
ഒരു നവോദയന്‍ ഓര്‍മ്മ ഇവിടെ പങ്കുവയ്ക്കാം. ഞങ്ങള്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എന്‍റെ പത്തോളം സഖാക്കള്‍ സസ്പെന്‍ഷന്‍ എന്ന മൂരാച്ചിത്തരത്തിന് ഇരയായി. റാഗിംഗ്, അധികാരദുര്‍വിനിയോഗം, ബാലപീഡനം ഇങ്ങനെ പോകുന്നു അവര്‍ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍. സത്യത്തില്‍ എന്‍റെ സഖാക്കള്‍ കുറ്റക്കാരോ ? വായിച്ചിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കുക. പതിനൊന്നാം ക്ലാസ്സ് എന്നാല്‍ സ്കൂളിന്‍റെ ഭരണം കയ്യിലിരിക്കുന്ന സമയമാണ്. AISSEക്കും AISSCEക്കും ഇടക്കുള്ള വസന്തകാലം. ഭരണം കയ്യിലായതിനാല്‍ അധികാരദുര്‍വിനിയോഗത്തിന് യഥേഷ്ടം സാദ്ധ്യത ഉണ്ട്. വല്ല ജൂനിയര്‍ മൂരാച്ചിയോ ഈ അധികാരി വര്‍ഗത്തിന്‍റെ ഉത്തരവുകള്‍ ലംഘിച്ചാല്‍ അനന്തരഫലങ്ങള്‍ ഉണ്ടാകും. ഒന്നുകില്‍ ശനിയാഴ്ചത്തെ സ്പെഷ്യല്‍ ക്ലീനിങ്ങിന് അവന് ഏറ്റവും വൃത്തിഹീനമായ ലാട്രിന്‍ ക്ലീന്‍ ചെയ്യേണ്ടി വരും. അല്ലെങ്കില്‍ അസംബ്ലിയില്‍ വല്ല വാര്‍ത്താവായനയോ മറ്റോ അവന്‍റെ തലയില്‍ കെട്ടി വയ്ക്കും. ഇനി അവന്‍ വല്ല പെറ്റികേസിനും പിടിക്കപ്പെട്ടാല്‍ രണ്ടു പൊട്ടിക്കുകയും ചെയ്യാം. ഇങ്ങനെ സാദ്ധ്യതകള്‍ അനന്തമായി പരന്നു കിടക്കുന്നു. ഇതൊന്നും പരാതിപ്പെടത്തക്ക വിഷയങ്ങള്‍ അല്ലാത്തതിനാല്‍ സീനിയര്‍ സഖാക്കള്‍ സുരക്ഷിതര്‍. ഇനിയിപ്പോ കാരണമില്ലാതെ ഒന്ന് കൊടുത്താലും ചിലപ്പോള്‍ ഒന്നും സംഭവിക്കില്ല. മേല്‍പ്പറഞ്ഞ സഖാക്കള്‍ ഇതില്‍ ഇതു വകുപ്പില്‍ പെടും ?
തുടക്കം സഖാവ് കുട്ടപ്പനില്‍ നിന്നാണ്. അദ്ദേഹം രാവിലത്തെ റോള്‍കോളും PTയും കഴിഞ്ഞ് കഷ്ടപ്പെട്ട് വെള്ളം പിടിച്ച് കുളിക്കാന്‍ നോക്കുമ്പോള്‍ ദേ വരുന്നു. ജൂനിയര്‍ മൂരാച്ചി സെയ്തലവി. കക്ഷി അന്ന് എട്ടില്‍ ആണ്. ഡയലോഗ് ശ്രദ്ധിക്കുക.
ഏട്ടാ ടാങ്കില്‍ വെള്ളം വരുന്നില്ല. ഒരു മഗ് വെള്ളം തരാമോ ?
നിങ്ങള്‍ക്കെന്ത് തോന്നുന്നു ? പാവം പയ്യന്‍സ്. ന്യായമായ ആവശ്യം. അല്ലേ ?
