ഇന്നലെ ഞങ്ങളുടെ ഡേവിസ്സാര്‍ മരിച്ചു. വര്‍ഷങ്ങളായുള്ള കാന്‍സര്‍ ദുരിതത്തില്‍ നിന്നു അദ്ദേഹം കര കയറിയതില്‍ സന്തോഷം തോന്നി. കാരണം, കഴിഞ്ഞ തവണത്തെ പൂര്‍വവിദ്യാര്‍ഥിസംഗമത്തിന് കണ്ടപ്പോള്‍ പ്രസാദ് സര് പറഞ്ഞത് വേദന താങ്ങാനാവാതെ നിലവിളിക്കുന്ന ഡേവിസ്സാറിനെ പ്പറ്റിയാണ്. മടക്കയാത്രയില്‍ ബസില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഒരു ആര്‍ത്തനാദം കാതില്‍ മുഴങ്ങി. വേണ്ട, വേദനിപ്പിക്കുന്ന ഓര്‍മകളൊന്നും വേണ്ട. അത്കൊണ്ട് തന്നെ കൊരട്ടിയില്‍ ചെന്ന് അദ്ദേഹത്തെ അവസാനമായി കാണണ്ട എന്ന് തീരുമാനിച്ചു. ഓര്‍മകളില്‍ ഉള്ളത് പോലെ ഡേവിസ് സര് പ്രസരിപ്പ് നിറഞ്ഞ, പുഞ്ചിരികള്‍ ദാനം ചെയ്യുന്ന, പണിഷ്മെന്റുകളിലൂടെ പൊട്ടിച്ചിരികളുതിര്‍ത്തുന്ന, എല്ലാവരും സ്നേഹിക്കുന്ന, എല്ലാവരെയും സ്നേഹിക്കുന്ന 'എസ് എസ് സാര്‍ ' (സാമൂഹ്യപാഠം മാഷ്) ആയിത്തന്നെയിരിക്കട്ടെ.
"ഇസ്കൂളിന്റെ മുറ്റത്തൊരു പൂമരമുണ്ടല്ലോ,
പൂമരം നിറയെ പൂക്കളുമുണ്ടല്ലോ...
പൂമരം മുറിച്ചൊരു കപ്പലുണ്ടാക്കി..."
ഓര്‍മ്മകള്‍ കണ്ണു നനയിക്കും, സത്യം!
ഡേവിസ്സാറിന്റെ എസ് എസ് ക്ലാസ്സുകള്‍... സാറിന്റെ മാത്രം വാഗ്പ്രയോഗങ്ങള്‍...
"1947 ആഗസ്റ്റു 15 ന് നേരം പുലര്‍ന്നപ്പോള്‍ എന്തായി?"
"ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി."
"പിന്നെയോ?"
"!!!"
"അനിക്സ്പ്രേയുടെ പരസ്യം മാതിരിയായി. ബ്രിട്ടിഷുകാരന്റെ 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!'"
അനിക്സ്പ്രേ പാല്‍പ്പൊടിയുടെ ബ്രാന്‍ഡ് ഇപ്പൊ ഉണ്ടോ? അറിയില്ല. പക്ഷെ 'പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!' എന്ന പരസ്യവാചകം ഇപ്പോഴും ഓര്‍ക്കുന്നു -- ഞങ്ങളുടെ ഡേവിസ്സാര്‍!
വാതിലിനു പിന്നിലെ സ്ലാബിനു 'ഏത്തക്കല്ല്' എന്ന് പേരിട്ടതും, അസൈന്‍ന്മെന്റ് ചെയ്യാത്തതിന്റെ ശിക്ഷ എത്തമിടുന്നയാളുടെ കൈമുട്ടുകള്‍ ഏത്തക്കല്ലിലിടിക്കുമ്പോഴുള്ള ശബ്ദത്തോടെ മാത്രമേ പൂര്ണ്ണമാവൂ എന്ന് കണ്ടുപിടിച്ചതും സാറാണ്.
ഒരു യൂണിറ്റ് ടെസ്റ്റ് (മാസാമാസം ഉള്ള പരീക്ഷ അഥവാ യു. ടി ) കാലം കഴിഞ്ഞു ക്ലാസ്സില്‍ കയറി വന്ന ഡേവിസ്സാര്‍ വന്ന പാടെ ചോദിച്ചു: "ആര്‍ക്കെങ്കിലും 'ചപ്ലാങ്കട്ട' എന്താണെന്ന് അറിയുമോ?"
ആര്‍ക്കുമറിയില്ല. പഠിപ്പിസ്റ്റുകള്‍ പരസ്പരം നോക്കി -- ഞങ്ങള്‍ കാണാതെയും സിലബസ്സില്‍ വാക്കുകളോ?
അല്ലാത്തവര്‍ സാറിനെ നോക്കി. ഹോം വര്‍ക്കുകളും അസ്സൈന്മെന്റുകളും മൈന്‍ഡ് ചെയ്യാത്തതിന് പുറത്താക്കപ്പെട്ട 3-4 പേരുടെ (ഞാനുള്‍പ്പടെ) തലകള്‍ അകത്തേയ്ക്ക് നീണ്ടു.
സാര്‍ ചോക്കെടുത്ത് ബോര്‍ഡില്‍ ഒരു പടം വരച്ചു. ഏകദേശം ഇതുപോലെ ഒന്ന്:

പഠിപ്പിസ്റ്റുകള്‍ നോട്ടുബുക്കിലേക്ക് പടം പകര്‍ത്തി വരച്ചു.
സാര്‍ പറഞ്ഞു: "ഇതാണ് ചപ്ലാങ്കട്ട. ഇനി ആരും അറിയില്ല എന്ന് പറയരുത്. ഇന്ന് കുറെപ്പേരുടെ തലയും ചെവിയും ഞാന്‍ ചപ്ലാങ്കട്ടയാക്കും. ഞാന്‍ യു. ടി. ബുക്ക് തരാന്‍ പോകുകയാണ്. എടാ ലീഡറെ, സ്റ്റാഫ് റൂമില്‍ പോയി എന്റെ മേശപ്പുറത്തു നിന്നു യു. ടി. ബുക്സ് എടുത്തിട്ട് വാ... "
ഞങ്ങളുടെ ഡേവിസ്സാര്‍!
എതിരെ വരുന്നവര്‍ക്കെല്ലാം കൊച്ചുകൊച്ചു ഡയലോഗുകള്‍ കൊടുത്തു കൊണ്ട് ഒരു പുഞ്ചിരിയോടെയോ പൊട്ടിച്ചിരിയോടെയോ കടന്നുപോകാനനുവദിച്ചിരുന്ന ഡേവിസ്സാര്‍...
സാറിനെക്കുറിച്ചുള്ള അവസാനത്തെ ഓര്‍മകള്‍ക്ക് ഉപ്പുമണമാണ്. ഞങ്ങളുടെ ഒമ്പതാം ക്ലാസ് കാലഘട്ടം. എസ് എസ് ക്ലാസ്സിലേക്ക് കയറി വന്ന ഡേവിസ് സാറിനെ എല്ലാവരും എഴുന്നേറ്റു നിന്നു സ്വീകരിച്ചു. സാറിനു പാലക്കാട്ടെയ്ക്ക് ട്രാന്‍സ്ഫര്‍ ആയി എന്ന് എല്ലാവരും അറിഞ്ഞിരുന്നു. ആരും ഒന്നും പറയാതെ കുറച്ചു നിമിഷങ്ങള്‍. യാത്ര പറയാന്‍ വന്ന ഡേവിസ്സാര്‍ ഒരു വാക്കും മിണ്ടാനാവാതെ, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പെട്ടെന്ന് പൊട്ടിക്കരഞ്ഞു. ക്ലാസ്സിലെ അടക്കിയ തേങ്ങലുകള്‍ ഒന്നൊന്നായി തൊണ്ടകളെ ഉപേക്ഷിച്ചു പുറത്തു കടന്നു. ഒരു കൈ കൊണ്ട് മുഖം മറച്ച് മറുകൈ വീശിക്കാണിച്ചു സാര്‍ ക്ലാസ്സില്‍ നിന്നിറങ്ങിപ്പോയി.
പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്നലെ ഡേവിസ്സാര്‍ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇപ്പോള്‍ നമ്മളാരും കരയേണ്ടതില്ല, സാര്‍ പോയത് അനാരോഗ്യങ്ങളുടെ നരകത്തില്‍ നിന്നാണ്. മരണാനന്തരം എന്നൊന്നുണ്ടെങ്കില്‍ സാര്‍ സ്നേഹത്തിന്റെ വലിയ ലോകത്തെയ്ക്കായിരിക്കും പോയിരിക്കുക. അവിടെ സാറിന്റെ കൊച്ചു തമാശകള്‍ ആസ്വദിക്കാന്‍ പ്രേമവല്ലിമിസ്സും അനുക്കുട്ടനുമൊക്കെ ഉണ്ടാകും.
നമ്മുടെ ഡേവിസ്സാറിനു ആദരാഞ്ജലികള്‍ നേരുന്നു.
ഡേവിസ്സാറിനു ആദരാഞ്ജലികള്‍ ..
