിന്ദി നാടക മത്സരവും ഉണ്ട്. ഹോസ്റ്റല്‍ ലീഡര്‍ ഞാനായിരുന്നു. ഹോസ്റ്റല്‍ അധ്യാപകന്‍ ഞങ്ങളുടെ പ്രിയ ഹിന്ദി വാധ്യാര്‍ " ദാമോദരന്‍ സാറും". അതിന്റെ ഒരു അഹങ്കാരം ഞങ്ങള്‍ക്കുണ്ടായിരുന്നു. പലതുമുണ്ട് അഹങ്കാരത്തിന് പിറകില്‍ . ഒന്ന് സ്ക്രിപ്റ്റ് സാറെ കൊണ്ട് എഴുതിക്കാം. പ്രാക്ടീസ് എന്നാ പേരില്‍ ഒരുപാട് ക്ലാസുകള്‍ കട്ട് ചെയ്യാം. അങ്ങനെ പോകുന്നു കാര്യങ്ങള്‍ .തൊട്ടപ്പുറത്തെ ഹോസ്റെലുകളില്‍ ഉള്ളവര്‍ മമ്മൂട്ടിയുടെ കിംഗ് സിനിമയിലെ ഡയലോഗുകള്‍ തര്‍ജമ ചെയ്തും ..ഷോലെ പടത്തിലെ പ്രസിദ്ധങ്ങളായ കിടിലന്‍ വരികള്‍ അതെ പടി പകര്‍ത്തിയും അരങ്ങു തകര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് ഒരു കൊച്ചു കഥ ആയിരുന്നു. ഒരു കിണറും, കര്‍ഷകനും അദേഹത്തെ ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളും.
സ്റെജിനു നടുവില്‍ വെക്കാന്‍ ഒരു കിണറിന്റെ മാതൃക കാര്‍ഡ് ബോര്‍ഡ് വെട്ടി ഉണ്ടാക്കി. ഓരോ കല്ലും മറ്റും കറുത്ത നിറങ്ങള്‍ വെച്ച് വരച്ചു ചേര്‍ത്തു. പിന്നെ അത് ബെഞ്ചിനോട് ചേര്‍ത്തു കെട്ടി. ചുരുക്കത്തില്‍ മുന്‍പില്‍ നിന്നും നോക്കിയാല്‍ ഒരു കിണര്‍ കാണാം. ഇനി നാടകത്തിന്റെ കഥ ചുരുക്കത്തില്‍ പറയാം. രാത്രിയില്‍ ഒരു കര്‍ഷകന്‍ നടന്നു പോകുന്നു. നടുവിലുള്ള പൊട്ടകിണര്‍ അയാള്‍ കാണുന്നില്ല. അബദ്ധത്തില്‍ കാലു തെറ്റി അയാള്‍ അതിലേക്കു വീഴുന്നു. പിന്നീട് അദേഹം നിലവിളികള്‍ സൃഷ്ട്ടിക്കുന്നു. അത് കേട്ട് അതിലെ പോകുന്ന വിവിധ തരം ആളുകള്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ആണ് നാടകത്തിന്റെ ഇതിവൃത്തം.
നല്ലവണ്ണം പ്രാക്ടീസോക്കെ ചെയ്താണ് നാടകത്തിന് കയറിയത്. എനിക്കായിരുന്നു കര്‍ഷകന്റെ വേഷം. ഡയലോഗ് എല്ലാം മനപ്പാഠം ആക്കി ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് സ്റെജില്‍ കയറി.
കിണര്‍ യഥാസ്ഥാനത്ത് വെച്ചു. കര്‍ട്ടന്‍ പൊക്കുമ്പോള്‍ കിണറും ഇരുട്ടും മാത്രം ആണ് കാണുക. സ്റെജിന്റെ പുറകില്‍ നിന്നും ഞാന്‍ ശബ്ദം മൈക്കിലൂടെ നല്‍കണം. ആദ്യത്തെ ആ വീഴ്ചയുടെ യഥാര്‍ത്ഥ ആവിഷ്കാരത്തിനു വേണ്ടി ഒരു ബക്കറ്റ് നിറയെ വെള്ളവും ഒരു എമണ്ടന്‍ കല്ലും ഞാന്‍ കരുതിയിരുന്നു. ഒരു കൂട്ടുകാരന്‍ മൈക്ക് അടുത്ത് പിടിക്കും, പിന്നീട് ഞാന്‍ കര്‍ട്ടന്‍ പൊങ്ങുന്ന സമയത്ത് കല്ല് വെള്ളത്തില്‍ ഇടും. അതിനു ശേഷം ഉച്ചത്തില്‍ നിലവിളിക്കും. അതാണ് പ്ലാന്‍ .
പ്ലാന്‍ പടി എല്ലാം തയാറായി. കര്‍ട്ടന്‍ ഉയര്‍ത്തുന്ന കുട്ടിയോട് ആന്ഗ്യത്തില്‍ ഉയര്‍ത്താനുള്ള സമ്മതം കൊടുത്തു. കര്‍ട്ടന്‍ മെല്ലെ ഉയരുമ്പോള്‍ ഞാന്‍ കല്ല് വെള്ളത്തിലേക്കിട്ടു.
" ബ്ളും... ബ്ളും "
തുടര്‍ന്ന് ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.. " മുജെ ബചാവോ.... പ്ലീസ്..."
പുറത്തു പൊട്ടിച്ചിരികള്‍ ..എനിക്കാശ്വാസം ആയി എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്നുണ്ട്.
നാടകം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പല പല ആളുകള്‍ കിണറിന്റെ പരിസരത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോഴെല്ലാം ഞാന്‍ ഉച്ചത്തില്‍ നിലവിളി തുടര്‍ന്നു .
" മുജെ ബജാവോ പ്ലീസ് "
എന്റെ നിലവിളികള്‍ക്ക് കയ്യടികളും പൊട്ടിച്ചിരികളും കൂടി. എന്റെ മനസ്സില്‍ സന്തോഷവും. അങ്ങനെ നാടകം പര്യവസാനിച്ചു. കൂടെ അഭിനയിക്കുന്നവരോടൊപ്പം സംസാരിക്കുന്നതിന്റെ ഇടയില്‍ അല്പം അഹങ്കാരത്തോടെ തന്നെ ഞാന്‍ എന്റെ പെര്ഫോര്‍മന്സിനെ കുറിച്ച് പറഞ്ഞു.
" എല്ലാവര്‍ക്കും എന്റെ ഡയലോഗുകള്‍ ഇഷ്ട്ടപെട്ടു.. നിങ്ങള്‍ കണ്ടില്ലേ എന്തായിരുന്നു കയ്യടിയും പൊട്ടി ചിരികളും "
അത് കേട്ട് കൂടെ നിന്നവന്‍ മെല്ലെ മൊഴിഞ്ഞു.
" ഈ നാടകത്തിന്റെ റിസള്‍ട്ട് ഒന്ന് വന്നോട്ടെ എന്നിട്ട് ഇതിനുത്തരം പറയാം..!!
എനിക്കൊന്നും മനസിലായില്ല. " അതെന്താടാ നീ അങ്ങനെ പറഞ്ഞെ "?
ഉത്തരവും ഉടനടി വന്നു. " ഒരു സാധാരണ കര്‍ഷകന്‍ അതും ഒരു ഹിന്ദി നാടകത്തില്‍ മുജെ ബചാവോ എന്ന് പറയുന്നത് മനസിലാക്കാം.." അല്പം ഒന്ന് നിറുത്തി അവന്‍ വീണ്ടും തുടര്‍ന്നു.
"ഡാ മരകഴുതേ നീ എന്താ വിചാരിച്ചേ നിന്റെ കിടിലന്‍ ഡയലോഗ് കേട്ടിട്ടാണ് അവര്‍ ചിരിച്ചതെന്നോ.. അങ്ങനാണേല്‍ നിനക്ക് തെറ്റി. അവര്‍ ചിരിച്ചതെ നീ വാല് പോലെ എല്ലാ മുജെ ബചാവോയുടെയും ശേഷം ചേര്‍ത്ത " പ്ലീസ് " കേട്ടിട്ടാ..!!
ആ ഒരു വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പേ ഒന്നാം സ്ഥാനം അടുത്ത ടീമിലേക്ക് നടന്നു പോകുന്നത് ഞാന്‍ കണ്ടു. അവിടെ നില്‍ക്കാതെ മെല്ലെ പുറത്തേക്കു മുങ്ങിയ എന്റെ പിറകില്‍ നൂറു കണക്കിന് പേര്‍ ഒരുമിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു...
" മുജെ ബചാവോ പ്ലീസ്....!!
Read more: http://arjunstories.blogspot.com/search/label/%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D#ixzz1I7B72bhZ
Under Creative Commons License: Attribution
No comments:
Post a Comment
Please do not forget to comment