എന്നാല്‍ നിങ്ങള്‍ക്കറിയാത്ത ചില വസ്തുതകള്‍ ഉണ്ട്. ഈ മൂരാച്ചി എന്നും ഇങ്ങനെയാണ്. സമയത്ത് പോയി വെള്ളം പിടിക്കില്ല. PT കഴിഞ്ഞു വന്നാല്‍ സൗകര്യമനുസരിച്ച് ഉറങ്ങുകയോ അല്ലേല്‍ റൂമില്‍ കത്തി വച്ചിരിക്കുകയോ മറ്റോ ചെയ്യും. എന്നിട്ട് വെള്ളം തീര്‍ന്നാല്‍ പുറത്തിറങ്ങും. സഖാവ് കുട്ടപ്പനെപ്പോലുള്ള ലോലഹൃദയരെ ഉപദ്രവിക്കാന്‍. പിന്നെ നാട് മുഴുക്കെ തെണ്ടി ഓരോ മഗ് വീതം സംഭാവന വാങ്ങി ബക്കറ്റ് നിറയ്ക്കും. എന്നിട്ട് അതില്‍ സുഖസുന്ദരമായി നീരാടും. സഖാവ് എന്നും വൈക്ലബ്യലേശമന്യേ തന്‍റെ പങ്ക് നല്‍കാറുമുണ്ട്. എന്നാല്‍ അന്ന് സഖാവിന് ഒരു സംശയം.
ഡാ നിനക്ക് സമയത്ത് വന്നു വെള്ളമെടുത്താല്‍ എന്താ ?
ഇയാളെന്താ പെട്ടന്ന് ഇങ്ങനൊക്കെ! എന്നും ഒന്നും മിണ്ടാതെ വെള്ളം തരാറുള്ളതാണല്ലോ. പയ്യന്‍സ് മിഴുങ്ങസ്യാ എന്ന് നില്‍ക്കുകയാണ്. മറുപടിയില്ല. സ്വാഭാവികമായും സഖാവിന് ദേഷ്യം വന്നു. അടുത്തുകണ്ട ഒരു ചെറിയ( വളരെ ചെറിയ എന്ന് സഖാവ്) വടി എടുത്ത് ജൂനിയര്‍ മൂരാച്ചിയെ ഒന്ന് പൊട്ടിച്ചു. പാവം പയ്യന്‍സ്. കിട്ടിയതും വാങ്ങി സ്ഥലം വിട്ടു.
ഇനി അടുത്ത എപ്പിഡോസ്. രാത്രിയിലെ റോള്‍കോളിനിടയ്ക്ക് ഉത്തരവ്. സഖാവ് കുട്ടപ്പന്‍ റോള്‍കോള്‍ കഴിഞ്ഞ ശേഷം അവിടത്തന്നെ നില്‍ക്കുക. സഖാവിന് കാര്യം മനസ്സിലായി. നിങ്ങള്‍ക്കും മനസ്സിലായിക്കാണും. മൂരാച്ചി പരാതി ബോധിപ്പിച്ചിരിക്കുന്നു. ഹൗസ് മാസ്റ്റര്‍മാര്‍( ഹോസ്റ്റലിനെ ഹൗസ് എന്ന് പറയുന്നു. ഓരോന്നിനും ഹൗസ് മാസ്റ്റര്‍മാരായി ഓരോ അധ്യാപകരും കാണും) എല്ലാവരും കൂടി സഖാവിനെ കൈകാര്യം ചെയ്തു. ഒന്ന് നോക്കണേ ഒരു ജൂനിയറിനെ അനിയനെപ്പോലെ കണ്ട് ഗുണദോഷിച്ച സഖാവിന് കിട്ടിയ ശിക്ഷ. തിരിച്ച് ഹോസ്റ്റലില്‍ ചെന്ന് തനിക്ക് കിട്ടിയതെല്ലാം ജൂനിയര്‍ മൂരാച്ചിയുമായി പങ്കുവയ്ക്കാന്‍ പോയ സഖാവിനെ മറ്റു സഖാക്കളെല്ലാം തടഞ്ഞു. രോഷാകുലനായ സഖാവ് അടുത്ത ഹോസ്റ്റലില്‍ പോയി ലോകകാര്യങ്ങളുടെ ചര്‍ച്ചയില്‍ മുഴുകി. കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയ സഖാവ് കാണുന്നത് നയനാനന്ദകരമായ കാഴ്ചയാണ്. ജൂനിയര്‍ മൂരാച്ചികള്‍ അനേകം പേരെ വരിയായി നിര്‍ത്തി വിചാരണ ചെയ്യുകയാണ് മറ്റു സീനിയര്‍ സഖാക്കള്‍. അടിപിടി തൊട്ട് ബഹുമാനമില്ലായ്മ വരെ ഒത്തിരി കേസുണ്ട്. മൂരാച്ചി സെയ്തലവിയെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത്. അവന് പരാതി പറയാന്‍ യാതൊരു താത്പര്യവും ഇല്ലായിരുന്നു. അവനെ അതിന് പ്രേരിപ്പിച്ചത് വേറൊരു മൂരാച്ചിയാണ്. നാമധേയം കൊച്ചുവര്‍ക്കി. തെറ്റ് ചെയ്യുന്നതിനെക്കാള്‍ വലിയ കുറ്റം, തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ശിക്ഷാനിയമം പോലും പറയുന്നുണ്ട്. സഖാവിന് സഹിക്കുമോ. അവനും കിട്ടി ഒന്ന്, മെല്ലെ(വളരെ മെല്ലെ എന്ന് വീണ്ടും സഖാവ്). വടി കയ്യിലില്ലായിരുന്നു എന്നതിനാല്‍ വെറും കൈ വച്ചാണ് കൊടുത്തത്. അങ്ങനെ വിചാരണയും വിധിയും മറ്റുമായി ആ എപ്പിഡോസ് തീര്‍ന്നു. പലരും തല്ലു കൊടുക്കുകയും മറ്റുചിലര്‍ വാങ്ങുകയും ചെയ്തു.
അടുത്ത ദിവസം പാരെന്‍റ്സ് ഡേ ആയിരുന്നു. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ സത്സന്താനങ്ങളെ വന്ന് കാണാന്‍ അനുവദിക്കപ്പെട്ട ദിവസം. എല്ലാവരുടേം വീട്ടീന്ന്‍ ആളു വന്നു, കൂട്ടത്തില്‍ വര്‍ക്കിയുടെയും. ഈ കൊച്ചുവര്‍ക്കിയ്ക്ക് പണ്ടേ ചെവി വേദന ഉണ്ട്. സത്യത്തില്‍ പയ്യന് ഹോം സിക്ക്നെസ്സ് ആണ്. അപ്പൊ ഇടക്കിടക്ക് വീട്ടില്‍ പോകാനുള്ള ഒരു വഴി ആയാണ് ഈ ചെവി വേദന കൊണ്ട് നടക്കുന്നത്. ഇപ്പൊ ദേ ഒരു സുവര്‍ണാവസരം വീണു കിട്ടിയിരിക്കുന്നു. അപ്പനോട് ചെവി വേദനയാണ് എന്ന് പറഞ്ഞ് വീട്ടില്‍ പോയി. പിറ്റേന്ന് പരീക്ഷയാണ്. ആദ്യത്തെ ചോദ്യത്തിന്‍റെ ഉത്തരമെഴുതിക്കൊണ്ടിരുന്ന നമ്മുടെ സഖാവിനെ ഒരു സാറ് വിളിക്കുന്നു. പിന്നീട് എന്ത് നടന്നു എന്നത് സഖാവിന് ഓര്‍മയില്ല. ഷര്‍ട്ട് കീറുകയും കുടുക്ക് പൊട്ടുകയും ചെയ്തു എന്നത് മാത്രം മനസ്സിലായി. മറ്റു ക്ലാസ്സുകളില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന എല്ലാ കുറ്റാരോപിതരേയും ഹാജരാക്കിയിട്ടുണ്ട്. പിന്നീടങ്ങോട്ട് തൃശ്ശൂര്‍പൂരമായിരുന്നു. സംഭവിച്ചതെന്താണെന്ന് വച്ചാല്‍. നമ്മുടെ വര്‍ക്കിപ്പയ്യന്‍ വീട്ടില്‍ പോയ ശേഷം, തന്‍റെ ചെവി വേദനയ്ക്ക് കാരണം തലേന്ന് നടന്ന ക്രൂരപീഡനമാണ് എന്ന സത്യം ബോധിപ്പിച്ചു. അവനെ പരിശോധിച്ച ഡോക്ടര്‍ അവന്‍റെ ന്യൂറോപ്ലസ്മിക്ഒബ്ലോങ്കട്ട (മലയാളത്തില്‍ ചെവിക്കല്ല് എന്ന് പറയും) എന്ന സാധനം ഫ്യൂസായി എന്ന ദുഃഖസത്യം കണ്ടു പിടിക്കുകയും ചെയ്തു. അവന് ഇനി ചെവി കേള്‍ക്കുമോ എന്ന കാര്യം സംശയമാണ്. ടിയാനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഈ വിവരം മൊത്തം അവന്‍റെ പിതാവ് ഹൗസ് മാസ്റ്ററെ ഫോണ്‍ വിളിച്ച് അറിയിച്ചതിന്‍റെ അനന്തരഫലമായാണ് തൃശൂര്‍ പൂരം സമയം തെറ്റിച്ച് അരങ്ങേറിയത്. സംഭവത്തെ കുറിച്ച് നല്ല ധാരണ കിട്ടാന്‍ വേണ്ടി ഹൗസ് മാസ്റ്റര്‍മാര്‍ പീഡനത്തിന് ഇരയായ എല്ലാ പാവം മൂരാച്ചികളെയും കൊണ്ട് സംഭവവിവരണം എഴുതിച്ചിരുന്നു. അതില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രതികള്‍ക്കും റേഷന്‍ അനുവദിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ റേഷന്‍ അനുവദിച്ചിരിക്കുന്നവരില്‍ സഖാവ് രാജപ്പനും ഉണ്ട്. എല്ലാവരും തരിച്ചു നിന്നു. സംഭവസമയത്ത് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും തേരാപാരാ നടന്നിരുന്ന മേല്‍പ്പറഞ്ഞ സഖാവിന് ഈ ഗതി വരാന്‍ കാരണമെന്ത്. അത് ഒരു ഫ്ലാഷ് ബാക്ക് ആണ്. വിചാരണ നടക്കുന്ന സമയത്ത് സഖാവ് പാട്ടുകേള്‍ക്കാന്‍ വേണ്ടി എഫ് എം റേഡിയോക്ക് റേഞ്ച് പിടിക്കാന്‍ നടക്കുകയായിരുന്നു. ചെറിയ റേഡിയോയുടെ ആന്റിന പോയതോ മറ്റോ ആണ്. തത്സ്ഥാനത്ത് ഒരു ചെറിയ ചെമ്പ് കമ്പി പിടിപ്പിച്ചിട്ടുണ്ട് ( ഈ മുടിനാരിഴ വലിപ്പമുള്ള വയര്‍ ഇല്ലേ അത്). അങ്ങനെ നടക്കുന്ന സമയത്ത് കയ്യില്‍ കിട്ടിയ ഒരുത്തനോട് എന്തിനാടാ കംപ്ലയിന്റ്റ് ചെയ്തത് എന്ന് ചോദിച്ചുകൊണ്ട് തമാശമട്ടില്‍ ആ ചെറിയ വയര്‍ കൊണ്ട് തല്ലുന്ന പോലെ കാണിച്ചു. എന്നിട്ട് സ്വന്തം കാര്യത്തിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ സംഭവവിവരണം എഴുതിയത് എന്താണെന്ന് കേള്‍ക്കണോ ?
എന്നെ രാജപ്പന്‍ ചേട്ടന്‍ കമ്പി വച്ചടിച്ചു.!!!!!!!!!!!!!!!