ReplyDeleteഅധ്യാപകര്‍ക്കുള്ള ആദരം അവരെ ഓര്‍ക്കുക എന്നത് തന്നെ .. അവരുടെ നല്ല പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക .. ദു:ഖത്തില്‍ പങ്കു ചേരുന്നു ...
(അസുഖ ബാധിതനായിരുന്ന ആ അധ്യാപകനെ സന്ദര്‍ശിക്കുന്നത് നന്നായിരുന്നു. അത് കുറച്ചൊന്നുമല്ല അവര്‍ക്ക് ആശ്വാസം നല്‍കുക )
സാര്‍ പോയതിനു ശേഷം ഞാന്‍ ഒരിക്കല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കണ്ടിരുന്നു .. ഒരിക്കല്‍ എന്‍ സി സി കേമ്പിന്റെ ഭാഗമായി പോയപ്പോള്‍ ഒരു പറ്റം കുട്ടികളുമായി അദ്ദേഹം ഉണ്ടായിരുന്നു. കണ്ട ഉടന്‍ എന്നെ മനസിലായി..വിശേഷങ്ങള്‍ ചോദിച്ചു. എന്താ പറയാ. ഞാനും പ്രാര്‍ഥിക്കുന്നു പ്രിയപ്പെട്ട ഈ സാറിന് വേണ്ടി.
ReplyDeleteഓര്‍മ്മകള്‍ മധുരം നിറഞ്ഞവയാകുംപോള് വേര്‍പാടുകള്‍ വേദനാജനകമാവുന്നു.
ReplyDeleteപ്രിയപ്പെട്ട ഡേവിസ് സാര്‍ , ഇനി ഒരു അക്യുപഞ്ചര്‍ എന്റെ ചെവിയില്‍ തരാന്‍ , ക്ലാസിനകത്തു ഇരിക്കുന്ന എല്ലാവരോടും ചോദ്യം ചോദിച്ചു ഉത്തരം കിട്ടാതെ വരുമ്പോള്‍ തലേ ദിവസം തന്ന ചോദ്യത്തിനു ഉത്തരം എഴുതി കൊണ്ട് വരാത്തതിനു പുറത്ത് നില്ക്കുന്ന എന്നോട് ചോദിക്കാന്‍ , ഉത്തരം പറയുമ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കാന്‍ , ക്ലാസ്സ് കഴിഞ്ഞു എന്നെ ഉപദേശിക്കാന്‍ , പാലക്കാട് വെച്ച് വല്ലപ്പോഴും കാണുമ്പോള്‍ "എടാ കുട്ടപ്പായീ" എന്ന് വിളിക്കാന്‍ ... സാറിനി ഉണ്ടാവില്ല എന്നുള്ള ചിന്തകള്‍ തീര്‍ച്ചയായും കണ്ണില്‍ കണ്ണീരു നിറയ്ക്കുന്നു.
അവിടുത്തെ നിത്യശാന്തിക്കായി പ്രാര്‍ഥിച്ചു കൊള്ളുന്നു
സമീറിക്കാ, സാറിനു സന്ദര്‍ശകര്‍ വരുന്നത് താല്പര്യമില്ലായിരുന്നു. സാറിന്റെ വേദനയും സങ്കടങ്ങളും കുട്ടികള്‍ അറിയുന്നതില്‍ അദ്ദേഹം ഇപ്പോഴും അതൃപ്തി കാണിച്ചിരുന്നു. അത് കൊണ്ടാണ് കാണാന്‍ പോവാതിരുന്നത് .
ReplyDeleteBeen to Davis Sir's Funeral. Body kandal Sir aanennu parayilla, Kandittu orupadu snkadam thonni. only skin n bones left on face... Kanandayirunnu ennu thonni poyi. Prasa Sir, Library miss, Selin Miss, Ramesh Sir, Jaysree miss, Kannan Sir, Suresh Sir and few new teachers (whose name I donno) had come frm school. From Students side, Jayadevan and Myself were there. Such a nice teacher and a Gem of a man! May His soul Rest In Peace. Still remember how he sweat at his nose tip when he was angry!! Adios Davis Sir, U will ever be cherished amongst us Navodayans.
ReplyDeleteആദ്യ കമന്റില്‍ പറഞ്ഞതു പോലെ അവരെ ഓര്‍ക്കുന്നതു തന്നെയാണ് അവര്‍ക്കുള്ള ഏറ്റവും വലിയ ദക്ഷിണ.
ReplyDeleteപോസ്റ്റ് നന്നായി
thanks 2 d person who posted dis, HE WIL ALWAYS BE CHERISHED BY HIS STUDENTS
ReplyDelete