പോരെ പൂരം. വായിച്ചവര്‍ എന്ത് കരുതി ?
ഒരു സ്കൂറാണിയുടെ വലിപ്പം ഉള്ള കുഞ്ഞു മൂരാച്ചിയെ ദുഷ്ടനായ സഖാവ് ഇരുമ്പുകമ്പി കൊണ്ട് ദയാദാക്ഷിണ്യമില്ലാതെ മര്‍ദ്ദിച്ചിരിക്കുന്നു!!!!!!
ഇപ്പൊ മനസ്സിലായോ സഖാവിന് റേഷന്‍ കൂടുതല്‍ അനുവദിക്കാന്‍ കാരണം ?
പാവം സഖാവ്. പാര്‍ടിക്കൊരു രക്തസാക്ഷികൂടി.
കലാപരിപാടികള്‍ക്ക് ശേഷം സസ്പെന്‍ഷന്‍ ഉത്തരവുകള്‍ എല്ലാവരും സുസ്മേരവദരരായി സ്വീകരിച്ചു. സഖാവ് കുട്ടപ്പന് ഒരാഴ്ചയും. മറ്റുള്ളവര്‍ക്ക് നാല് ദിവസവും. എല്ലാവരും സന്തോഷപൂര്‍വ്വം വീട്ടില്‍ പോയി. പാവം സഖാവ് കുട്ടപ്പന്‍. പുള്ളിയുടെ വീട്ടില്‍ നിന്നും അന്ന് ആരും വന്നില്ല. പിറ്റേ ദിവസം ആളു വന്ന് കൊണ്ടുപോകും വരെ സഖാവിന് രണ്ട് ബോഡിഗാര്‍ഡുകളെ നിയമിച്ചിരുന്നു. എന്തിനാണെന്നല്ലേ ? സഖാവ് ആത്മഹത്യയെങ്ങാനും ചെയ്യുമോ എന്ന പേടി (ഉം കൊന്നാല്‍ ചാവാത്ത സാധനമാണ്, പിന്നെയാ ആത്മഹത്യ. പഷ്ട് സംശയം). അങ്ങനെ ആ അദ്ധ്യായവും കഴിഞ്ഞു.
ഞാന്‍ മറന്നു. ഒരാളെക്കൂടി പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. സഖാവ് K.K. രാജുമോന്‍. രാജുമോന്‍ ഇപ്പോള്‍ സാഡിസ്റ്റ് രാജുമോനാണ്. ഏതോ ഒരു ബുക്ക് വാങ്ങിക്കാന്‍ വേണ്ടി സംഭവസ്ഥലത്ത് എത്തിപ്പെട്ടതാണ് കക്ഷി. താമസം വേറെ ഹോസ്റ്റലില്‍ ആണ്. ജനലിലൂടെ കുറച്ചു നേരം നോക്കി നിന്നശേഷം പുസ്തകം വാങ്ങിച്ച് സ്ഥലം വിടുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവരുടെ പേരുകള്‍ എഴുതിയ കൂട്ടത്തില്‍ ഇദ്ദേഹത്തിന്‍റെ പേരും ഏതോ മൂരാച്ചി എഴുതിപ്പിടിപ്പിച്ചു. പക്ഷെ FIRല്‍ ചേര്‍ക്കാന്‍ പ്രത്യേകിച്ച് ആരോപണങ്ങളൊന്നും കിട്ടിയില്ല. ആയതിനാല്‍ പുള്ളിയെ സാഡിസ്റ്റ് എന്ന് മുദ്രകുത്തി വിചാരണ ചെയ്തു. പിഞ്ചു പൈതങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നത് നോക്കിനിന്നാസ്വാദിച്ച ശിലാഹൃദയന്‍. അവനും കിട്ടി തൃശ്ശൂര്‍ പൂരത്തില്‍ ബാക്കി വന്ന ഓലപ്പടക്കവും മറ്റും. ഒരു ചെറിയ രക്തസാക്ഷിയെക്കൂടി പാര്‍ടിക്ക് കിട്ടി. ആ സംഭവം തീര്‍ന്നു. കുറച്ചു കാലത്തേക്ക് സീനിയര്‍ ജൂനിയര്‍ ബന്ധത്തില്‍ ഒരു അടിയന്തിരാവസ്ഥ ടച്ച് ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാം പഴയപടിയായി.
വാല്‍ക്കഷ്ണം: സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ സഖാവ് കുട്ടപ്പന്‍ വര്‍ക്കിച്ചെക്കനെ കണ്‍കുളിര്‍ക്കെ കാണാന്‍ വേണ്ടി അന്വേഷിച്ചു നടന്നപ്പോഴാണ് ആ വിവരം അറിയുന്നത്. വര്‍ക്കിയും മറ്റു മൂരാച്ചികളും കൂടി വീഗാലാന്‍ഡിലേക്ക് ടൂര്‍ പോയിരിക്കുന്നു!!!. അപ്പൊ വര്‍ക്കിയുടെ മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്യപ്പെട്ട ന്യൂറോപ്ലസ്മിക്ഒബ്ലോങ്കട്ട എവിടെ ? ആ ആര്‍ക്കറിയാം. കഥകഴിഞ്ഞില്ലേ. ഇനി എന്തിന് അതന്വേഷിക്കണം അല്ലേ ????????????
Disclaimer : ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവനുള്ളതോ അല്ലാത്തതോ ആയ ജീവികളോട് സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും മാധ്യമ സൃഷ്ടി മാത്രമാണ്.
കടപ്പാട് : മെഡിക്കലിന് പഠിച്ചു ഫ്യൂസായ തന്‍റെ ബ്രയിനില്‍ നിന്നും കഥ എക്സ്ട്രാക്‌റ്റ് ചെയ്തെടുത്ത് ലേഖകന് വിശദമായി പറഞ്ഞുതന്ന സഖാവ് കുട്ടപ്പനോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊള്ളുന്നു.
കഥകഴിഞ്ഞില്ലേ. ഇനി എന്തിന് അതന്വേഷിക്കണം അല്ലേ ??
ReplyDeleteഞങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് ഇത്തരം കഥകള്‍ .. പിന്നീടൊരിക്കല്‍ എഴുതാം. അമ്ജിത് ഭായ്.. നമ്മുടെ ആ പുസ്തക റൈഡ് ഒന്ന് സൂക്ഷ്മം ആയി അവതരിപ്പിക്കാമോ.. അല്ലെങ്ങില്‍ നവോദയയിലെ ആദ്യ ആസ്ഥാന സമരം..എല്ലാവരും വായികട്ടെന്നെ..
Mr. Sadiq Ali has already published an interesting essay on book raid.
ReplyDeletehttp://blog.sdqali.in/2008/11/jnv-stories-adult-magazines-and-my.html
ഓ കെ .. സാരമില്ല എന്റെ ഭാഗത്ത് നിന്ന് ഞാന്‍ എങ്ങനെ നോക്കി കാണുന്നു എന്നത് ഞാന്‍ എഴുതികൊളാം. എന്തായാലും തങ്ങള്‍ എഴുതാത്ത സ്ഥിതിക്ക് ഞാന്‍ ഒരു കൈ നോക്കട്ടെ..പ്രണയത്തെ കുറിച്ച് പണ്ട് കാളിദാസനും കുമാരന്‍ ആശാനും എഴുതിയെന്നു വെച്ച് പിന്നീടാരും എഴുതാണ്ടിരുന്നിട്ടില്ലലോ.. ഹി ഹി ഈ ഞാന്‍ പോലും എഴുതിയിട്ടുണ്ട്..
ReplyDelete"അല്ലെങ്ങില്‍ നവോദയയിലെ ആദ്യ ആസ്ഥാന സമരം..എല്ലാവരും വായികട്ടെന്നെ.. "
ReplyDeleteWas there a strike in Navodaya??
da nammude UP yaathra eszuthanam...
ReplyDelete